കാനഡയിലേക്കുള്ള കുടിയേറ്റങ്ങളെ ബാധിക്കുന്ന കൂടിയ ജീവിതച്ചെലവും പാര്‍പ്പിട പ്രതിസന്ധിയും

കാനഡയിലേക്കുള്ള കുടിയേറ്റങ്ങളെ ബാധിക്കുന്ന കൂടിയ ജീവിതച്ചെലവും പാര്‍പ്പിട പ്രതിസന്ധിയും


ടൊറന്റോ: കാനഡയിലെ പാര്‍പ്പിട പ്രതിസന്ധി പലരേയും നിലവിലുള്ള വിലയേറിയ സ്ഥലങ്ങളില്‍ നിന്നും താമസം മാറാന്‍ പ്രേരിപ്പിക്കുന്നതായി റിപ്പോര്‍ട്ട്. സമീപകാല കുടിയേറ്റക്കാരില്‍ പലരും അവര്‍ നിലവില്‍ താമസിക്കുന്ന പ്രവിശ്യയില്‍ നിന്ന് സ്ഥലംമാറ്റം പരിഗണിക്കുന്നവരാണ്. 

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ആംഗസ് റീഡ് ഇന്‍സ്റ്റിറ്റ്യൂട്ട് (എആര്‍ഐ) പുറത്തിറക്കിയ സര്‍വേയിലെ പ്രധാന കണ്ടെത്തലുകളില്‍ ഇവ ഉള്‍പ്പെടുന്നു.

സാമ്പിള്‍ എടുത്തവരില്‍ 28 ശതമാനം പേരും തങ്ങള്‍ നിലവില്‍ താമസിക്കുന്ന പ്രവിശ്യ വിടുന്നതിനെക്കുറിച്ച് ഗൗരവമായി ചിന്തിക്കുന്നുണ്ടെന്ന് സര്‍വേ അഭിപ്രായപ്പെട്ടു. ഈ സംഖ്യ സമീപകാല കുടിയേറ്റക്കാരില്‍ 39 ശതമാനമായി ഉയര്‍ന്നു. ഒരു ദശാബ്ദമോ അതില്‍ താഴെയോ കാനഡയില്‍ കഴിയുന്നവരാണ് സമീപകാല കുടിയേറ്റക്കാര്‍. 

ഗ്രേറ്റര്‍ ടൊറന്റോ ഏരിയ (ജി ടി എ), മെട്രോ വാന്‍കൂവര്‍ തുടങ്ങിയ നഗര കേന്ദ്രങ്ങളില്‍ നിന്നും ആല്‍ബര്‍ട്ട പ്രവിശ്യ പോലെ രാജ്യത്തിനകത്ത് താരതമ്യേന വിലകുറഞ്ഞ സാധ്യതകളിലേക്ക് നീങ്ങാനാണ് ഭൂരിപക്ഷം പേരും ശ്രമിക്കുന്നത്. എന്നാല്‍ പുതിയ പ്രദേശം തേടുന്ന 42 ശതമാനം പേര്‍ കാനഡയില്‍ നിന്ന് പുറത്തുപോകാനാണ് ആലോചിക്കുന്നത്. യു എസില്‍ മാത്രമല്ല മറ്റ് രാജ്യങ്ങളും വ്യക്തമായ ലക്ഷ്യസ്ഥാനമാണ്.

ഫലത്തില്‍, ഏകദേശം 12 ശതമാനം കാനഡക്കാരാണ് രാജ്യം വിടാന്‍ ശ്രമിക്കുന്നത്. ഏകദേശം 7.5 ശതമാനം പേര്‍ അമേരിക്കയ്ക്കപ്പുറമുള്ള രാജ്യങ്ങളാണ് ലക്ഷ്യസ്ഥാനമാക്കിയിരിക്കുന്നത്. 

കാനഡയുടെ ഇമിഗ്രേഷന്‍ ലെവല്‍ സമീപ വര്‍ഷങ്ങളില്‍ റെക്കോര്‍ഡ് ഉയരത്തിലെത്തിയിട്ടുണ്ട്. കുടിയേറ്റം ആഗ്രഹിക്കുന്നതില്‍ ഭൂരിപക്ഷവും വിദേശത്തു നിന്നും കാനഡ സ്വപ്‌നം കാണുമ്പോള്‍ സമീപ വര്‍ഷങ്ങളില്‍ കാനഡയിലെത്തിയ പലര്‍ക്കും സ്വപ്‌നത്തേക്കാള്‍ ദുസ്വപ്‌നമാണ് ഈ രാജ്യം.  

