ബംഗ്ലാദേശിലെ ആക്രമണങ്ങളുടെ ബുദ്ധികേന്ദ്രം മുഹമ്മദ് യൂനുസെന്ന് ശൈഖ് ഹസീന

ബംഗ്ലാദേശിലെ ആക്രമണങ്ങളുടെ ബുദ്ധികേന്ദ്രം മുഹമ്മദ് യൂനുസെന്ന് ശൈഖ് ഹസീന


ധാക്ക: ബംഗ്ലാദേശില്‍ നടക്കുന്ന ആക്രമണങ്ങളുടെ ബുദ്ധികേന്ദ്രം ഇടക്കാല ഭരണകൂടത്തിന്റെ തലവന്‍ മുഹമ്മദ് യൂനുസ് ആണെന്നു പുറത്താക്കപ്പെട്ട പ്രധാനമന്ത്രി ശൈഖ് ഹസീന. വിദ്യാര്‍ഥികളുടെ സഹായത്തോടെ ആസൂത്രിതമായി നടപ്പാക്കിയ കൂട്ടക്കൊലയ്ക്കു പിന്നില്‍ യൂനുസാണെന്നും ശൈഖ് ഹസീന പറഞ്ഞു. ന്യൂയോര്‍ക്കില്‍ നടക്കുന്ന അവാമി ലീഗ് സമ്മേളനത്തെ വെര്‍ച്വലായി അഭിസംബോധന ചെയ്യുകയായിരുന്നു അവര്‍.

ഓഗസ്റ്റ് അഞ്ചിനാണ് വിദ്യാര്‍ഥി പ്രക്ഷോഭത്തെ തുടര്‍ന്ന് നടന്ന കലാപത്തിന് പിന്നാലെ ശൈഖ് ഹസീന രാജ്യം വിട്ടത്. പിന്നീട് സമാധാന നൊബേല്‍ ജേതാവായ മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തില്‍ പുതിയ ഭരണകൂടം അധികാരമേറ്റതോടെ രാജ്യത്ത്  വ്യാപക ആക്രമണം നടക്കുകയായിരുന്നു. 

താനാണ് കൂട്ടക്കൊല നടത്തിയതെന്നാണ് അവര്‍ ആരോപിക്കുന്നതെന്നും എന്നാല്‍ മുഹമ്മദ് യൂനുസാണ് വിദ്യാര്‍ഥി കോഓര്‍ഡിനേറ്റര്‍മാരുടെ സഹായത്തോടെ കൂട്ടക്കൊല ആസൂത്രണം ചെയ്തതും നടപ്പാക്കിയതുമെന്നും താന്‍ രാജ്യം വിട്ടില്ലായിരുന്നെങ്കില്‍ കൂട്ടക്കൊലയുടെ വ്യാപ്തി വലുതാകുമായിരുന്നുവെന്നും ശൈഖ് ഹസീന പറഞ്ഞു.

തനിക്ക് അധികാരം ആവശ്യമില്ലെന്നും തന്റെ കാവല്‍സേന വെടിയുതിര്‍ത്തിരുന്നെങ്കില്‍ ഗണഭവനില്‍ നിരവധി പേര്‍ മരിച്ചുവീഴുമായിരുന്നുവെങ്കിലും താനത് ആഗ്രഹിക്കുന്നില്ലെന്നും ശൈഖ് ് ഹസീന പറഞ്ഞു. തന്റെ പിതാവ് ശൈഖ് മുജിബുര്‍ റഹ്മാനെ കൊലപ്പെടുത്തിയതുപോലെ തന്നെയും കൊല്ലാനായിരുന്നു അവരുടെ പദ്ധതിയെന്നും ഹസീന വിശദമാക്കി.