ലൂവ്രെ മ്യൂസിയം കവര്‍ച്ച: പ്രധാന പ്രതി ഉള്‍പ്പെടെ അഞ്ചുപേര്‍ കൂടി അറസ്റ്റില്‍; മോഷ്ടിച്ച ആഭരണങ്ങള്‍ കണ്ടെത്തിയില്ല

ലൂവ്രെ മ്യൂസിയം കവര്‍ച്ച: പ്രധാന പ്രതി ഉള്‍പ്പെടെ അഞ്ചുപേര്‍ കൂടി അറസ്റ്റില്‍; മോഷ്ടിച്ച ആഭരണങ്ങള്‍ കണ്ടെത്തിയില്ല


പാരീസ്: ലോകപ്രസിദ്ധമായ ലൂവ്രെ മ്യൂസിയത്തില്‍ നടന്ന ആഭരണ കവര്‍ച്ചക്കേസില്‍ മുഖ്യ പ്രതി ഉള്‍പ്പെടെ അഞ്ചുപേര്‍ കൂടി അന്വേഷണ സംഘത്തിന്റെ പിടിയിലായതായി പാരീസ് പ്രോസിക്യൂട്ടര്‍ ലോറ ബെക്കൂ അറിയിച്ചു. ഒക്ടോബര്‍ 19ന് നടന്ന കവര്‍ച്ചയുമായി ബന്ധപ്പെട്ട് ലഭിച്ച ഡിഎന്‍എ തെളിവുകള്‍ മുഖ്യപ്രതിയുമായി ഒത്തുചേരുന്നതാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

ഏകദേശം 102 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന ആഭരണങ്ങളാണ് മോഷണം പോയത്. എന്നാല്‍ ഇതുവരെ ഒന്നും വീണ്ടെടുത്തിട്ടില്ല. പാരീസിനോട് ചേര്‍ന്ന സെയിന്‍ സെന്റ് ദെനീ പ്രദേശത്താണ് ബുധനാഴ്ച അറസ്റ്റ് നടന്നത്. കഴിഞ്ഞ വാരാന്ത്യത്തില്‍ പിടിയിലായ രണ്ടുപേര്‍ക്കെതിരെ ഇതിനകം കവര്‍ച്ച, ക്രിമിനല്‍ ഗൂഢാലോചന എന്നിവ ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ക്ക് ചുമത്തിയിട്ടുണ്ട്. ഇവര്‍ ഭാഗികമായി കുറ്റസമ്മതം നടത്തിയതായും പ്രോസിക്യൂട്ടര്‍ വ്യക്തമാക്കി.
അന്വേഷണം അതിന്റെ പ്രാരംഭ ഘട്ടത്തിലാണ് ഇപ്പോള്‍, എങ്കിലും പിടിയിലായവരില്‍ നിന്നും കവര്‍ച്ചയുടെ പിന്നാമ്പുറ വിശദാംശങ്ങള്‍ ലഭിക്കാനുള്ള സാധ്യതയുണ്ടെന്ന് പ്രോസിക്യൂട്ടര്‍ ലോറ ബെക്കൂവിന്റെ പ്രസ്താവന വ്യക്തമാക്കി.
 
കവര്‍ച്ച നടന്നതെങ്ങനെ ?

റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഒക്ടോബര്‍ 19നു രാവിലെ 9.30ഓടെയാണ് കവര്‍ച്ചാ സംഘം മ്യൂസിയത്തിലെത്തിയത്. ഗാലറി ദി അപ്പോളോണ്‍ (Galerie d'Apollon) എന്ന ആദ്യ നിലയിലെ ആഭരണ ഗാലറിയാണ് ഇവര്‍ ലക്ഷ്യം വെച്ചത്. ഹൈഡ്രോളിക് ലിഫ്റ്റ് ഘടിപ്പിച്ച ട്രക്കിന്റെ സഹായത്തോടെ മ്യൂസിയത്തിന്റെ സൈന്‍ നദിയോട് ചേര്‍ന്ന ബാല്‍ക്കണിവഴി രണ്ടുപേര്‍ അകത്തേക്കു കയറി.

വൈദ്യുത വാളുകള്‍ ഉപയോഗിച്ച് ജനല്‍ മുറിച്ച് അകത്തുകയറിയ ഇവര്‍, സുരക്ഷാ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി  പുറത്താക്കിയതിനുശേഷം പ്രദര്‍ശന കൂടുകള്‍ തകര്‍ത്ത് അമൂല്യ ആഭരണങ്ങള്‍ കൈക്കലാക്കി.

ഫ്രഞ്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച്, മോഷ്ടാക്കള്‍ ലക്ഷ്യമിട്ട ഭാഗത്തെ മുറികളില്‍ ഏകദേശം മൂന്നിലൊന്ന് സ്ഥലങ്ങളില്‍ സിസിടിവി ക്യാമറകളില്ലായിരുന്നു. വെറും നാല് മിനിറ്റിനുള്ളില്‍ തന്നെ സംഘം ദൗത്യം പൂര്‍ത്തിയാക്കി, മ്യൂസിയത്തിന് പുറത്തു കാത്തിരുന്ന രണ്ടു സ്‌കൂട്ടറുകളില്‍ രക്ഷപ്പെട്ടു. രാവിലെ 9.38നായിരുന്നു ഇവര്‍ സ്ഥലം വിട്ടത്.

നെപ്പോളിയന്‍ ഒന്നാമന്‍ തന്റെ ഭാര്യ  മേരിലൂയിസ് രാജ്ഞിക്ക്  സമ്മാനിച്ച എമറാള്‍ഡ്-ഡയമണ്ട് മാലയും ഫ്രെഞ്ച് രാജ്ഞി യൂജിനിയുടെ, ഏകദേശം 2,000 ഡയമണ്ടുകള്‍ ഘടിപ്പിച്ച കിരീടവുമാണ് മോഷ്ടിക്കപ്പെട്ട ആഭരണങ്ങളില്‍ പ്രധാനപ്പെട്ടവ.