തൊടുപുഴ: വീടിന് തീവെച്ച് മകനെയും കുടുംബത്തെയും കൊലപ്പെടുത്തിയ കേസില്‍ 80 കാരനായ പിതാവിന് വധശിക്ഷ. ചീനിക്കുഴി കൂട്ടക്കൊലക്കേസ് പ്രതി ആലിയാക്കുന്നേല്‍ ഹമീദിന് (80 വയസ്സ് ) ആണ് തൊടുപുഴ മുട്ടം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വധശിക്ഷ വിധിച്ചത്. പ്രതിയെ മരണം വരെ തൂക്കിലേറ്റാന്‍ ജഡ്ജി ആഷ് കെ ബാല്‍ പ്രസ്താവിച്ചു. പ്രതിയുടെ പ്രായം പരിഗണിക്കണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല.
2022 മാര്‍ച്ച് 19നായിരുന്നു കേരളത്തെ നടുക്കിയ കൂട്ടക്കൊലപാതകം നടന്നത്. തൊടുപുഴ ചീനിക്കുഴിയില്‍ ഹമീന്റെ മകനായ ആലിയേക്കുന്നേല്‍ മുഹമ്മദ് ഫൈസല്‍ (45), ഭാര്യ ഷീബ, മക്കളായ മെഹര്‍ (16) , അസ്‌ന (14) എന്നിവരെയാണ് പെട്രോള്‍ ഒഴിച്ച് ചുട്ട് കൊലപ്പെടുത്തിയത്. സ്വത്തിന് വേണ്ടിയുണ്ടായ നിരന്തര തര്‍ക്കമായിരുന്നു കൂട്ടക്കൊലയ്ക്ക് കാരണം.
രക്ഷപ്പെടാനുള്ള മാര്‍ഗങ്ങളെല്ലാം തടസപ്പെടുത്തിയ ശേഷം കൃത്യമായ ആസൂത്രണത്തോടെയാണ് ഹമീദ് വീടിന് തീയിട്ടത്. തീ അണയ്ക്കാതിരിക്കാന്‍ വീട്ടിലെ വാട്ടര്‍ടാങ്കില്‍നിന്ന് വെള്ളം ഒഴുക്കി കളയുകയും പൈപ്പുകളുടെ കണക്ഷന്‍ വിച്ഛേദിക്കുകയും ചെയ്തു. ഫ്രിഡ്ജില്‍ കരുതിയിരുന്ന വെള്ളംപോലും എടുത്തു കളഞ്ഞു. ഭാര്യ മരിച്ചതിന് ശേഷം ഹമീദ് തൊടുപുഴയിലെ വീട്ടില്‍നിന്ന് മണിയന്‍കുടിയിലേക്ക് താമസം മാറിയിരുന്നു.
.പിന്നീട് ഫൈസലിന്റെ വീട്ടിലെത്തിയ ഹമീദ് സ്വത്തിനെച്ചൊല്ലി മകനുമായി വഴക്കുണ്ടാക്കി. കടമുറികള്‍ അടക്കമുള്ള വസ്തുവാണ് ഹമീദ് തനിക്ക് തിരികെ വേണമെന്ന് ആവശ്യപ്പെട്ടിരുന്നത്. സ്വന്തം കൊച്ചുമക്കളായ നിഷ്‌കളങ്കരായ രണ്ട് പിഞ്ചുകുട്ടികളെ അടക്കം കൊന്ന പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു.
വീടിന് തീവെച്ച് മകനെയും കുടുംബത്തെയും കൊലപ്പെടുത്തിയ കേസില്‍ 80 കാരന് വധശിക്ഷ
