ലോസ്ഏഞ്ചല്‍സ്: ഓഗസ്റ്റ് 8-നകം യുക്രെയ്‌നിലെ റഷ്യയുടെ യുദ്ധം അവസാനിപ്പിക്കാന്‍ സമാധാന കരാര്‍ ആഗ്രഹിക്കുന്നുവെന്ന് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കിയതായി വ്യാഴാഴ്ച ഐക്യരാഷ്ട്രസഭ സുരക്ഷാ സമിതിയെ അമേരിക്ക അറിയിച്ചു. സമാധാനം ഉറപ്പാക്കാന്‍ കൂടുതല്‍ നടപടികള്‍ നടപ്പിലാക്കാന്‍ അമേരിക്ക തയ്യാറാണെന്ന് ഒരു ഉദ്യോഗസ്ഥന്‍ യു എന്‍ സമിതിയോട് പറഞ്ഞു.
'റഷ്യയും യുക്രെയ്‌നും വെടിനിര്‍ത്തലും ശാശ്വത സമാധാനവും ചര്‍ച്ച ചെയ്യണം. ഒരു കരാറിലെത്തേണ്ട സമയമാണിത്. ഓഗസ്റ്റ് 8നകം ഇത് ചെയ്യണമെന്ന് പ്രസിഡന്റ് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. സമാധാനം ഉറപ്പാക്കാന്‍ കൂടുതല്‍ നടപടികള്‍ നടപ്പിലാക്കാന്‍ അമേരിക്ക തയ്യാറാണെന്നും മുതിര്‍ന്ന യു എസ് നയതന്ത്രജ്ഞന്‍ ജോണ്‍ കെല്ലി 15 അംഗ കൗണ്‍സിലിനോട് പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
ഡൊണാള്‍ഡ് ട്രംപ് റഷ്യയെ തീരുവ ചുമത്തുമെന്ന് ഭീഷണിപ്പെടുത്തി. യുക്രെയ്‌നിലെ യുദ്ധം അവസാനിപ്പിക്കുന്നതില്‍ പുരോഗതി കാണിച്ചില്ലെങ്കില്‍ മോസ്‌കോയ്ക്കെതിരെ അധിക നികുതികള്‍ ചുമത്തുമെന്നും മറ്റ് നടപടികള്‍ സ്വീകരിക്കുമെന്നും പറഞ്ഞു.
ഈ വര്‍ഷം തുര്‍ക്കിയിലെ ഇസ്താംബൂളില്‍ യുക്രെയ്നും റഷ്യയും മൂന്ന് റൗണ്ട് ചര്‍ച്ചകള്‍ നടത്തിയിരുന്നു.
ഇസ്താംബൂളില്‍ ചര്‍ച്ചകള്‍ തുടരാന്‍ മോസ്‌കോ ആഗ്രഹിക്കുന്നുവെന്ന് റഷ്യയുടെ ഡെപ്യൂട്ടി യു എന്‍ അംബാസഡര്‍ ദിമിത്രി പോളിയാന്‍സ്‌കി കൗണ്‍സിലിനോട് പറഞ്ഞു.
നയതന്ത്രം റഷ്യയെ വിമര്‍ശിക്കുന്നതിനും അതിന്മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിനുമുള്ള മാര്‍ഗം മാത്രമാണെന്ന് കരുതുന്നവരുടെ ശബ്ദങ്ങളാണ് തങ്ങള്‍ കേള്‍ക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഐക്യരാഷ്ട്രസഭയുടെ ചാര്‍ട്ടറിന്റെ തത്വങ്ങളില്‍ അധിഷ്ഠിതമായ സമഗ്രവും നീതിയുക്തവും നിലനില്‍ക്കുന്നതുമായ സമാധാനമാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് യുക്രെയ്‌നിന്റെ ഡെപ്യൂട്ടി യു എന്‍ അംബാസഡര്‍ ക്രിസ്റ്റിന ഹയോവിഷിന്‍ പറഞ്ഞു.