ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുമോ? ട്രംപിന്റെ സമാധാന നിർദേശത്തിൽ ഇറാന്റെ നിർണായക മറുപടി ഇന്ന്

ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുമോ? ട്രംപിന്റെ സമാധാന നിർദേശത്തിൽ ഇറാന്റെ നിർണായക മറുപടി ഇന്ന്


വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നോട്ടുവച്ച സമാധാന നിർദേശത്തിന് ഇറാൻ ഇന്ന് മറുപടി നൽകും. യുദ്ധാവസ്ഥ അവസാനിപ്പിക്കാനും ഹോർമുസ് കടലിടുക്ക് വഴി ആഗോള കപ്പൽഗതാഗതം പുനരാരംഭിക്കാനുമുള്ള നിർദേശമാണ് അമേരിക്ക മുന്നോട്ടുവച്ചിരിക്കുന്നത്. ചർച്ചകൾ പരാജയപ്പെട്ടാൽ ഇറാനെതിരെ കൂടുതൽ ശക്തമായ സൈനിക നടപടി ഉണ്ടാകുമെന്ന് ട്രംപ് മുന്നറിയിപ്പും നൽകി.

ഒരു പേജുള്ള കരാർ രൂപരേഖയാണ് അമേരിക്ക ഇറാനു കൈമാറിയത്. ഇതനുസരിച്ച് നിലവിലെ സംഘർഷം അവസാനിപ്പിച്ച് അടുത്ത 30 ദിവസത്തിനുള്ളിൽ ഇറാന്റെ ആണവ പദ്ധതി, ഹോർമുസ് കടലിടുക്കിലെ നിയന്ത്രണം തുടങ്ങിയ പ്രധാന വിഷയങ്ങളിൽ വിശദമായ ചർച്ചകൾ നടത്താനാണ് ലക്ഷ്യം. കടലിടുക്ക് വീണ്ടും തുറന്നാൽ ആഗോള എണ്ണവാണിജ്യ ഗതാഗതത്തിന് വലിയ ആശ്വാസമാകുമെന്നാണു വിലയിരുത്തൽ.

എന്നാൽ ചർച്ചകൾ പുരോഗമിക്കുമ്പോഴും ഹോർമുസ് കടലിടുക്കിൽ ഇറാൻ നിയന്ത്രണം ശക്തമാക്കുകയാണ്. കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തിന് മേൽനോട്ടം വഹിക്കാൻ പുതിയ ഭരണസംവിധാനം രൂപീകരിച്ചതായി തെഹ്‌റാൻ പ്രഖ്യാപിച്ചു. ഇതോടെ മേഖലയിൽ സംഘർഷ സാധ്യത തുടരുകയാണെന്ന ആശങ്കയും ഉയരുന്നു.

ഇതിനിടെ, ഹോർമുസ് കടലിടുക്കിൽ ദക്ഷിണ കൊറിയൻ ചരക്കുകപ്പലിൽ ഉണ്ടായ സ്‌ഫോടനത്തിനും തീപിടിത്തത്തിനും പിന്നിൽ ഇറാനാണെന്ന ആരോപണം ടെഹ്‌റാൻ നിഷേധിച്ചു. അതേസമയം, അമേരിക്കൻ രഹസ്യാന്വേഷണ ഡ്രോൺ വെടിവെച്ച് വീഴ്ത്തിയെന്ന അവകാശവാദവും ഇറാൻ ഉന്നയിച്ചു. എന്നാൽ വെടിനിർത്തൽ ധാരണ ഇപ്പോഴും നിലനിൽക്കുന്നുവെന്നാണു വൈറ്റ് ഹൗസിന്റെ വിശദീകരണം.