ടെല്‍അവീവ്: ഗസയുടെ തെക്കന്‍ അതിര്‍ത്തിയായ റഫായില്‍ ഇസ്രായേല്‍ നിയന്ത്രണത്തിലുള്ള ഭാഗത്ത് തുരങ്കങ്ങളില്‍ ഒളിച്ചിരിക്കുന്ന 100 മുതല്‍ 200 വരെ ഹമാസ് പോരാളികള്‍ക്ക് സുരക്ഷിതമായി പുറപ്പെടാന്‍ അനുവാദം നല്‍കണമെന്ന് അമേരിക്ക ഇസ്രായേലിനോട് ആവശ്യപ്പെട്ടതായി ദി ടൈംസ് ഓഫ് ഇസ്രായേല്‍ റിപ്പോര്‍ട്ട് ചെയ്തു.
മധ്യപൂര്‍വദേശത്തിലെ ഒരു നയതന്ത്ര ഉദ്യോഗസ്ഥനെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട്. ഗാസ യുദ്ധം അവസാനിപ്പിക്കാനുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ 20 ഇന സമാധാനപദ്ധതിയുടെ ഭാഗമായാണ് ഈ നീക്കം. പദ്ധതിപ്രകാരം, പോരാളികള്‍ ആയുധങ്ങള്‍ സമര്‍പ്പിച്ച് അമേരിക്കന്‍ നേതൃത്വത്തിലുള്ള സിവില്‍ മിലിറ്ററി കോ-ഓര്‍ഡിനേഷന്‍ സെന്ററിന് കീഴടങ്ങണം. തുടര്‍ന്ന് അവരെ മൂന്നാം രാജ്യങ്ങളിലേക്കോ ഹമാസ് നിയന്ത്രിത പ്രദേശങ്ങളിലേക്കോ സുരക്ഷിതമായി അയക്കും.
ഇസ്രായേല്‍ ഈ നിര്‍ദ്ദേശം പൂര്‍ണ്ണമായി തള്ളി കളഞ്ഞിട്ടില്ലെങ്കിലും, എല്ലാ പോരാളികള്‍ക്കും പൊതുമാപ്പ് നല്‍കുന്നതിനെതിരെ എതിര്‍പ്പ് പ്രകടിപ്പിച്ചു. ഇവരില്‍ ചിലര്‍ ഇസ്രായേല്‍ പൗരന്മാരെ ആക്രമിച്ച കേസുകളില്‍ പങ്കാളികളായതിനാല്‍ നിയമനടപടി ആവശ്യമാണെന്നാണ് വാദം.
ട്രംപിന്റെ സമാധാനപദ്ധതിയിലെ ആറാം ഇനം പ്രകാരം, 'ആയുധങ്ങള്‍ ഉപേക്ഷിച്ച് സമാധാന സഹവാസം സ്വീകരിക്കുന്ന ഹമാസ് അംഗങ്ങള്‍ക്ക് പൊതുമാപ്പു നല്‍കും; ഗാസ വിട്ടുപോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുരക്ഷിത യാത്ര ഉറപ്പാക്കും' എന്നതാണ് വ്യവസ്ഥ. ഈ ചട്ടക്കൂട് സെപ്റ്റംബറില്‍ വൈറ്റ് ഹൗസില്‍ വെച്ച് പ്രഖ്യാപിക്കുമ്പോള്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വാക്കുകളിലൂടെ അനുകൂലിച്ചിരുന്നു. എന്നാല്‍ ഒക്ടോബര്‍ 9ലെ ഇസ്രായേല്‍ഹമാസ് കരാറില്‍ യുദ്ധവിരാമവും തടവുകാരുടെ കൈമാറ്റവും മാത്രമാണ് ഉള്‍പ്പെട്ടത്; 'സേഫ് പാസേജ്' വിഷയം തീര്‍പ്പായില്ല.
നെതന്യാഹു പിന്നീട് കഠിന നിലപാട് സ്വീകരിച്ചു. 'തുരങ്കങ്ങളില്‍ ഒളിച്ചിരിക്കുന്ന ഹമാസ് പോരാളികള്‍ക്ക് ഇസ്രായേല്‍ സുരക്ഷിത പാത അനുവദിക്കില്ല,' എന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു.
അതേസമയം, അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ പറയുന്നത് പ്രകാരം, ഈജിപ്ത്, ഖത്തര്‍ മധ്യസ്ഥരിലൂടെ ഹമാസിനോട് ഒക്ടോബര്‍ 28ന് 24 മണിക്കൂറിനുള്ളില്‍ പിന്മാറാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഹമാസ് അതിനൊത്ത് പ്രവര്‍ത്തിച്ചില്ല.
2014ലെ ഗാസ യുദ്ധത്തില്‍ കൊല്ലപ്പെട്ട ലഫ്. ഹദാര്‍ ഗോള്‍ഡിന്റെ മൃതദേഹം തിരിച്ചുനല്‍കിയാല്‍ മാത്രമേ സുരക്ഷിത യാത്ര പരിഗണിക്കാവൂ എന്നാണ് ഐഡിഎഫ് മേധാവി ലഫ്. ജനറല്‍ എയാല്‍ സമീര്‍ പിന്നീട് നിര്‍ദേശിച്ചത്. ഐഡിഎഫ് പിന്നീട് ഗോള്‍ഡിന്റെ മൃതദേഹം റഫായിലെ തുരങ്കങ്ങളിലാണെന്ന വാര്‍ത്ത നിഷേധിച്ചു.
സമ്മര്‍ദ്ദവുമായി അമേരിക്ക: റഫായിലെ ഹമാസ് പോരാളികള്‍ക്ക് 'സുരക്ഷിത പാത'' അനുവദിക്കണമെന്ന് ഇസ്രായേലിനോട് ആവശ്യം
