വത്തിക്കാൻ സിറ്റി: ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് ശേഷമുള്ള ഫ്രാൻസിസ് മാർപാപ്പയുടെ ആദ്യ ചിത്രം പുറത്തുവിട്ട് വത്തിക്കാൻ. ആശുപത്രിയിലെ ചാപ്പലിൽ കുർബാന അർപ്പിക്കുന്ന മാർപ്പാപ്പയുടെ ചിത്രമാണ് പുറത്തുവിട്ടത്. ചാപ്പലിൽ മറ്റ് വൈദികർക്കൊപ്പമാണ് മാർപാപ്പ ദിവ്യബലി അർപ്പിച്ചതെന്ന് വത്തിക്കാൻ അറിയിച്ചു.
പിന്നിൽ നിന്ന് എടുത്ത ചിത്രത്തിൽ അൾത്താരയിലെ കുരിശുരൂപത്തിലേക്ക് നോക്കി വീൽചെയറിൽ ഇരിക്കുന്ന മാർപാപ്പയെ കാണാം. ആരോഗ്യസ്ഥിതിയിൽ നേരിയ പുരോഗതി ഉണ്ടായ ശേഷം അദ്ദേഹം എല്ലാ ദിവസവും പ്രാർഥിക്കാൻ പോയിരുന്നു എന്നാണ് റിപ്പോർട്ട്.
മാർപാപ്പയുടെ ആരോഗ്യനില ക്രമേണ മെച്ചപ്പെട്ടു വരികയാണെന്നും ശ്വസനം സുഗമമാക്കുന്നതിനായി രാത്രിയിൽ മെക്കാനിക്കൽ വെന്റിലേഷൻ ഉപയോഗിക്കുന്നത് കുറക്കുകയാണെന്നും പോപ്പിന്റെ ആരോഗ്യനിലയെക്കുറിച്ചുള്ള റിപ്പോർട്ടിൽ വത്തിക്കാൻ അറിയിച്ചിരുന്നു. എന്നാൽ എന്ന് ആശുപത്രി വിടുമെന്നതിൽ തീരുമാനം ആയിട്ടില്ല.
അസുഖം പൂർണമായും ഭേദമാകാൻ കുറച്ചു ദിവസംകൂടി ആശുപത്രിയിൽ തുടരേണ്ടി വരും. ഏതാണ്ട് ഒരു മാസമായി ചികിത്സയിലുള്ള മാർപാപ്പ സപ്ലിമെന്റൽ ഓക്‌സിജനും രാത്രി വെന്റിലേഷൻ മാസ്‌കിന്റെയും സഹായത്തോടെയാണ് ശ്വസിച്ചിരുന്നത്. ശ്വാസകോശ സംബന്ധമായ അണുബാധ കാരണം ഫെബ്രുവരി 14 നാണ് മാർപാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ആശുപത്രിയിലെ ചാപ്പലിൽ മാർപ്പാപ്പ കുർബാന അർപ്പിക്കുന്ന ചിത്രം പുറത്തുവിട്ട് വത്തിക്കാൻ
