ഉഭയകക്ഷി ബന്ധത്തില്‍ പ്രതിസന്ധിയുണ്ടെങ്കിലും യോഗാദിനം ആഘോഷിച്ച് ചൈന

ഉഭയകക്ഷി ബന്ധത്തില്‍ പ്രതിസന്ധിയുണ്ടെങ്കിലും യോഗാദിനം ആഘോഷിച്ച് ചൈന


ബീജിംഗ്: കിഴക്കന്‍ ലഡാക്കിലെ സൈനിക നീക്കങ്ങളെ തുടര്‍ന്ന് 2020 മുതല്‍ ഇന്ത്യയുമായി ഉഭയകക്ഷി ബന്ധത്തില്‍ പ്രതിസന്ധികളുണ്ടെങ്കിലും പത്താം അന്താരാഷ്ട്ര യോഗ ദിനം ആഘോഷിച്ച് ചൈന.  ഇന്ത്യയുടെ ശാരീരികവും ആത്മീയവുമായ പരിശീലന പ്രക്രിയയോട് തങ്ങളുടെ അഭിനിവേശവും വൈദഗ്ധ്യവും പ്രകടിപ്പിച്ചാണ് ചൈനയില്‍ നൂറുകണക്കിന് യോഗ പ്രേമികള്‍ ശനിയാഴ്ച അ്താരാഷ്ട്ര ദിനത്തെ വരവേറ്റത്. 

ചൈനയില്‍ ഓരോ വര്‍ഷവും വിവിധ നഗരങ്ങളില്‍ അന്താരാഷ്ട്ര യോഗ ദിനത്തില്‍ ഔദ്യോഗികവും അനൗദ്യോഗികവുമായ പരിപാടികളില്‍ പങ്കെടുക്കുന്ന യുവാക്കള്‍ ഉള്‍പ്പെടെയുള്ള യോഗ പരിശീലകരുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. 

ശനിയാഴ്ച ബീജിംഗിലെ ഇന്ത്യന്‍ എംബസി നടത്തിയ രണ്ട് മണിക്കൂര്‍ നീണ്ട പരിപാടിയില്‍ ആയിരത്തോളം പേരാണ് പങ്കെടുത്തത്. വാരാന്ത്യ അവധിയോട് അനുബന്ധിച്ച് അന്താരാഷ്ട്ര യോഗ ദിനത്തിന് ഒരു ദിവസത്തിന് ശേഷമാണ് പരിപാടി സംഘടിപ്പിച്ചത്.

ചൈനയിലെ ഇന്ത്യന്‍ അംബാസഡര്‍ പ്രദീപ് കുമാര്‍ റാവത്ത്, അദ്ദേഹത്തിന്റെ ഭാര്യ ശ്രുതി റാവത്ത്, ഡെപ്യൂട്ടി അംബാസഡര്‍ അഭിഷേക് ശുക്ല, എംബസി ഉദ്യോഗസ്ഥര്‍ എന്നിവര്‍ പഴയ എംബസി വളപ്പില്‍ നടന്ന പ്രത്യേക പരിപാടിയില്‍ നിരവധി യോഗ പരിശീലകര്‍ക്കൊപ്പം പങ്കെടുത്തു.

ഇന്ത്യയുടെ ആരോഗ്യ പാരമ്പര്യങ്ങളുടെ വിവിധ വശങ്ങള്‍ പരിപാടിയില്‍ ഉണ്ടായിരുന്നു. എംബസിയിലെ ഇന്ത്യന്‍ സംസ്‌കാരത്തിന്റെ അധ്യാപകനായ മാസ്റ്റര്‍ ലോകേഷ് ശര്‍മ്മ കോമണ്‍ യോഗ പ്രോട്ടോക്കോള്‍ നയിച്ചപ്പോള്‍ പൂനെയിലെ കൈവല്യധാമ യോഗ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ധ്യാന വിദഗ്ധനായ ഡോ. ആര്‍ എസ് ഭോഗലിന്റെ ധ്യാനത്തെക്കുറിച്ചുള്ള പ്രത്യേക സെഷനുകളും ഉണ്ടായിരുന്നു.

യോഗിയോഗ, വീ യോഗ, ഓം ശിവ യോഗ, ഹേമന്ത് യോഗ എന്നീ നാല് സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.

'അഷ്ടാവക്രാസന' പരീക്ഷണം സെഷനില്‍ പങ്കെടുക്കുന്നവര്‍ക്ക് വെല്ലുവിളികള്‍ സൃഷ്ടിച്ചെങ്കിലും കൗതുകകരമായിരുന്നു. 

യോഗയുടെയും ധ്യാനത്തിന്റെയും ഘടകങ്ങള്‍ സമന്വയിപ്പിച്ചുകൊണ്ട് എന്‍ കെ സിങ്ങിന്റെ കീര്‍ത്തനവും സോഹിനി കാരന്തിന്റെ കഥക് പ്രകടനവും ചടങ്ങില്‍ ഉള്‍പ്പെടുന്നു.

നൂറുകണക്കിന് ഇന്ത്യന്‍ വ്യവസായികള്‍ അധിവസിക്കുന്ന ആഗോള ചരക്ക് വിപണിയായ കിഴക്കന്‍ നഗരമായ യിവുവിന് പുറമെ ഷാങ്ഹായിലും ഗ്വാങ്ഷൂവിലുമുള്ള ഇന്ത്യന്‍ കോണ്‍സുലേറ്റുകളും വലിയ യോഗ പരിപാടികള്‍ സംഘടിപ്പിച്ചു.

