ജോര്‍ജ് തുമ്പയില്‍
പാക്കിസ്ഥാനിലെ ലാഹോറില്‍ നടക്കുന്ന ലോക മതങ്ങളെക്കുറിച്ച എട്ടാമത് അന്താരാഷ്ട്ര സമ്മേളനത്തില്‍ ഫാ. ഡോ. ജോസഫ് വര്‍ഗീസ് പ്രസംഗിക്കും. ഒക്ടോബര്‍ 25, 26 തിയ്യതികളില്‍ മിന്‍ഹാജ് സര്‍വകലാശാലയില്‍ നടക്കുന്ന കോണ്‍ഫറന്‍സിന്റെ വിഷയം 'തീവ്രവാദത്തെ അതിന്റെ വേരുകളില്‍ തടയുക, പ്രതിരോധശേഷിയുള്ള സമൂഹങ്ങള്‍ കെട്ടിപ്പടുക്കുക' എന്നതാണ്. മിന്‍ഹാജ് സര്‍വകലാശാലയും പാകിസ്ഥാന്‍ സര്‍ക്കാരും ചേര്‍ന്നാണ് കോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്നത്.
ഫാ. ഡോ. ജോസഫ് വര്‍ഗീസ് ലോകമെങ്ങുമുള്ള മതാന്തര പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കിയ മികച്ച സംഭാവനകളും അദ്ദേഹത്തിന്റെ യു എസ് എയിലെ നാഷണല്‍ കൗണ്‍സില്‍ ഓഫ് ചര്‍ച്ച് പ്രവര്‍ത്തനങ്ങളും പരിഗണിച്ചാണ് ഈ അംഗീകാരം.
പ്രശസ്ത ഇസ്ലാമിക സര്‍വകലാശാലയായ മിന്‍ഹാജ് സര്‍വകലാശാല പാക്കിസ്ഥാനിലെ ഉന്നത പഠനത്തിനുള്ള മുന്‍നിര വിദ്യാഭ്യാസ സ്ഥാപനമായി അംഗീകരിക്കപ്പെടുന്നു. മതാന്തര തലത്തിലുള്ള പ്രവര്‍ത്തനങ്ങളുടെയും മതതീവ്രവാദത്തിനെതിരായ ശക്തമായ നിലപാടുകളുടെയും പേരില്‍ സര്‍വകലാശാല പ്രശസ്തമാണ്. ഷെയ്ഖ് ഉല്‍ ഇസ്ലാമും പ്രൊഫ. ഡോ. മുഹമ്മദ് താഹിര്‍-ഉല്‍-ഖാദ്രിയും ചേര്‍ന്ന് 1986ല്‍ സ്ഥാപിച്ച മിന്‍ഹാജ് യൂണിവേഴ്‌സിറ്റി ലാഹോര്‍ (എംയുഎല്‍) സര്‍ക്കാര്‍ ചാര്‍ട്ടേര്‍ഡ് സ്ഥാപനമാണ്. പാക്കിസ്ഥാന്‍ ഉന്നത വിദ്യാഭ്യാസ കമ്മീഷന്‍ സര്‍വകലാശാലയ്ക്ക് മികച്ച വിഭാഗത്തില്‍ സ്ഥാനം നല്‍കിയിട്ടുണ്ട്. അന്താരാഷ്ട്ര നിലവാരത്തിലുള്ള 36 അക്കാദമിക് സ്‌കൂളുകള്‍ക്കും പതിനൊന്ന് ഫാക്കല്‍റ്റികള്‍ക്കും കീഴില്‍ അണ്ടര്‍ ഗ്രാജുവേറ്റ്, ഗ്രാജുവേറ്റ്, ഡോക്ടറല്‍ പ്രോഗ്രാമുകളിലായി 15000ലേറെ വിദ്യാര്‍ഥികള്‍ ഇവിടെ പഠിക്കുന്നു.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, വിവിധ മതങ്ങളുടെ ദൈവശാസ്ത്രം സംബന്ധിച്ച് അക്കാദമിക് ഗവേഷണവും സംവാദവും പ്രോത്സാഹിപ്പിക്കുന്ന അന്തര്‍ദ്ദേശീയ സമ്മേളനങ്ങള്‍ സംഘടിപ്പിക്കുന്നതിലൂടെ ഈ സര്‍വകലാശാല അന്താരാഷ്ട്ര തലത്തില്‍ മികച്ച അംഗീകാരം നേടിയിട്ടുണ്ട്. മതപരമായ ബഹുസ്വരതയും ലോക സമാധാനവും (2017), ലോക മതങ്ങളുടെ സാമൂഹിക ഉത്തരവാദിത്തം (2018), ശാസ്ത്രം, കാരണം, മതം (2019), ആത്മീയതയും മതവും (2021 ല്‍- വെര്‍ച്വല്‍), മതപരമായ വ്യത്യാസങ്ങള്‍; മതാന്തര സംഭാഷണത്തിനുള്ള പുതിയ സാധ്യതകള്‍ (2022), ഉത്തരാധുനിക ലോകത്തിലെ മതങ്ങള്‍-കാഴ്ചപ്പാടുകളും വെല്ലുവിളികളും (2023), മതത്തിന്റെ പേരിലുള്ള രാഷ്ട്രീയവും അക്രമവും (2024) എന്നിവയായിരുന്നു മുന്‍ കോണ്‍ഫറന്‍സുകളുടെ വിഷയങ്ങള്‍.
