മതനിന്ദ ആരോപിച്ച് പാകിസ്താനില്‍ ആള്‍ക്കൂട്ടം ഒരാളെ കൊലപ്പെടുത്തി കെട്ടിത്തൂക്കി

മതനിന്ദ ആരോപിച്ച് പാകിസ്താനില്‍ ആള്‍ക്കൂട്ടം ഒരാളെ കൊലപ്പെടുത്തി കെട്ടിത്തൂക്കി


കറാച്ചി: മതനിന്ദ ആരോപിച്ച് ആള്‍ക്കൂട്ടം ഒരാളെ കൊലപ്പെടുത്തി മൃതദേഹം കെട്ടിത്തൂക്കി.

വടക്കുപടിഞ്ഞാറന്‍ പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ സ്വാത് ജില്ലയിലാണ് വിശുദ്ധ ഖുര്‍ആനിനെ അപമാനിച്ചെന്ന് ആരോപിച്ച് പ്രകോപിതരായ ജനക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. 

പഞ്ചാബിലെ സിയാല്‍കോട്ട് ജില്ലയില്‍ നിന്നുള്ള വിനോദസഞ്ചാരി സ്വാത്തിലെ മദ്യന്‍ തഹസില്‍ വെച്ച് ഖുര്‍ആനിലെ ചില പേജുകള്‍ കത്തിച്ചതായി ജില്ലാ പൊലീസ് ഓഫീസര്‍ സാഹിദുള്ള പറഞ്ഞു.

പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച് മതനിന്ദ നടത്തിയെന്ന് ആരോപിക്കപ്പെട്ടയാളെ കസ്റ്റഡിയിലെടുത്ത് മദ്യന്‍ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്നെങ്കിലും പുറത്ത് തടിച്ചുകൂടിയ ജനക്കൂട്ടം അയാളെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

തുടര്‍ന്ന് പൊലീസ് സ്റ്റേഷന് തീയിട്ട ആള്‍ക്കൂട്ടം മതനിന്ദ ആരോപിക്കപ്പെട്ടയാളെ വെടിവെച്ചു കൊല്ലുകയും മൃതദേഹം മദ്യന്‍ അദ്ദയിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി തൂക്കുകയുമായിരുന്നു. എന്നാല്‍ രോഷാകുലരായ ജനക്കൂട്ടം ആളെ ജീവനോടെ ചുട്ടുകൊല്ലുകയായിരുന്നുവെന്നാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പറയുന്നത്.

സംഭവത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ എട്ട് പേര്‍ക്ക് പരിക്കേറ്റു.

പ്രവാസത്തില്‍ കഴിയുന്ന പാകിസ്ഥാന്‍ പത്രപ്രവര്‍ത്തകയായ താഹ സിദ്ദിഖി എക്സില്‍ ഈ ദൃശ്യങ്ങള്‍ പങ്കുവെച്ചു. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായ ഈ വീഡിയോയി സ്വാത് താഴ്വരയില്‍ മതനിന്ദ ആരോപിച്ച് ഒരു പാക്കിസ്ഥാന്‍കാരനെ ജനക്കൂട്ടം ജീവനോടെ കത്തിക്കുന്നത് കാണാം. ആള്‍ക്കൂട്ട കൊലപാതകം ചിത്രീകരിക്കാന്‍ ഫ്‌ളാഷ്ലൈറ്റ് ഉപയോഗിച്ച് ക്യാമറകള്‍ ഉപയോഗിക്കുന്നത് കാണാം എന്നാണ് സിദ്ദീഖി കുറിച്ചത്. 

സാഹചര്യത്തിന്റെ ഗൗരവം ഊന്നിപ്പറഞ്ഞുകൊണ്ട് ബാരിസ്റ്റര്‍ സിദ്ര ഖയ്യൂമും എക്സില്‍ പോസ്റ്റ് ചെയ്തു. 'സ്വാത്ത് പാകിസ്ഥാനില്‍, സിയാല്‍കോട്ടില്‍ നിന്നുള്ള ഒരു വിനോദസഞ്ചാരിയുടെ മൃതദേഹം പിന്നീട് മതനിന്ദ, വിശുദ്ധ ഖുര്‍ആന്‍ കത്തിച്ചു എന്നീ കുറ്റങ്ങള്‍ ചുമത്തി കൊലപ്പെടുത്തി കത്തിച്ചു. ജനക്കൂട്ടം പൊലീസ് സ്റ്റേഷന്‍ ആക്രമിക്കുന്നു.'

ആള്‍ക്കൂട്ടം തല്ലിക്കൊന്നയാള്‍ ആരാണെന്ന് സ്ഥിരീകരിച്ചിട്ടില്ല.