എംബസി നടത്തുന്ന യോഗ പരിപാടികളില്‍ ചൈനീസ് പങ്കാളികള്‍ക്ക് കൂടുതല്‍ താത്പര്യമുണ്ടെന്ന് ഇന്ത്യന്‍ എംബസിയുടെ ഫസ്റ്റ് സെക്രട്ടറിയും സാംസ്‌ക്കാരിക വിഭാഗം ഇന്‍ചാര്‍ജുമായ ടി എസ് വിവേകാനന്ദന്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം അന്താരാഷ്ട്ര യോഗ ദിനത്തില്‍ 270-ലധികം ആളുകള്‍ പങ്കെടുത്തപ്പോള്‍, ഈ വര്‍ഷം ആയിരത്തോളം പേരാണ് പങ്കെടുത്തത്.

ഈ വര്‍ഷം മാര്‍ച്ചില്‍ എംബസി നടത്തിയ വസന്തമേള പരിപാടിയില്‍ 4,500-ലധികം പേര്‍ പങ്കെടുത്തു. ഇത് ഇന്ത്യന്‍ സംസ്‌കാരത്തിലും ഭക്ഷണത്തിലും യോഗയിലും വര്‍ധിച്ചുവരുന്ന താത്പര്യമാണ് പ്രകടിപ്പിക്കുന്നത്. 

മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ചൈനയിലെ യോഗയുടെ ജനപ്രീതിയില്‍ ഗുണപരമായ വ്യത്യാസമുണ്ടെന്ന് ചൈനയിലെ മുതിര്‍ന്ന യോഗ അധ്യാപകര്‍ പറയുന്നു.

ചൈനയിലെ യോഗ സംസ്‌കാരത്തിന്റെ പ്രത്യേകത 20- 25 വയസ് പ്രായമുള്ള യുവാക്കള്‍ക്കിടയില്‍ അതിന്റെ ജനപ്രീതിയാണെന്ന് യോഗിയോഗ ഇന്‍സ്റ്റിറ്റ്യൂട്ടിലെ റിസര്‍ച്ച് ഡയറക്ടര്‍ മോഹന്‍ ഭണ്ഡാരി പറഞ്ഞു.

30 വയസ്സിനു ശേഷവും യോഗ പരിശീലനത്തിന് പലരും താത്പര്യം പ്രകടിപ്പിക്കുന്നതും മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് യുവാക്കള്‍ വന്‍തോതില്‍ യോഗയില്‍ പങ്കെടുക്കുന്നതും ചൈനയിലാണ്. 

ഇന്ത്യയിലെ ഋഷികേശ് സ്വദേശിയായ ഭണ്ഡാരിയാണ്  ചൈനീസ് ഭാര്യ യിന്‍ യാനുമായി ചേര്‍ന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് യോഗിയോഗ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചത്. ഇന്‍സ്റ്റിറ്റ്യൂട്ടിന് നിരവധി ചൈനീസ് നഗരങ്ങളില്‍ കേന്ദ്രങ്ങളുണ്ട് കൂടാതെ യോഗ ഹീലിംഗ് ഉള്‍പ്പെടെയുള്ള പരിശീലന പരിപാടികളും നടത്തുന്നുണ്ട്. 

ഇതിനകം തന്നെ യോഗാഭ്യാസം സ്വീകരിച്ച യുവാക്കള്‍ ചൈനയില്‍ തങ്ങളുടെ കുട്ടികള്‍ക്ക് ഈ പരിശീലനം പരിചയപ്പെടുത്തുന്നുണ്ട്. അതുകൊണ്ടുതന്നെ അടുത്ത തലമുറ യോഗ അധ്യാപകരെ ചൈനയില്‍ നിന്ന് ലഭ്യമാകുമെന്ന് ഭണ്ഡാരി വാര്‍ത്താ ഏജന്‍സിയായ പി ടി ഐയോട് പറഞ്ഞു.

ജനങ്ങളുടെ ആവശ്യങ്ങളും സാമൂഹിക ജീവിതത്തിലും ജോലിസ്ഥലത്തും കുടുംബത്തിലും വര്‍ധിച്ചുവരുന്ന ജനപ്രീതിയെ തുടര്‍ന്ന് യോഗയിലുള്ള താത്പര്യം ചൈനയില്‍ തുടരുമെന്ന് യോഗിയോഗയുടെ സ്ഥാപക പ്രസിഡന്റായ യിന്‍ യാന്‍ പറഞ്ഞു. 

വലിയ ജനപ്രീതി ഉണ്ടെങ്കിലും കോവിഡ് കാലത്ത് നൂറുകണക്കിന് യോഗാ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ അടച്ചുപൂട്ടിയതോടെ വലിയ തിരിച്ചടികള്‍ നേരിട്ടു. ഇതോടെ ചൈനയില്‍ ജോലി ചെയ്യുന്ന നിരവധി ഇന്ത്യന്‍ യോഗ അധ്യാപകരാണ് നാട്ടിലേക്ക് മടങ്ങിയത്.