ദോഹ: യു എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ ഖത്തര്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി ഖത്തര്‍ എയര്‍വെയ്‌സ് ബോയിംഗുമായി ഒപ്പുവെച്ചത് 210 വിമാനങ്ങളുടെ കരാര്‍. ചരിത്രത്തിലെ ഏറ്റവും വലിയ വിമാന ഓര്‍ഡറാണ് ഖത്തര്‍ എയര്‍വെയ്‌സ് ബോയിംഗിന് നല്‍കിയത്.
അമേരിക്കന്‍ എയ്‌റോസ്‌പേസ് കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വൈഡ്ബോഡി ഓര്‍ഡറും ഏറ്റവും വലിയ 787 ഡ്രീംലൈനര്‍ ഓര്‍ഡറും ഇതില്‍ ഉള്‍പ്പെടുന്നു.
ഖത്തര്‍ എയര്‍വേയ്‌സിനെ സ്‌കൈട്രാക്‌സ് ലോകത്തിലെ ഏറ്റവും മികച്ച എയര്‍ലൈനായി എട്ട് തവണ തെരഞ്ഞെടുത്തിട്ടുണ്ട്.
ബോയിംഗുമായുള്ള കരാറും ബോയിംഗിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വൈഡ്‌ബോഡി വിമാന ഓര്‍ഡറിലും തങ്ങളുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിമാന ഓര്‍ഡറിലുമുള്ള പങ്കാളിത്തവും പ്രഖ്യാപിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് ഖത്തര്‍ എയര്‍വേയ്‌സ് ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ എഞ്ചിനീയര്‍ ബദര്‍ മുഹമ്മദ് അല്‍ മീര്‍ പറഞ്ഞു.
ബുധനാഴ്ച വൈകിട്ട് ഖത്തറിലെത്തിയ ട്രംപ് സന്ദര്‍ശനം പൂര്‍ത്തിയാക്കി വ്യാഴാഴ്ച വൈകുന്നേരത്തോടെ മടങ്ങി. അല്‍ ഉദൈദ് വ്യോമതാവളത്തില്‍ ട്രംപിനെ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി യാത്രയയച്ചു.