2025ലെ ഏറ്റവും ശക്തമായ 10 രാജ്യങ്ങളുടെ പട്ടിക ഫോര്‍ബ്‌സ് പുറത്തിറക്കി

2025ലെ ഏറ്റവും ശക്തമായ 10 രാജ്യങ്ങളുടെ പട്ടിക ഫോര്‍ബ്‌സ് പുറത്തിറക്കി


ന്യൂജേഴ്‌സി: ലോകത്തിലെ ഏറ്റവും ശക്തമായ 10 രാജ്യങ്ങളുടെ 2025ലെ പട്ടിക ഫോര്‍ബ്‌സ് പുറത്തിറക്കി. റാങ്കിംഗില്‍ അമേരിക്കയ്ക്കാണ് ഒന്നാം റാങ്ക്. തൊട്ടുപിന്നാലെ രണ്ടും മൂന്നും റാങ്കുകള്‍ നേടിയത് ചൈനയും റഷ്യയുമാണ്. പത്താം റാങ്ക് ഇസ്രായേലാണ് നേടിയത്. 

നേതൃത്വം, സാമ്പത്തിക സ്വാധീനം, രാഷ്ട്രീയ ശക്തി, ശക്തമായ അന്താരാഷ്ട്ര സഖ്യങ്ങള്‍, സൈനിക ശക്തി എന്നീ അഞ്ച് ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് റാങ്കിംഗ് നിശ്ചയിച്ചത്. എന്നാല്‍ കൗതുകകരമായ കാര്യം വന്‍ ജനസംഖ്യ, നാലാമത്തെ വലിയ സൈനിക ശക്തി, അഞ്ചാമത്തെ വലിയ സമ്പദ്വ്യവസ്ഥ എന്നിവയെല്ലാമാണെന്ന് പറയുന്ന ഇന്ത്യ പട്ടികയില്‍ ഇടം നേടിയിട്ടില്ല എന്നതാണ്. 

ആഗോള മാര്‍ക്കറ്റിംഗ് സ്ഥാപനമായ ഡബ്ല്യുപിപിയുടെ ഒരു യൂണിറ്റായ ബി എ വി ഗ്രൂപ്പ്, പെന്‍സില്‍വാനിയ സര്‍വകലാശാലയിലെ വാര്‍ട്ടണ്‍ സ്‌കൂളിലെ പ്രൊഫസര്‍ ഡേവിഡ് റീബ്സ്‌റ്റൈന്‍ നയിക്കുന്ന ഗവേഷകരുമായി സഹകരിച്ച് യുഎസ് ന്യൂസ് ആന്റ് വേള്‍ഡ് റിപ്പോര്‍ട്ടുമായി ചേര്‍ന്നാണ് റാങ്കിംഗ് രീതിശാസ്ത്രം വികസിപ്പിച്ചത്.

2025 ഫെബ്രുവരിയിലെ കണക്കനുസരിച്ച് ലോകത്തിലെ ഏറ്റവും ശക്തമായ രാജ്യങ്ങളില്‍ ഇന്ത്യയുടെ സ്ഥാനം 12-ാമതാണ്. 

ഫോബ്‌സ് റാങ്കിംഗില്‍ നാലാം സ്ഥാനത്ത് യു കെ, അഞ്ചാമത് ജര്‍മനി, ആറാമത് സൗത്ത് കൊറിയ, ഏഴാമത് ഫ്രാന്‍സ്, എട്ടാമത് ജപ്പാന്‍, ഒന്‍പതാമത് സൗദി അറേബ്യ എന്നീ രാജ്യങ്ങളാണ് വരുന്നത്.