ലണ്ടനിലെ ഇന്ത്യൻ ഹൈകമ്മീഷന് നേരെ ഖാലിസ്ഥാൻ ഭീകരർ നടത്തിയ ആക്രമണം ; മുഖ്യപ്രതിയെ അറസ്റ്റ് ചെയ്ത് എൻഐഎ

ലണ്ടനിലെ ഇന്ത്യൻ ഹൈകമ്മീഷന് നേരെ ഖാലിസ്ഥാൻ ഭീകരർ നടത്തിയ ആക്രമണം ; മുഖ്യപ്രതിയെ അറസ്റ്റ് ചെയ്ത് എൻഐഎ


ലണ്ടൻ : കഴിഞ്ഞവർഷം ലണ്ടനിലെ ഇന്ത്യൻ ഹൈ കമ്മീഷന് നേരെ ഖാലിസ്ഥാൻ ഭീകരർ നടത്തിയ ആക്രമണത്തിലെ മുഖ്യപ്രതി അറസ്റ്റിൽ. ഖാലിസ്ഥാൻ ഭീകരനും ലണ്ടനിലെ ഹൗൺസ്ലോ നിവാസിയുമായ ഇന്ദര്‍പാല്‍ സിംഗ് ഗാബ ആണ് അറസ്റ്റിലായിട്ടുള്ളത്. ദേശീയ അന്വേഷണ ഏജൻസിയായ എൻഐഎ ആണ് ഇന്ദര്‍പാല്‍ സിംഗ് ഗാബയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.


ലണ്ടനിലെ ഇന്ത്യൻ ഹൈ കമ്മീഷൻ മന്ദിരത്തിന് നേരെ ഉണ്ടായ ആക്രമണം ഖാലിസ്ഥാൻ ഭീകരർ നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് നേരത്തെ തന്നെ എൻ ഐ എ കണ്ടെത്തിയിരുന്നു. ഖാലിസ്ഥാൻ അനുകൂല വിഘടനവാദിയായ അമൃതപാൽ സിങ്ങിനെതിരെ പഞ്ചാബ് പോലീസ് സ്വീകരിച്ച നടപടിയുടെ പ്രതികാരമായിട്ടായിരുന്നു ലണ്ടനിലെ ഇന്ത്യൻ ഹൈ കമ്മിഷന് നേരെ ആക്രമണം നടന്നിരുന്നത്. ഹൈ കമ്മീഷൻ മന്ദിരത്തിലെത്തിയ ഖാലിസ്ഥാൻ ഭീകരർ ഇന്ത്യൻ ദേശീയ പതാക വലിച്ചെറിയുകയും മന്ദിരത്തിനും ഉദ്യോഗസ്ഥർക്കും നേരെ ആക്രമണം അഴിച്ചുവിടുകയും ആയിരുന്നു. 

കഴിഞ്ഞ ഏപ്രിലിൽ യുകെ ഹോം ഓഫീസ് പ്രതിനിധികളുമായി ഇന്ത്യൻ ആഭ്യന്തരമന്ത്രാലയം നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് എൻ ഐ എ ഈ കേസിന്റെ അന്വേഷണം ഏറ്റെടുക്കുന്നത്. ലണ്ടനിൽ ഇന്ത്യൻ ഹൈ കമ്മീഷന് നേരെ ഉണ്ടായ ആക്രമണത്തിന്റെ മുഖ്യസൂത്രധാരനായ അവതാർ സിംഗ് ഖണ്ഡ ഏതാനും ആഴ്ചകൾക്ക് ശേഷം ബർമിങ്ഹാമിലെ ഒരു ആശുപത്രിയിൽ വെച്ച് മരിച്ചിരുന്നു. ഖാലിസ്ഥാൻ ഭീകരവാദ സംഘടനയായ വാരിസ് പഞ്ചാബ് ഡിയുടെ തലവൻ അമൃത്പാൽ സിംഗിന്റെ പ്രധാന അനുയായി ആയിരുന്നു മരിച്ച അവതാർ സിംഗ് ഖണ്ഡ. അമൃത്പാൽ സിംഗിന്റെ അറസ്റ്റിനുശേഷം ഖാലിസ്ഥാൻ ഭീകരർക്കേറ്റ കനത്ത പ്രഹരമായിരുന്നു അവതാർ സിംഗ് ഖണ്ഡയുടെ ദുരൂഹ സാഹചര്യത്തിലുള്ള മരണം.