റോബര്‍ട്ട മെറ്റ്‌സോള വീണ്ടും യൂറോപ്യന്‍ പാര്‍ലമെന്റ് പ്രസിഡന്റ്

റോബര്‍ട്ട മെറ്റ്‌സോള വീണ്ടും യൂറോപ്യന്‍ പാര്‍ലമെന്റ് പ്രസിഡന്റ്


ബ്രസല്‍സ്: യൂറോപ്യന്‍ പാര്‍ലമെന്റില്‍ നാല്‍പത്തിയഞ്ചുകാരി റോബര്‍ട്ട മെറ്റ്‌സോള വീണ്ടും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. 720 അംഗങ്ങളടങ്ങുന്ന യൂറോപ്യന്‍ പാര്‍ലമെന്റിലെ പോള്‍ ചെയ്ത 623 വോട്ടില്‍ 562ഉം ക്രിസ്ത്യന്‍ ഡെമോക്രാറ്റ് റോബര്‍ട്ട മെറ്റ്‌സോള സ്വന്തമാക്കി. 

പാര്‍ലമെന്ററി പ്രവര്‍ത്തനങ്ങളിലും നിയമപാലനത്തിലും യാതൊരു വിട്ടു വീഴ്ചയ്ക്കും തയ്യാറല്ലാത്തതാണ് റോബര്‍ട്ട മെറ്റ്‌സോളയുടെ രണ്ടാം വിജയവും എന്ന് സൂചിപ്പിക്കുന്നതായിരുന്നു അവരുടെ ആദ്യ പ്രസംഗം. എതിരാളിയായ ഇടതുപക്ഷ സ്ഥാനാര്‍ഥി ഐറിന്‍ മൊന്റെറോയ്ക്ക്  61 വോട്ടു മാത്രമാണ് ലഭിച്ചത്. 

ഡേവിഡ് സസ്സോളി അന്തരിച്ചതിനെ തുടര്‍ന്നാണ് അവിചാരിതമായി 2022 ജനുവരിയില്‍ റോബര്‍ട്ട സ്ഥാനമേറ്റത്. ആദ്യമായി ഇത്ര വലിയൊരു സ്ഥാനത്തേക്ക് കടന്നു വന്ന റോബര്‍ട്ടയുടെ വിജയം മാള്‍ട്ട പോലൊരു ചെറിയ യൂറോപ്യന്‍ യൂണിയന്‍ രാജ്യത്തിന് ചിന്തിക്കാനാകുന്നതിനപ്പുറമായിരുന്നു. പലപ്പോഴും യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റില്‍ നിന്നു വന്ന പാകപ്പിഴകള്‍ തിരുത്താന്‍ റോബര്‍ട്ട ഓരോ യൂറോപ്യന്‍ രാജ്യത്തലവന്മാരെയും നേരിട്ട് സന്ദര്‍ശിച്ച് അവരുമായി സൗഹൃദം വീണ്ടെടുക്കുകയും നിലനിര്‍ത്തുകയും ചെയ്തതിന്റെ ഫലമാണ് സമുന്നതമായ രണ്ടാം വിജയം ലഭിച്ചത്. ഏപ്രില്‍ 2022ല്‍ കീവിലെത്തിയതും റോബര്‍ട്ടയുടെ ജനപ്രീതി വര്‍ധിക്കാന്‍ ഇടയാക്കി.