ഇസ്‌ലാമാബാദ്: ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് മുമ്പില്‍ വ്യോമാപാത അടച്ചിട്ടതിനെ തുടര്‍ന്ന് പാക്കിസ്ഥാന്‍ എയര്‍പോര്‍ട്ട് അതോറിറ്റിക്ക് നഷ്ടമുണ്ടായത് കോടികള്‍. വെള്ളിയാഴ്ച പാക്കിസ്ഥാന്‍ പ്രതിരോധ മന്ത്രാലയം ദേശീയ അസംബ്ലിയില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.
ഏപ്രില്‍ 24 മുതല്‍ ജൂണ്‍ 20 വരെ ഇന്ത്യന്‍ വിമാനങ്ങളെ കടത്തിവിടാത്തതിനാല്‍ 400 കോടി പാകിസ്താന്‍ രൂപയുടെ നഷ്ടമുണ്ടായതായാണ് കണക്കുകള്‍ പറയുന്നത്. ദിവസേന 100 മുതല്‍ 150 വരെ വിമാന സര്‍വീസാണ് തടസ്സപ്പെട്ടത്. ഇത് മൊത്തം വ്യോമ ഗതാഗതത്തില്‍ 20 ശതമാനമാണ് ഇടിവുണ്ടാക്കിയത്. ഓവര്‍ ഫ്‌ളൈയിങ് ഫീസിലും ഇത് വരുമാനം കുറച്ചു.
പഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നാലെ നയതന്ത്രമായ പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ത്യ സിന്ധു നദീജല ഉടമ്പടി റദ്ദാക്കിയതിന് തിരിച്ചടിയായിട്ടാണ് പാക്കിസ്ഥാന്‍ വ്യോമാതിര്‍ത്തി അടച്ചത്.
ഇന്ത്യന്‍ വിമാനങ്ങള്‍ക്കുള്ള വ്യോമ പാത ഓഗസ്റ്റ് 23 വരെ അടച്ചിടുമെന്നാണ് പാക്കിസ്ഥാന്‍ അറിയിച്ചിരിക്കുന്നത്. ഇതിന് തിരിച്ചടിയായി പാക്കിസ്ഥാന്‍ വിമാനങ്ങള്‍ക്ക് ആഭ്യന്തര വ്യോമാതിര്‍ത്തിയില്‍ പ്രവേശിക്കുന്നതിനുള്ള വിലക്ക് ഇന്ത്യ ഓഗസ്റ്റ് 23 വരെ നീട്ടിയതായി കേന്ദ്ര വ്യോമയാന സഹമന്ത്രി അറിയിച്ചു.