എയര്‍ കാനഡ ജീവനക്കാര്‍ പണിമുടക്ക് തുടരുന്നു

എയര്‍ കാനഡ ജീവനക്കാര്‍ പണിമുടക്ക് തുടരുന്നു


ടൊറന്റോ: എയര്‍ കാനഡ ഫ്‌ളൈറ്റ് അറ്റന്‍ഡന്റുകള്‍ ജോലിയില്‍ കയറാനുള്ള ഉത്തരവ് ലംഘിച്ച് പണിമുടക്കില്‍ തുടരുമെന്ന് കനേഡിയന്‍ യൂണിയന്‍ ഓഫ് പബ്ലിക് എംപ്ലോയീസ് (ക്യുപേ) റേഡിയോ കാനഡയോട് പറഞ്ഞു.

അംഗങ്ങള്‍ പണിമുടക്കില്‍ തുടരുമെന്നും 'ന്യായമായ കരാര്‍ ചര്‍ച്ച ചെയ്യാന്‍' എയര്‍ കാനഡയെ വീണ്ടും ക്ഷണിക്കുമെന്നും ജീവനക്കാരുടെ സംഘടന പ്രസ്താവനയില്‍ പറഞ്ഞു.

പതിനായിരം ഫ്‌ളൈറ്റ് അറ്റന്‍ഡന്റുമാരുടെ അവകാശങ്ങള്‍ ലംഘിക്കുന്ന ഭരണഘടനാ വിരുദ്ധമായ ഉത്തരവിനെ തങ്ങള്‍ അംഗീകരിക്കില്ലെന്നും 70 ശതമാനം സ്ത്രീകളാണെന്നും അവരെല്ലാവരും ജോലിക്ക് വരുമ്പോഴെല്ലാം മണിക്കൂറുകളോളം ശമ്പളമില്ലാതെ ജോലി ചെയ്യാന്‍ നിര്‍ബന്ധിതരാകുന്നുവെന്നും സംഘടന പ്രസ്താവനയില്‍ പറഞ്ഞു.

എന്നാല്‍ പണിമുടക്കിനെ കുറിച്ചുള്ള വിവരങ്ങള്‍ക്ക് 

എയര്‍ കാനഡയും കനേഡിയന്‍ സര്‍ക്കാര്‍ വക്താവും പ്രതികരിച്ചില്ല.

മോണ്‍ട്രിയല്‍ ആസ്ഥാനമായുള്ള എയര്‍ലൈന്‍ ഞായറാഴ്ച വൈകുന്നേരം മുതല്‍ വിമാന സര്‍വീസുകള്‍ പുന:രാരംഭിക്കാന്‍ പദ്ധതിയിട്ടതായി പ്രഖ്യാപിച്ചു. ജീവനക്കാരുടെ പണിമുടക്കിനെ തുടര്‍ന്ന് ഏകദേശം 700 ദൈനംദിന വിമാന സര്‍വീസുകളാണ് നിര്‍ത്തിവെച്ചത്. ഒരുലക്ഷത്തിലധികം യാത്രക്കാരാണ് വിമാനങ്ങള്‍ ഇല്ലാതായതോടെ വലഞ്ഞത്. 

ആരും ജോലിയിലേക്ക് മടങ്ങാനുള്ള മാനസികാവസ്ഥയിലാണെന്ന് താന്‍ കരുതുന്നില്ലെന്ന് ക്യുപേ ലോക്കല്‍ 4092ന്റെ വൈസ് പ്രസിഡന്റ് ലിലിയന്‍ സ്പീഡി മിസിസാഗയിലെ ടൊറന്റോ പിയേഴ്‌സണ്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന് പുറത്തുള്ള പിക്കറ്റ് ലൈനില്‍ സി ബി സിയുടെ ന്യൂസ് നെറ്റ്വര്‍ക്കിനോട് പറഞ്ഞു.

പണിമുടക്കും ലോക്കൗട്ടും പ്രാബല്യത്തില്‍ വന്ന് 12 മണിക്കൂറിനുള്ളില്‍ എയര്‍ലൈന്‍ ജീവനക്കാരോട്  ജോലിയില്‍ തിരികെ പ്രവേശിക്കാന്‍ ഫെഡറല്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. ഫെഡറല്‍ ജോബ്‌സ് മന്ത്രി പാറ്റി ഹജ്ദു എയര്‍ കാനഡയുടെ ആവശ്യങ്ങള്‍ക്ക് വഴങ്ങിയതായി യൂണിയന്‍ ആരോപിച്ചു.

