ദക്ഷിണ കൊറിയന്‍ നടി കിം സെ റോണ്‍ മരിച്ച നിലയില്‍

ദക്ഷിണ കൊറിയന്‍ നടി കിം സെ റോണ്‍ മരിച്ച നിലയില്‍


സിയോള്‍: ദക്ഷിണകൊറിയന്‍ നടി കിം സെ റോണ്‍ (24)നെ മരിച്ച നിലയില്‍ കണ്ടെത്തി. സിയോളിലെ സിയോങ്ഡോങ്-ഗുവിലുള്ള അപ്പാര്‍ട്ട്‌മെന്റിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹതയില്ലെന്നും മരണകാരണം അന്വേഷിച്ചുവരികയാണെന്നും പൊലീസ് അറിയിച്ചു.

പ്രാദേശിക വാര്‍ത്താ റിപ്പോര്‍ട്ടുകള്‍ പ്രകാരം കിം സെ റോണി ഞായറാഴ്ച ഒരു സുഹൃത്തിനെ കാണേണ്ടതായിരുന്നു. എന്നാല്‍ അപ്പാര്‍ട്ട്‌മെന്റില്‍ എത്തിയതോടെ കിം സെ റോണിയെ ഇവര്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് സുഹൃത്താണ് താരത്തിന്റെ മരണവിവരം പൊലീസിനെ അറിയിച്ചത്. മരണത്തില്‍ ദുരൂഹതയില്ലെന്നാണ് പ്രാഥമിക നിഗമനം. വീട്ടില്‍ ആരെങ്കിലും അതിക്രമിച്ചു കയറിയതിന്റെ ലക്ഷണങ്ങളോ മറ്റൊന്നും കണ്ടെത്തിയിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.

ഔണി ലെകോംറ്റെയുടെ എ ബ്രാന്‍ഡ് ന്യൂ ലൈഫ് (2009) എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് കിം അഭിനയ ജീവിതം ആരംഭിച്ചത്. ദക്ഷിണ കൊറിയന്‍ നടന്‍ വോണ്‍ ബിന്നിനൊപ്പം അഭിനയിച്ച ആക്ഷന്‍ ത്രില്ലര്‍ ദി മാന്‍ ഫ്രം നോവര്‍ (2010) എന്ന ചിത്രത്തിലെ അഭിനയമാണ് അവരുടെ ഏറ്റവും ശ്രദ്ധേയമായ വേഷം. എ ഗേള്‍ അറ്റ് മൈ ഡോര്‍ (2014), സ്‌നോവി റോഡ് (2015), സീക്രട്ട് ഹീലര്‍ (2016), ദി വില്ലേജേഴ്സ് (2018), ലിവറേജ് (2019), ദി ഗ്രേറ്റ് ഷാമന്‍ ഗാ ഡൂ-ഷിം (2021) എന്നിവയാണ് മറ്റ് ശ്രദ്ധേയമായ പ്രോജക്ടുകള്‍. 2023-ല്‍ നെറ്റ്ഫ്‌ളിക്‌സിന്റെ വെബ് ഷോയായ ബ്ലഡ്ഹൗണ്ട്സില്‍ അവസാനമായി സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ടത്.

2022 മെയ് മാസത്തില്‍ സിയോളില്‍ മദ്യപിച്ച് വാഹനമോടിച്ച് അതിക്രമം കാണിച്ച കേസിനെ തുടര്‍ന്ന് കിം സെ റോണ്‍ പൊതുവേദികളില്‍നിന്ന് വിട്ടുനിന്നിരുന്നു. താരം ഓടിച്ചിരുന്ന കാറ് ഇലക്ട്രിക്കല്‍ ട്രാന്‍സ്‌ഫോര്‍മറില്‍ ഇടിച്ചുകയറി നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയിരന്നു. തുടര്‍ന്ന് അവരുടെ ഡ്രൈവിംഗ് ലൈസന്‍സ് റദ്ദാക്കുകയും 2023 ഏപ്രിലില്‍ കോടതി അവര്‍ക്ക് 20 മില്യണ്‍ വോണ്‍ (13,850 ഡോളര്‍) പിഴ ചുമത്തുകയും ചെയ്തിരുന്നു. സംഭവത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ട കിം പരസ്യമായി ക്ഷമാപണം നടത്തയെങ്കിലും സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപം നേരിടുകയും സിനിമകള്‍ ലഭിക്കാതെ വരികയുമായിരുന്നു. 

എന്നാല്‍ ഈ വര്‍ഷം ദി ഗിറ്റാര്‍ മാന്‍ എന്ന ചിത്രത്തിലൂടെ അഭിനയത്തിലേക്ക് തിരിച്ചുവരവ് ആസൂത്രണം ചെയ്യുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതോടൊപ്പം ഒരു കഫേ തുറക്കാന്‍ തയ്യാറെടുക്കുകയായിരുന്നു കിം സെ റോണ്‍ എന്നും മരണം വിശ്വസിക്കാനാവുന്നില്ലെന്നും അവരുടെ സുഹൃത്ത് പറഞ്ഞു.