കൊളംബോ: സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായി മന്ത്രിമാര്‍ക്കുള്ള ആനുകൂല്യങ്ങള്‍ പരിമിതപ്പെടുത്തി പുതിയ മാതൃകസൃഷ്ടിക്കാന്‍ പുത്തന്‍ നിയമങ്ങള്‍ പ്രഖ്യാപിച്ച് ശ്രീലങ്കന്‍ സര്‍ക്കാര്‍. രാഷ്ട്രീയ മുന്‍ഗണനയിലും വിശ്വാസ്യതയിലും മറ്റും ജനങ്ങള്‍ക്കുണ്ടായിരിക്കുന്ന ആശങ്കകള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായാണ് നടപടി. മന്ത്രിമാര്‍ക്കും ഉപമന്ത്രിമാര്‍ക്കുമുള്ള സര്‍ക്കാര്‍ വാഹനങ്ങള്‍ രണ്ടാക്കി കുറച്ചു കൊണ്ട് പ്രസിഡന്റ് അനുരകുമാര ദിസനായകെ കഴിഞ്ഞ ദിവസം സര്‍ക്കുലര്‍ പുറപ്പെടുവിച്ചു.
എണ്ണ അലവന്‍സിലും പ്രതിമാസ വേതനത്തിലും പുതിയ പരിധി നിശ്ചയിച്ചിട്ടുണ്ട്. ഫോണ്‍, വീട്ടുവാടക എന്നിവയ്ക്കും പരിധി നിശ്ചയിച്ചു. മന്ത്രിമാരുടെ ജീവനക്കാരെ പതിനഞ്ചിലേക്കും ഉപമന്ത്രിമാരുടേത് 12ലേക്കുമായി ചുരുക്കി.
പ്രൈവറ്റ് സെക്രട്ടറിമാര്‍, കോര്‍ഡിനേറ്റിങ് സെക്രട്ടറിമാര്‍, മാധ്യമ സെക്രട്ടറി, പബ്ലിക് റിലേഷന്‍ സെക്രട്ടറി തസ്തികകളിലേക്ക് കുടുംബാംഗങ്ങളെയോ അടുത്ത ബന്ധുക്കളെയോ നിയമിക്കാനാകില്ല. മുന്‍പ്രസിഡന്റ് മഹീന്ദ രജപക്സെ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയും സ്വകാര്യ സുരക്ഷയും ഒഴിയുന്നതിനെ ചൊല്ലിയുള്ള ചര്‍ച്ചകള്‍ രാജ്യത്ത് ചൂട് പിടിക്കുന്നതിനിടെയാണ് അനുരകുമാരയുടെ നീക്കങ്ങള്‍.
രജപക്സെയുടെ സുരക്ഷ സേനയുടെ എണ്ണം 300 ല്‍ നിന്ന് അറുപതായി കഴിഞ്ഞ മാസം വെട്ടിച്ചുരുക്കിയിരുന്നു. രണ്ട് തവണ രാജ്യത്തിന്റെ പ്രസിഡന്റായിരുന്ന രജപക്സെ ആഢംബര വസതി കയ്യേറിയിരിക്കുന്നതിനെ ദിസനായകെ ഒരു പൊതുസമ്മേളനത്തില്‍ വച്ച് കുറ്റപ്പെടുത്തിയിരുന്നു. അദ്ദേഹം കയ്യേറിയിരിക്കുന്ന വീട് തിരിച്ച് വാങ്ങുമെന്നും പെന്‍ഷന്റെ മൂന്നിലൊന്ന് വാടകയായി അനുവദിക്കുമെന്നും ദിസനായകെ വ്യക്തമാക്കിയിരുന്നു.
എന്നാല്‍ ദിസനായകെയുടെ പരാമര്‍ശത്തിനെതിരെ പ്രതിപക്ഷം രംഗത്ത് വന്നു. രാജ്യത്ത് പതിറ്റാണ്ടുകള്‍ നിലനിന്ന തമിഴ് വിഭാഗീയ പ്രസ്ഥാനത്തെ അവസാനിപ്പിച്ച നേതാവിനെതിരെ അദ്ദേഹം രാഷ്ട്രീയ പക പോക്കുകയാണെന്നായിരുന്നു അവരുടെ ആക്ഷേപം. മഹിന്ദ രജപക്സെയുടെ സുരക്ഷയ്ക്ക് ഭീഷണിയുണ്ട്. സര്‍ക്കാരിനെ അദ്ദേഹത്തെ തെരുവില്‍ കിട്ടേണ്ടതുണ്ടെന്നും രജപക്സെയുടെ പാര്‍ട്ടി വക്താവ് സാഗര കാരിയവസം പറഞ്ഞു.
ഭരണഘടന അനുശാസിക്കുന്നതും 1986ല്‍ പാര്‍ലമെന്റ് അംഗീകരിച്ചതുമായ അധികാരവകാശങ്ങള്‍ മാത്രമേ മുന്‍ പ്രസിഡന്റ് അനുഭവിക്കുന്നുള്ളൂവെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി. രാഷ്ട്രീയക്കാരുടെ സവിശേഷ അധികാരങ്ങള്‍ എടുത്ത് കളയുമെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കാനാണ് പുതിയ സര്‍ക്കാരിന്റെ ശ്രമം.
തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവച്ചാണ് രാജ്യത്തെ ഇടത് പാര്‍ട്ടിയായ നാഷണല്‍ പീപ്പിള്‍സ് പവര്‍(എന്‍പിപി) നേതാവ് അനുര കുമാര ദിസനായകെ ശ്രീലങ്കയുടെ ഒന്‍പതാമത് പ്രസിഡന്റായി ചുമതലേയറ്റത്. സെപ്റ്റംബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ വിക്രമസിംഗെ, ദിസനായകെ, പ്രേമദാസ എന്നിവരുടെ ത്രികോണ മത്സരമാണ് രാജ്യത്ത് അരങ്ങേറിയത്
മന്ത്രിമാര്‍ക്കുള്ള ആനുകൂല്യങ്ങള്‍ വെട്ടിക്കുറക്കാന്‍ പുത്തന്‍ നിയമങ്ങള്‍ പ്രഖ്യാപിച്ച് ശ്രീലങ്ക