ബ്രാംപ്ടണിലെ തടാകത്തില്‍ സോപ്പ് തേച്ച് കുളി; ഇന്ത്യക്കാരെന്ന് അഭ്യൂഹം; വിമര്‍ശനം

ബ്രാംപ്ടണിലെ തടാകത്തില്‍ സോപ്പ് തേച്ച് കുളി; ഇന്ത്യക്കാരെന്ന് അഭ്യൂഹം; വിമര്‍ശനം


ബ്രാംപ്ടണ്‍: കാനഡയിലെ ബ്രാംപ്ടണിലെ ഒരു തടാകത്തില്‍ ആളുകള്‍ സോപ്പ് ഉപയോഗിച്ച് കുളിക്കുന്ന വിഡിയോ വൈറലായതിനുപിന്നാലെ വ്യാപക വിമര്‍ശനം. നാലംഗസംഘം തടാകത്തില്‍ സോപ്പുപയോഗിച്ച് കുളിക്കുന്ന ദൃശ്യങ്ങളാണ് വിഡിയോയില്‍ ഉള്ളത്.  ഇവരുടെ പ്രവൃത്തിയെ വിമര്‍ശിച്ചും ഒട്ടേറെപ്പേരാണ് രംഗത്തെത്തിയത്.  പരിസ്ഥിതിക്ക് ദോഷകരമാണ് ഈ പ്രവൃത്തി എന്നാണ് പ്രധാന വിമര്‍ശനം. 

'കാനഡയിലെ ബീച്ചുകള്‍ വിദേശികളുടെ കുളിമുറികളായി മാറുകയാണ്. കാനഡ ദിനംപ്രതി ഒരു മൂന്നാം ലോക രാജ്യമായി മാറിക്കൊണ്ടിരിക്കുന്നു' എന്ന അടിക്കുറിപ്പോടെ കിര്‍ക്ക് ലുബിമോവ് എന്ന ഉപയോക്താവാണ് സമൂഹമാധ്യമത്തില്‍ വിഡിയോ പങ്കുവച്ചത്. വിഡിയോയിലുള്ളത് ഇന്ത്യക്കാരാണെന്നുള്ള അഭിപ്രായവും ഉയരുന്നുണ്ട്. അതേസമയം ഇവരുടെ സ്വദേശം എവിടെയാണെന്ന് സ്ഥിരീകരിച്ചിട്ടില്ല.

വിഡിയോ വൈറലായതോടെ സോപ്പ് തേച്ചുള്ള കുളിക്കെതിരേ വ്യാപകമായ വിമര്‍ശനമാണ് ഉയരുന്നത്.  ജലാശയങ്ങളില്‍ സോപ്പ് തേച്ച് കുളിക്കുന്നത് പരിസ്ഥിതി ആഘാതത്തിന് കാരണമാകുമെന്നും ജലം മലിനമാക്കുമെന്നും ഇത് ജലജീവികളെ ബാധിക്കുമെന്നും ഉപയോക്താക്കള്‍ അഭിപ്രായപ്പെട്ടു. 

സോപ്പ് പരിസ്ഥിതിക്ക് ദോഷമാണെന്നും വിഡിയോയിലുള്ളത് നിരുത്തരവാദപരമായ പ്രവൃത്തിയാണെന്നും മറ്റൊരാള്‍ അഭിപ്രായപ്പെട്ടു. ഇത്തരം പ്രവൃത്തികളിലേര്‍പ്പെടുന്നവരെ ബോധവത്കരിക്കണമെന്നും പൊതുജലാശയങ്ങളില്‍ ഇതൊന്നും അനുവദിക്കരുതെന്നും ചിലര്‍ പറഞ്ഞു. ഇതിനകം 5 ദശലക്ഷത്തിലധികം പേരാണ് വിഡിയോ കണ്ടിരിക്കുന്നത്.