ട്രംപ്- പുടിന്‍ അലാസ്‌ക ചര്‍ച്ചകളെ ഇന്ത്യ സ്വാഗതം ചെയ്തു; യുക്രെയ്ന്‍ ഇല്ലാത്ത തീരുമാനങ്ങള്‍ക്കെതിരെ സെലെന്‍സ്‌കിയുടെ മുന്നറിയിപ്പ്

ട്രംപ്- പുടിന്‍ അലാസ്‌ക ചര്‍ച്ചകളെ ഇന്ത്യ സ്വാഗതം ചെയ്തു; യുക്രെയ്ന്‍ ഇല്ലാത്ത തീരുമാനങ്ങള്‍ക്കെതിരെ സെലെന്‍സ്‌കിയുടെ മുന്നറിയിപ്പ്


ജുന്യൂ: റഷ്യന്‍ എണ്ണ വാങ്ങുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയ്ക്കു മേലുള്ള തീരുവ ഇരട്ടിയാക്കിയെങ്കിലും യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനും തമ്മിലുള്ള കൂടിക്കാഴ്ചയെ ന്യൂഡല്‍ഹി സ്വാഗതം ചെയ്തു. യുക്രെയ്നിലെ യുദ്ധം അവസാനിപ്പിക്കാന്‍ ഓഗസ്റ്റ് 15ന് നേതാക്കള്‍ അലാസ്‌കയില്‍ കൂടിക്കാഴ്ച നടത്തും. 

വെള്ളിയാഴ്ച ഉച്ചകോടി പ്രഖ്യാപിച്ച ട്രംപ് യുക്രെയ്നിന്റെയും റഷ്യയുടെയും ചില പ്രദേശങ്ങള്‍ കൈമാറ്റം ചെയ്യപ്പെടുമെന്നു പറഞ്ഞു. എന്നാല്‍ കൂടുതല്‍ വിശദാംശങ്ങള്‍ നല്‍കിയില്ല.

അലാസ്‌കയില്‍ ഇരു നേതാക്കളും നടത്തുന്ന കൂടിക്കാഴ്ചയെ സ്വാഗതം ചെയ്യുന്നുവെന്നും സമാധാനത്തിന് വഴിയൊരുങ്ങുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പറഞ്ഞു. 'ഇത് യുദ്ധയുഗമല്ല' എന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ മുന്‍ പരാമര്‍ശം എടുത്തുകാട്ടിയ ഇന്ത്യ ഉച്ചകോടിയെ പിന്തുണയ്ക്കുന്നുവെന്നും സംഘര്‍ഷം അവസാനിപ്പിക്കുന്നതിനുള്ള ശ്രമങ്ങളെ സഹായിക്കാന്‍ തയ്യാറാണെന്നും വ്യക്തമാക്കി. 

എന്നാല്‍ കീവിന്റെ പങ്കാളിത്തമില്ലാതെ നടത്തുന്ന ഏതൊരു കരാറും യഥാര്‍ഥ സമാധാനത്തിലേക്ക് നയിക്കില്ലെന്ന് യുക്രെയ്‌നിയന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി മുന്നറിയിപ്പ് നല്‍കി. യുക്രെയ്നിന്റെ അതിര്‍ത്തികള്‍ വിലപേശാനുള്ളതല്ലെന്നും ഒരു ഭൂമിയും റഷ്യയ്ക്ക് വിട്ടുകൊടുക്കില്ലെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. യുക്രെയ്‌നിയക്കാര്‍ അവരുടെ ഭൂമി അധിനിവേശക്കാരന് നല്‍കില്ലെന്ന് സെലെന്‍സ്‌കി സോഷ്യല്‍ മീഡിയയില്‍ എഴുതി. 'നമുക്കെതിരായ ഏതൊരു തീരുമാനവും, യുക്രെയ്നില്ലാത്ത ഏതൊരു തീരുമാനവും, സമാധാനത്തിനെതിരായ തീരുമാനങ്ങളുമാണ്. അവര്‍ക്ക് ഒന്നും നേടാനാവില്ല. നമ്മളില്ലാതെ, യുക്രെയ്നില്ലാതെ യുദ്ധം അവസാനിപ്പിക്കാന്‍ കഴിയില്ല,' സെലെന്‍സ്‌കി എഴുതി.

ശാശ്വത സമാധാനം കൈവരിക്കുന്നതിന് 'വ്യക്തമായ നടപടികള്‍' സ്വീകരിക്കാന്‍ സെലെന്‍സ്‌കി യുക്രെയ്നിന്റെ പങ്കാളികളോട് അഭ്യര്‍ഥിച്ചു. യു കെ പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മറുമായുള്ള ഫോണ്‍ കോളില്‍ സഖ്യകക്ഷികള്‍ക്കിടയില്‍ പരമാവധി ഏകോപനത്തിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു. ട്രംപ്- പുടിന്‍ ചര്‍ച്ചകള്‍ക്ക് മുമ്പ് തങ്ങളുടെ നിലപാടുകള്‍ യോജിപ്പിക്കാന്‍ യു എസ്, യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍, യു കെ എന്നിവയുള്‍പ്പെടെ യുക്രെയ്നിന്റെ പങ്കാളികളില്‍ നിന്നുള്ള ദേശീയ സുരക്ഷാ ഉപദേഷ്ടാക്കള്‍ ശനിയാഴ്ച ബ്രിട്ടനില്‍ യോഗം ചേര്‍ന്നു.