റിയോ ഡി ജനീറോ: ബ്രസീലിന്റെ ചരിത്രത്തിലെ ഏറ്റവും രൂക്ഷമായ പൊലീസ് ഓപ്പറേഷനായി മാറിയ റിയോയിലെ മയക്കുമരുന്നു വേട്ടയില്‍ കുറഞ്ഞത് 119 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. നാല് പൊലീസുകാരും ഉള്‍പ്പെടുന്ന മരണസംഖ്യ 1992ലെ കാരണ്ടിരു ജയിലിലെ കൂട്ടക്കൊലയെയും (111 മരണം) മറികടന്നതോടെ റെയ്ഡിനെതിരെ രാജ്യത്ത് വ്യാപകമായ പ്രതിഷേധമാണ് ഉയര്‍ന്നിട്ടുള്ളത്.
റിയോയിലെ ഏറ്റവും ശക്തമായ മയക്കുമരുന്ന് സംഘമായ കൊമാണ്ടോ വെര്‍മെലിയോ (Comando Vermelho)യെ തകര്‍ക്കുക എന്നതായിരുന്നു 'ഓപ്പറേഷന്‍ കണ്ടെയിന്‍മെന്റ്' എന്ന പേരില്‍ നടത്തിയ ഈ റെയ്ഡിന്റെ ലക്ഷ്യം. നഗരത്തിലെ അലിമോ, പെന്ഹ എന്നീ പ്രധാന ഫവേലകളിലായി ഏകദേശം 2,500 പൊലീസുകാരാണ് സൈനിക വാഹനങ്ങള്‍, ഹെലികോപ്റ്ററുകള്‍, ഡ്രോണുകള്‍ എന്നിവയുടെ സഹായത്തോടെ ഓപ്പറേഷന്‍ നടത്തിയത്.
അധികൃതരുടെ കണക്കുപ്രകാരം 119 മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും 132 പേര്‍ കൊല്ലപ്പെട്ടതായാണ് പൊതു പ്രതിരോധ ഓഫീസ് പറയുന്നത്. 113 പേരെ അറസ്റ്റ് ചെയ്തതായും അതില്‍ പത്ത് പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണെന്നും പൊലീസ് അറിയിച്ചു. 91 ഹൈപവര്‍ തോക്കുകളും വന്‍തോതില്‍ മയക്കുമരുന്നുകളും പിടിച്ചെടുത്തിട്ടുണ്ട്.
രാഷ്ട്രീയ വിവാദം
മുന്‍ പ്രസിഡന്റ് ജെയര്‍ ബോല്‍സൊനാരോയുടെ അടുത്ത അനുയായിയും റിയോ ഗവര്‍ണറുമായ ക്ലാഡിയോ കാസ്‌ട്രോയാണ് റെയ്ഡിന് നേതൃത്വം നല്‍കിയത്. ഈ ഓപ്പറേഷന്‍ സംബന്ധിച്ച് ഫെഡറല്‍ സര്‍ക്കാര്‍ മുന്‍കൂറായി അറിയിച്ചിരുന്നില്ലെന്ന് നീതിമന്ത്രി റിക്കാര്‍ഡോ ലെവന്‍ഡോവ്‌സ്‌കി വ്യക്തമാക്കി. പിടിയിലാകുന്ന 'ഡ്രഗ് ട്രാഫിക്കര്‍മാരും കാരിയറുകളും പലപ്പോളും ഇരകളാക്കെപ്പെടുന്നവരാണ്' എന്ന പ്രസിഡന്റ് ലുലാ ദ സില്‍വയുടെ പ്രസ്താവനയെത്തുടര്‍ന്ന് വന്‍ രാഷ്ട്രീയ വിവാദം നിലനില്‍ക്കുമ്പോഴാണ് ഈ റെയ്ഡും കൊലപാതകങ്ങളും നടന്നത്.
കൊല്ലപ്പെട്ടവരെക്കറിച്ചുള്ള വിവരങ്ങളില്‍ നിഗൂഢത; അന്വേഷണം വേണം
മരിച്ചവരില്‍ എത്രപേര്‍ മയക്കുമരുന്നു സംഘാംഗങ്ങളാണെന്നതും എത്രപേര്‍ സാധാരണ പൗരന്മാരാണെന്നതും വ്യക്തമല്ല. സംഘത്തിന്റെ പ്രധാന ലഫ്റ്റനന്റാണെന്ന് കരുതുന്ന തിയാഗോ ഡൊ നാസിമെന്റോ മെന്‍ഡസിനെ അറസ്റ്റ് ചെയ്തതായി ബ്രസീലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ മരിച്ചവരില്‍ ഉന്നതതരുണ്ടോയെന്ന് വ്യക്തമല്ല.
പൗരന്മാരുടെ വധം ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് ബ്രസീല്‍ പ്രോസിക്യൂട്ടര്‍ ജനറല്‍ ഓഫീസ് സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തില്‍ യു.എന്‍. സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടറസ് അടിയന്തര അന്വേഷണത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
റിയോ ഡി ജനീറോയില്‍ മയക്കുമരുന്നുകാര്‍ക്കായി തിരച്ചിലിനിടെ 119 മരണം; ബ്രസീലിന്റെ ചരിത്രത്തിലെ ഏറ്റവും രൂക്ഷമായ ഓപ്പറേഷന്‍