സമാധാന ദൗത്യ യാത്രകളിലൂടെ ശ്രദ്ധിക്കപ്പെട്ട പാര്‍ശ്വവത്ക്കരിക്കപ്പെട്ടവര്‍ക്കു വേണ്ടി സംസാരിക്കുന്ന ഫാ. ഡോ. ജോസഫ് വര്‍ഗീസ് ആത്മീയ പാതകളിലെ അനുകരണീയ വ്യക്തിത്വമാണ്. മതങ്ങള്‍ തമ്മിലും വ്യത്യസ്ത മത പാരമ്പര്യങ്ങള്‍ക്കിടയിലും വിവിധ തലങ്ങളില്‍ ക്രിയാത്മക ഇടപെടലുകള്‍ക്കും സഹകരണത്തിനും നേതൃത്വം വഹിക്കുന്ന ജോസഫ് വര്‍ഗീസ് അച്ചന്‍ മലയാളികള്‍ക്ക് സുപരിചിതനാണ്. നിലപാടുകളിലെ വ്യതിരിക്തത ഈ വൈദികന്റെ പ്രവര്‍ത്തന വഴികളെ വേറിട്ടതാക്കുന്നു.
അന്ത്യോഖ്യ സിറിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചിന്റെ അമേരിക്കയിലെ മലങ്കര ആര്‍ച്ച് ഡയോസിസിലെ വൈദികനാണ് പത്തനംതിട്ട സ്വദേശിയായ ഫാ. ഡോ. ജോസഫ് വര്‍ഗീസ്. ഹോളി സോഫിയ കോപ്റ്റിക് ഓര്‍ത്തഡോക്‌സ് സ്‌കൂള്‍ ഓഫ് തിയോളജിയിലെ ആരാധനക്രമ പഠനത്തിന്റെ പ്രൊഫസറായും ന്യൂയോര്‍ക്കിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റിലീജിയസ് ഫ്രീഡം ആന്‍ഡ് ടോളറന്‍സിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറായും ഫാ. ജോസഫ് വര്‍ഗീസ് സേവനമനുഷ്ഠിക്കുന്നു. ഐക്യരാഷ്ട്രസഭാ ആസ്ഥാനത്ത് സമാധാനത്തിനായുള്ള മതങ്ങളുടെ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗമായും നാഷണല്‍ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് യു എസ് എയുടെ ഇന്റര്‍ റിലീജിയസ് ഡയലോഗുകളുടെ കോ കണ്‍വീനറായും പ്രവര്‍ത്തിക്കുന്നു. മുപ്പത്തി ഏഴ് അംഗ കൂട്ടായ്മകളെയും 30 ദശലക്ഷത്തിലധികം ക്രിസ്ത്യാനികളെയും പ്രതിനിധീകരിക്കുന്ന യു എസിലെ നാഷണല്‍ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസിന്റെ 2010 മുതലുള്ള മതാന്തര സംവാദങ്ങളുടെ കണ്‍വീനിങ് ടേബിളിന്റെ കോ കണ്‍വീനറുമാണ് ഫാ. ഡോ. ജോസഫ് വര്‍ഗീസ്.