കാനഡ ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ് ബോര്‍ഡ് (സിഐആര്‍ബി) ഞായറാഴ്ച പ്രവര്‍ത്തനം പുനരാരംഭിക്കാനും ഫ്‌ളൈറ്റ് അറ്റന്‍ഡന്റുമാരെ ഉച്ചയ്ക്ക് രണ്ടു മണിയോടെ അവരുടെ ജോലികളിലേക്ക് തിരികെ കൊണ്ടുവരാനും നിര്‍ദ്ദേശിച്ചതായി എയര്‍ കാനഡ പറഞ്ഞു.

മാര്‍ച്ച് 31ന് കാലഹരണപ്പെട്ട യൂണിയനും എയര്‍ലൈനും തമ്മിലുള്ള കരാറിന്റെ നിബന്ധനകള്‍ പുതിയ കരാറിലെത്തുന്നതുവരെ നീട്ടാന്‍ സി ഐ ആര്‍ ബി ഉത്തരവിട്ടതായി അതില്‍ പറയുന്നു.

എയര്‍ലൈനുമായി 11-ാം മണിക്കൂര്‍ കരാറിലെത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് അംഗങ്ങള്‍ പിക്കറ്റ് ലൈനുകളിലേക്ക് പോകുകയാണെന്ന് ക്യുപേ പ്രഖ്യാപിച്ചു. 

യോര്‍ക്ക് യൂണിവേഴ്‌സിറ്റിയിലെ അസോസിയേറ്റ് പ്രൊഫസര്‍ സ്റ്റീവന്‍ ടഫ്റ്റ്‌സിന്റെ അഭിപ്രായത്തില്‍ എയര്‍ കാനഡ തങ്ങളുടെ തൊഴില്‍ ബന്ധ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഫെഡറല്‍ സര്‍ക്കാരിനെ ആശ്രയിക്കുന്ന അവസ്ഥയിലാണ്. 

എയര്‍ലൈനും പൈലറ്റ് യൂണിയനും തമ്മിലുള്ള കഴിഞ്ഞ വര്‍ഷത്തെ തര്‍ക്കം അദ്ദേഹം പരാമര്‍ശിച്ചു. 2024 സെപ്റ്റംബറില്‍ ഇരുപക്ഷവും താല്‍ക്കാലിക കരാറില്‍ എത്തുന്നതിനുമുമ്പ് ഇടപെടാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് എയര്‍ കാനഡ ആവശ്യപ്പെട്ടു.

എയര്‍ കാനഡ കഴിഞ്ഞ വര്‍ഷം പൈലറ്റുമാരുടെ കാര്യത്തില്‍ സര്‍ക്കാരിനെ ഇടപെടാന്‍ പ്രേരിപ്പിച്ചതായി ടഫ്റ്റ്‌സ് സി ബി സി ന്യൂസ് നെറ്റ്വര്‍ക്കിനോട് പറഞ്ഞു.

ഇരുവിഭാഗവും ഈ ആഴ്ച ചര്‍ച്ച നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുന്‍ 10 വര്‍ഷത്തെ കരാറില്‍ പണപ്പെരുപ്പം മൂലം ലഭിച്ച വേതനവും വിമാനങ്ങള്‍ പറക്കാത്തപ്പോള്‍ ശമ്പളം ലഭിക്കാത്ത ജോലിയും സംബന്ധിച്ചാണ് തങ്ങളുടെ പ്രധാന പ്രശ്നങ്ങളെന്ന് അവര്‍ പറഞ്ഞു.

മൂന്നാം കക്ഷി എയര്‍ലൈനുകളായ ജാസ്, പിഎഎല്‍  എന്നിവ നടത്തുന്ന എയര്‍ കാനഡ എക്‌സ്പ്രസ് വിമാനങ്ങളെ ഇത് ബാധിച്ചിട്ടില്ല.

വിമാനങ്ങള്‍ റദ്ദാക്കുകയും യാത്ര ചെയ്യുകയോ റീഫണ്ട് സ്വീകരിക്കുകയോ ചെയ്യാത്ത ഉപഭോക്താക്കളെ അറിയിക്കുകയും പുതിയ യാത്രാ പദ്ധതി നല്‍കുകയും ചെയ്യുമെന്ന് എയര്‍ലൈന്‍ പറയുന്നു.