കൂടുതൽ കുട്ടികളെ ജനിപ്പിക്കൂ; ജനസംഖ്യ വർധിപ്പിക്കാൻ ദമ്പതികൾക്ക് സബ്‌സിഡിയും ആനുകൂല്യങ്ങളും പ്രഖ്യാപിച്ച് ചൈന

കൂടുതൽ കുട്ടികളെ ജനിപ്പിക്കൂ; ജനസംഖ്യ വർധിപ്പിക്കാൻ ദമ്പതികൾക്ക് സബ്‌സിഡിയും ആനുകൂല്യങ്ങളും പ്രഖ്യാപിച്ച് ചൈന


ബീജിംഗ്: ലോകത്ത് അതിവേഗം വളരുന്ന രാജ്യമെന്ന കീർത്തി ചൈനയ്ക്ക് നഷ്ടപ്പെട്ടിട്ട് വർഷങ്ങളായി. കൊവിഡിനു ശേഷം ഇതുവരെ ഒരു തിരിച്ചുവരവ് കാഴ്ചവയ്ക്കാൻ ചൈനയ്ക്കു സാധിച്ചിട്ടില്ല. തുടർച്ചയായി ഉത്തേജക നടപടികൾ പ്രഖ്യാപിച്ചിട്ടും സർക്കാർ നീക്കങ്ങൾ ഫലം കാണുന്നില്ല. ഇതിനു പ്രധാന കാരണങ്ങളിൽ ഒന്ന് അദ്ധ്വാനശേഷിയുള്ള ജനസംഖ്യയാണെന്നു പലരും കരുതപ്പെടുന്നു. രാജ്യത്ത് വർക്കിംഗ് ക്ലാസ് കൂടുതലുണ്ടായിരുന്ന സമയമായിരുന്നു ചൈന തിളങ്ങിയത്. നിലവിൽ ഈ കാലഘട്ടം കടന്നപോയിരിക്കുന്നു.

ചൈനയുടെ ജനനനിരക്ക് ക്രമാനുഗതമായി കുറയുന്നുവെന്നാണ് പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇതോടെ കൂടുതൽ കുട്ടികളുണ്ടാകാൻ കുടുംബങ്ങളെ പ്രോത്സാഹിപ്പിക്കാനുള്ള നടപടികളിലേയ്ക്കു കടന്നിരിക്കുകയാണ് അധികൃതർ. ഇതിന്റെ ഭാഗമായി സ്റ്റേറ്റ് കൗൺസിൽ ഓഫ് ചൈന അടുത്തിടെ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കിയിരുന്നു. വർധിക്കുന്ന ജീവിതച്ചെലവാണ് കുടുംബസംഖ്യ പരിമിതപ്പെടുത്താൻ ആളുകളെ നിർബന്ധിക്കുന്നതെന്നാണ് കണ്ടെത്തൽ.

അതിനാൽ ആളുകളുടെ കൈയ്യിൽ പണമെത്തിക്കാനുള്ള നടപടികളാണ് സർക്കാർ ആലോചിക്കുന്നത്. പ്രസവത്തിനു സബ്‌സിഡികൾ, ഒന്നിലധികം കുട്ടികളുള്ള കുടുംബങ്ങൾക്ക് നികുതി ഇളവ് തുടങ്ങി വമ്പൻ പ്രഖ്യാപനങ്ങളാണ് വരുന്നത്. ജനന നിരക്ക് വർദ്ധിപ്പിക്കുന്നതിന് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനാണ് ഈ നയങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. കുട്ടികളുടെ എണ്ണം വർധിക്കുന്നതിന് അനുസരിച്ച് ആനുകൂല്യങ്ങളും വർധിക്കുമെന്നു റിപ്പോർട്ട് പറയുന്നു.

സംസ്ഥാന കൗൺസിൽ 13 പ്രധാന പോയിന്റുകളിൽ ഉന്നിയാണ് പുതിയ നയം രൂപപ്പെടുത്തിയിരിക്കുന്നത്. ശിശുസംരക്ഷണ സേവനങ്ങൾ, വിദ്യാഭ്യാസം, പാർപ്പിടം, തൊഴിൽ സഹായം, പ്രസവ സഹായം എന്നിവയാണ് ഇതിൽ പ്രധാനം. കുട്ടികളെ വളർത്തുന്നതിനുള്ള സാമൂഹിക അന്തരീക്ഷം സൃഷ്ടിക്കാനും, പ്രോത്സാഹിപ്പിക്കാനും ഗവൺമെന്റ് ലക്ഷ്യമിടുന്നു. ഇതിൽ പ്രധാനം പ്രസവ സബ്‌സിഡി സമ്പ്രദായം മെച്ചപ്പെടുത്തുന്നതാണ്.

വിവാഹത്തിനും, രക്ഷാകർതൃത്വത്തിനും ഒരു പുതിയ സാംസ്‌കാരിക സമീപനം കൗൺസിൽ വാദിക്കുന്നു. ഉചിതമായ പ്രായത്തിൽ വിവാഹത്തിന്റെ പ്രാധാന്യം ഊന്നിപ്പറയുകയും, മാതാപിതാക്കളുടെ ഉത്തരവാദിത്തങ്ങൾ പങ്കിടുകയും ചെയ്യുന്നതാണ് ഇത്. മെച്ചപ്പെട്ട മെറ്റേണിറ്റി ആനുകൂല്യങ്ങൾ, വിപുലീകൃത പ്രസവാവധി, സബ്‌സിഡികൾ, കുട്ടികൾക്കുള്ള മെച്ചപ്പെട്ട ആരോഗ്യ സേവനങ്ങൾ എന്നിവ പദ്ധതിയുടെ ഭാഗമാണ്.

ശിശു സംരക്ഷണ കേന്ദ്രങ്ങൾക്കായി ബജറ്റ് വകയിരുത്താനും സർക്കാർ ആലോചിക്കുന്നു. കൂടാതെ രക്ഷകർത്താർക്ക് നികുതി ഇളവ് നൽകാനും പ്രാദേശിക സർക്കാരുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോർട്ടുകൾ പ്രകാരം നിലവിൽ ചൈനയുടെ ജനസംഖ്യ 1.4 ബില്യൺ ആണ്. കഴിഞ്ഞ വർഷം ജനനനിരക്ക് റെക്കോഡ് താഴ്ച കണ്ടിരുന്നു. ജനസംഖ്യയിൽ അധികവും നിലവിൽ പ്രായമായവർ ആണ്. ഇതാണ് ആശങ്കയ്ക്കു കാരണം.

2023 ലെ കണക്കു പ്രകാരം, ചൈനയിലെ ഏകദേശം 300 ദശലക്ഷം ആളുകൾ 60 വയസോ, അതിൽ കൂടുതലോ പ്രായമുള്ളവരാണ്. മൊത്തം ജനസംഖ്യയുടെ 21.1 ശതമാനം വരുമിത്. മുൻ വർഷം ഇത് 280 ദശലക്ഷം ആയിരുന്നു. ഓരോ വർഷം കഴിയുന്തോറും 60 വയസിനു മുകളിൽ പ്രായമുള്ളവരുടെ അനുപാതം വർധിക്കുന്നുവെന്നാണ് വിവരം