ടോക്യോ: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ജപ്പാനില്‍ രാജകീയ സ്വീകരണം. ടോക്യോയില്‍ നടന്ന ചടങ്ങില്‍ അദ്ദേഹം ജപ്പാന്‍ ചക്രവര്‍ത്തി നറുഹിതോയുമായി കൂടിക്കാഴ്ച നടത്തി. രാജ്യത്തിന്റെ ആദ്യ വനിതാ പ്രധാനമന്ത്രിയായ സനേ തകൈച്ചിയുമായും പ്രസിഡന്റ് കൂടിക്കാഴ്ച നടത്തും.
ട്രംപിന്റെ സന്ദര്‍ശനത്തിന്റെ ഭാഗമായി യു എസും ജപ്പാനും പങ്കാളിത്തത്തിന്റെ ഭാവിയേയും വ്യാപാരബന്ധങ്ങളേയും കുറിച്ച് ചര്‍ച്ച നടത്തും.
തകൈച്ചിയെ പ്രശംസിച്ച ട്രംപ് താനവരെ കുറിച്ച് മികച്ച കാര്യങ്ങള്‍ കേട്ടിട്ടുണ്ടെന്ന് പറഞ്ഞു. തന്റെ അടുത്ത സുഹൃത്തും മുന്‍ പ്രധാനമന്ത്രിയുമായിരുന്ന ഷിന്‍സോ ആബെയുടെ വിശ്വസ്ത കൂട്ടാളിയാണ് അവരെന്നും അദ്ദേഹം വ്യക്തമാക്കി. ജപ്പാനും അമേരിക്കയും തമ്മിലുള്ള ബന്ധത്തിന് ഇത് വലിയ സഹായമാണെന്നും ട്രംപ് പറഞ്ഞതായി വാര്‍ത്താ ഏജന്‍സി അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
ഏഷ്യന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി ട്രംപ് നാല് തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളുമായും നിക്ഷേപവ്യാപാര കരാറുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ദക്ഷിണ കൊറിയയില്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങുമായി കൂടിക്കാഴ്ച നടത്തുമെന്നും പ്രതീക്ഷിക്കുന്നുണ്ട്.
തനിക്ക് ഷി പ്രസിഡന്റിനോട് വലിയ ബഹുമാനമുണ്ടെന്നും ഒത്തുതീര്‍പ്പില്‍ എത്താനാവുമെന്ന് താന്‍ വിശ്വസിക്കുന്നതായും ട്രംപ് ടോക്യോയിലേക്കുള്ള യാത്രയ്ക്കിടെ എയര്‍ ഫോഴ്സ് വണ്‍ വിമാനത്തില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.
ടോക്യോ വിമാനത്താവളത്തില്‍ ജപ്പാന്‍ ഉദ്യോഗസ്ഥര്‍ ട്രംപിനെ സ്വീകരിച്ചു. തുടര്‍ന്ന് ഹെലികോപ്റ്റില്‍ നഗരത്തിന്റെ രാത്രിസൗന്ദര്യം അദ്ദേഹം ആസ്വദിച്ചു. പിന്നീട് ഇംപീരിയല്‍ പാലസില്‍ ചക്രവര്‍ത്തി നറുഹിതോയുമായി ട്രംപ് കൂടിക്കാഴ്ച നടത്തി.
വ്യാപാരത്തിലും സുരക്ഷയിലും അമേരിക്കയുടെ ഏഷ്യയിലെ പ്രധാന പങ്കാളിയാണ് ജപ്പാന്‍.