കുടിയേറ്റത്തിലെ പ്രധാന ചെലവ് പാര്‍പ്പിടത്തിനാണ് വരുന്നത്. എആര്‍ഐ സൂചിപ്പിച്ചതുപോലെ 'വീട് നിര്‍മ്മാണച്ചെലവ് 10-ല്‍ മൂന്ന് കാനഡക്കാരെ സ്ഥലംമാറ്റം പരിഗണിക്കാന്‍ പ്രേരിപ്പിക്കുന്നു. ഇത് പല കാനഡക്കാരേയും കൂടുതല്‍ താങ്ങാനാവുന്ന പാര്‍പ്പിട കേന്ദ്രങ്ങളുള്ളിടത്തേക്ക് നീങ്ങാനാണ് പ്രേരിപ്പിക്കുന്നത്. 

കഴിഞ്ഞ 10 വര്‍ഷമായി കാനഡയിലെത്തിയിട്ടുള്ളവരെ അപേക്ഷിച്ച് ഭവന ചെലവ് കൂടുതലായതിനാല്‍ അവര്‍ നിലവില്‍ താമസിക്കുന്ന പ്രവിശ്യ വിട്ടുപോകാന്‍ ആലോചിക്കുന്നതായി സമ്മതിക്കാനുള്ള സാധ്യത കൂടുതലാണെന്ന് സര്‍വേ ചൂണ്ടിക്കാട്ടി.

ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ കനേഡിയന്‍ സിറ്റിസണ്‍ഷിപ്പില്‍ നിന്നുള്ള റിപ്പോര്‍ട്ടും ഇതാണ് സൂചിപ്പിക്കുന്നത്. സമീപ വര്‍ഷങ്ങളില്‍ കുറച്ച് സ്ഥിര താമസക്കാര്‍ പൗരന്മാരായി മാറുന്നു. എന്നാല്‍ 2001ലെ 75 ശതമാനത്തില്‍ നിന്ന് 2021ല്‍ 45 ശതമാനമായി കുറഞ്ഞു.

കാനഡയില്‍ സ്ഥിര താമസക്കാരായി എത്തിയവരില്‍ ഏറ്റവും വലിയ കൂട്ടം ഇന്ത്യക്കാരാണ്. ഇമിഗ്രേഷന്‍, റെഫ്യൂജീസ് ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് കാനഡ ഡാറ്റ അനുസരിച്ച് ഈ വര്‍ഷം ഏപ്രില്‍ വരെ പുതിയ പി ആര്‍ നേടിയവരില്‍ ഏകദേശ 31 ശതമാനമാണ് ഇന്ത്യക്കാര്‍. അതായത് 164,265ല്‍ 51,450. കഴിഞ്ഞ വര്‍ഷം അത് 29.6 ശതമാനമായിരുന്നു 471,810ല്‍ 139,785. 2015ല്‍ 14.5 ശതമാനം അഥവാ 271,840 ല്‍ 39,340.

സമീപകാല കുടിയേറ്റക്കാരില്‍ പലരും രാജ്യം വിടുതിന് പ്രധാന കാരണം ഉയര്‍ന്ന ജീവിതച്ചെലവും പാര്‍പ്പിട പ്രതിസന്ധിയുമാണ്. ഇതാകട്ടെ പുതുമുഖങ്ങളെ സ്വാഗതം ചെയ്യുന്ന രാജ്യമെന്ന നിലയില്‍ കാനഡയുടെ പ്രശസ്തിക്ക് ഇത് ഹാനികരമായേക്കാമെന്നാണ് എആര്‍ഐ മുന്നറിയിപ്പ് നല്‍കുന്നത്.

കാനഡയിലേക്കുള്ള കുടിയേറ്റങ്ങളെ ബാധിക്കുന്ന കൂടിയ ജീവിതച്ചെലവും പാര്‍പ്പിട പ്രതിസന്ധിയും