സാമ്പത്തിക-വാണിജ്യ മേഖലയില്‍ ചൈനയും അമേരിക്കയും ധാരണയിലെത്തിയതായി ഷി ജിന്‍ പിങ്

സാമ്പത്തിക-വാണിജ്യ മേഖലയില്‍ ചൈനയും അമേരിക്കയും ധാരണയിലെത്തിയതായി ഷി ജിന്‍ പിങ്


ബുസാന്‍: സാമ്പത്തിക-വാണിജ്യ മേഖലയില്‍ ചൈനയും അമേരിക്കയും ധാരണയിലെത്തിയതായി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ഡ പിങ് അറിയിച്ചു. ദക്ഷിണ കൊറിയയിലെ ബുസാനില്‍ വ്യാഴാഴ്ച (ഒക്‌ടോബര്‍ 30) യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു പിന്നാലെയാണ് ചൈനീസ് നേതാവിന്റെ പ്രഖ്യാപനം.
ഇരു രാജ്യങ്ങളും 'പ്രതികാരത്തിന്റെ ദൂഷിതവലയത്തില്‍ ' വീഴരുതെന്നും, പരസ്പര സഹകരണത്തിലൂടെയാണ് മുന്നേറേണ്ടതെന്നും ഷി പറഞ്ഞു.

ചൈനയുടെ വികസന കാഴ്ചപ്പാട് ട്രംപിന്റെ 'മേക്ക് അമേരിക്ക ഗ്രേറ്റ് അഗെയിന്‍' ആജണ്ടയുമായി ഒത്തുപോകുന്നതാണ് എന്നും അദ്ദേഹം വ്യക്തമാക്കി. 'നിങ്ങളും ഞാനും ചൈന-അമേരിക്ക ബന്ധങ്ങളുടെ കെട്ടുറപ്പിനായി പരിശ്രമിക്കണം. വെല്ലുവിളികള്‍ക്കും പ്രതികൂല സാഹചര്യങ്ങള്‍ക്കും ഇടയിലും ഈ ബന്ധം സ്ഥിരതയോടെ മുന്നോട്ടു പോകണം ' ഷിയെ ഉദ്ധരിച്ച് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

'വ്യത്യസ്ത ദേശസാഹചര്യങ്ങളുള്ള രണ്ട് മഹാശക്തികള്‍ക്ക് ഇടയില്‍ തര്‍ക്കങ്ങള്‍ ഉണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാല്‍ ചൈനയും അമേരിക്കയും സുഹൃത്തുക്കളും പങ്കാളികളും ആയിരിക്കണം-ചരിത്രം അങ്ങനെ തന്നെയാണ്  നമ്മെ പഠിപ്പിക്കുന്നത്,' ഷി കൂട്ടിച്ചേര്‍ത്തു.

ഇതിനുമുന്‍പ് എയര്‍ ഫോഴ്‌സ് വണ്ണില്‍ മാധ്യമങ്ങളോട് പ്രതികരിക്കുമ്പോള്‍ അമേരിക്കയും ചൈനയും ഒരു വര്‍ഷത്തേക്ക് റെയര്‍ എര്‍ത്ത് കരാര്‍ ഒപ്പുവെച്ചതായി ട്രംപ് അറിയിച്ചു. കൂടാതെ ചൈനീസ് ഫെന്റനൈല്‍ ഉല്‍പ്പന്നങ്ങളിലേക്കുള്ള താരിഫ് 10 ശതമാനം കുറയ്ക്കാനാണ് അമേരിക്ക തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.

 അടുത്ത വര്‍ഷം ഏപ്രിലില്‍ ട്രംപ് ചൈന സന്ദര്‍ശിച്ചതിന് ശേഷം ഷി ജിന്‍പിങ് അമേരിക്ക സന്ദര്‍ശിക്കും. 'റെയര്‍ എര്‍ത്ത് സംബന്ധിച്ച എല്ലാം തീര്‍ന്നു, അത് ലോകത്തിനുവേണ്ടിയുള്ളതാണ്,' ട്രംപ് പറഞ്ഞു. എന്നാല്‍ ഷി ജിന്‍പിങ് ഇതിനെ കുറിച്ച് പ്രതികരിച്ചില്ല.