ഇസ്ലാമാബാദ്: വിവാദമായ 27-ാം ഭരണഘടനാഭേദഗതി നിയമമായി പ്രാബല്യത്തില്‍ വന്നു മണിക്കൂറുകള്‍ക്കകം പാക്കിസ്ഥാന്‍ സുപ്രിം കോടതിയിലെ രണ്ടു ജഡ്്ജിമാര്‍ രാജിവെച്ചു. ജസ്റ്റിസ് മന്‍സൂര്‍ അലി ഷായും ജസ്റ്റിസ് അഥര്‍ മിനല്ലാഹുമാണ് രാജി സമര്‍പ്പിച്ചത്.
പ്രസിഡണ്ട് ആസിഫ് അലി സര്‍ദാരി ഭേദഗതി ബില്ലിന് ഒപ്പുവെച്ചതോടെയാണ് ഇത് നിയമമായത്. സെനറ്റ് പാസാക്കിയ ബില്‍ ദേശീയ അസംബ്ലിയില്‍ കടുത്ത പ്രതിപക്ഷ പ്രതിഷേധങ്ങള്‍ക്കിടയിലാണ് അംഗീകരിച്ചത്.
പുതിയ നിയമപ്രകാരം രൂപീകരിക്കുന്ന ഫെഡറല്‍ കോണ്‍സ്റ്റിറ്റിയൂഷണല്‍ കോടതി (എഫ് സി സി) സുപ്രിം കോടതിയെ മറികടക്കുന്ന വിധത്തില്‍ അധികാരങ്ങളുള്ള ഒരു പുതിയ നീതിപീഠമായിരിക്കും. ഭരണഘടനാ, സൈനിക, ദേശീയ സുരക്ഷാ വിഷയങ്ങളുമായി ബന്ധപ്പെട്ട എല്ലാ കേസുകളും ഇനി ഈ കോടതിയാണ് പരിഗണിക്കുക. ഇതിലൂടെ സായുധസേനയെയോ ദേശീയ പ്രതിരോധവുമായി ബന്ധപ്പെട്ട തീരുമാനങ്ങളെയോ പരിശോധിക്കാനോ ചോദ്യം ചെയ്യാനോ ഉള്ള സുപ്രിം കോടതിയുടെ അധികാരം ഇല്ലാതാവും.
രണ്ട് ജഡ്ജിമാരും പാക്കിസ്ഥാന്‍ ചീഫ് ജസ്റ്റിസ് യഹ്യ അഫ്രിദിയ്ക്ക് അയച്ച കത്തില്‍ 27-ാം ഭരണഘടനാഭേദഗതി സംബന്ധിച്ച് ഒരു പൂര്‍ണ്ണ ബെഞ്ച് യോഗവും ന്യായാധിപരംഗ സമ്മേളനവും വിളിക്കണമെന്ന് ആവശ്യപ്പെട്ടു.
ജസ്റ്റിസ് മന്‍സൂര്‍ അലി ഷാ തന്റെ രാജിക്കത്തില്‍ ഈ ഭേദഗതിയെ 'പാക്കിസ്ഥാന്‍ ഭരണഘടനയ്ക്കെതിരായ ഗുരുതരമായ ആക്രമണം' എന്നാണ് വിളിച്ചത്. ഇത് സുപ്രിം കോടതിയെ അസ്ഥിരപ്പെടുത്തുകയും നീതിന്യായ സംവിധാനത്തെ ഭരണനിര്‍വഹണ നിയന്ത്രണത്തിന് കീഴ്‌പ്പെടുത്തുകയും നമ്മുടെ ഭരണഘടനാപരമായ ജനാധിപത്യത്തിന്റെ മധ്യകേന്ദ്രത്തെ തന്നെ തകര്‍ക്കുകയും ചെയ്യുന്നു എന്ന് അദ്ദേഹം രേഖപ്പെടുത്തി.
രാജ്യത്തെ പരമോന്നത നീതിപീഠത്തിന്റെ ഐക്യം തകര്‍ത്തതിലൂടെ നീതിന്യായ സ്വാതന്ത്ര്യവും അഴിമതിയില്ലായ്മയും നിലംപൊത്തിക്കഴിഞ്ഞുവെന്നും ഇതോടെ പാക്കിസ്ഥാന്‍ പതിറ്റാണ്ടുകള്‍ക്ക് പിന്നിലായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജസ്റ്റിസ് അഥര്‍ മിനല്ലാഹ് തന്റെ കത്തില്‍ എഴുതിയത്
ഞാന്‍ പ്രതിജ്ഞ ചെയ്ത ഭരണഘടന ഇനി നിലനില്‍ക്കുന്നില്ലെന്നും അതിന്റെ ശവപ്പുരയ്ക്കു മുകളില്‍ പുതിയ അടിസ്ഥാനങ്ങള്‍ പണിയപ്പെടുമ്പോള്‍ അത് പഴയ ഭരണഘടനയുടെ ആത്മാവിലോ ജനങ്ങളുടെ വാക്കുകളിലോ ആധാരപ്പെടുന്നില്ലെന്നുമായിരുന്നു. ഇപ്പോള്‍ അവശേഷിക്കുന്നത് അതിന്റെ ഒരു നിഴല്‍ മാത്രമാണെന്നും അതിന് ആത്മാവുമില്ല, ജനങ്ങളുടെ ശബ്ദവും ഇല്ല എന്നും അദ്ദേഹം തന്റെ കത്ത് അവസാനിപ്പിച്ചുകൊണ്ട് എഴുതി.
