ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ക്രിസ്തുമസ് ആഘോഷവും പുതിയ നേതൃത്വത്തിന്റെ ഉത്ഘാടനവും 28 ന്

ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ക്രിസ്തുമസ് ആഘോഷവും പുതിയ നേതൃത്വത്തിന്റെ ഉത്ഘാടനവും 28 ന്



ന്യൂ യോര്‍ക്ക് പ്രദേശത്തെ ഇന്‍ഡ്യന്‍ വംശജരായ നഴ്‌സുമാരുടെ കൂട്ടായ്മ എന്ന നിലയില്‍ സമഗ്രമായ ആരോഗ്യ-സാമൂഹിക-കാരുണ്യപ്രവര്‍ത്തന സംബന്ധിയായ കാര്യങ്ങളെ പ്രവര്‍ത്തനത്തിന്റെ അതിരുകള്‍ക്കുള്ളിലാക്കിയ ഇന്‍ഡ്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് അമേരിക്ക (ഐനാനി) പുതിയൊരു നേതൃ സമിതിയുടെ സാരഥ്യത്തിലേക്ക്.  രണ്ടു വര്‍ഷം വീതമുള്ള രണ്ടു നേതൃകാലസമയത്ത്  അസോസിയേഷനെ സര്‍വ്വതോമുഖമായ സേവനത്തിനു നയിച്ച ഡോ. അന്നാ ജോര്‍ജ് പുതുതായി തെരഞ്ഞെടുക്കപ്പെട്ട കമ്മിറ്റിക്ക് ഡിസംബര്‍ ഇരുപത്തിയെട്ടാം തീയതി ഉത്തരവാദിത്തം കൈമാറും. ചടങ്ങി്# ഐനാനിയുടെ ക്രിസ്തുമസ് ആഘോഷങ്ങളും നടക്കും.  

ഡോ. ഷൈലാ റോഷിന്‍ (പ്രസിഡന്റ്), ഡോ. എസ്‌തേര്‍ ദേവദോസ് (വൈസ് പ്രസിഡന്റ്), ഡോ. ഷബ്‌നംപ്രീത് കൗര്‍ (സെക്രെട്ടറി), ആന്റോ പോള്‍ (ട്രെഷറര്‍), ഗ്രേസ് അലക്സാണ്ടര്‍ (ജോയിന്റ് സെക്രെട്ടറി),  ജയാ തോമസ് (ജോയിന്റ് ട്രെഷറര്‍) എന്നിവരാണ് പുതിയ പ്രവര്‍ത്തകസമിതിയുടെ എക്‌സിക്യൂട്ടീവ് ബോര്‍ഡിലുള്ളത്.   ബൈലോ അനുസരിച്ച് ഡോ. അന്നാ ജോര്‍ജ് അഡൈ്വസറി ബോര്‍ഡ് ചെയര്‍ സ്ഥാനം ഏറ്റെടുക്കും.  
 
പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ട ഡോ. ഷൈല റോഷിന്‍ ഇപ്പോള്‍ ഐനാനിയുടെ വൈസ് പ്രസിഡന്റ് ആണ്.  ന്യൂ യോര്‍ക്ക് സ്റ്റേറ്റ് ഓഫീസ് ഓഫ് മെന്റല്‍ ഹെല്‍ത്തിന്റെ കീഴിലെ സൗത്ത് ബീച്ച് സൈകൈയാട്രിക് സെന്ററിലെ ചീഫ് നഴ്‌സിംഗ് ഓഫീസര്‍ (സി എന്‍ ഓ) എന്ന നിലയില്‍  ഹോസ്പിറ്റലിലെ നഴ്‌സിംഗ്  ഡിപ്പാര്‍ട്‌മെന്റിന്റെ ചുമതലയും ഹോസ്പിറ്റലിന്റെ പ്രവര്‍ത്തന നയതന്ത്ര ആസൂത്രണത്തില്‍ സജീവമായ പങ്കാളിത്തവും വഹിക്കുന്ന അഡ്മിനിസ്‌ട്രേറ്റര്‍ ആണ്.  നാനൂറ്റി അന്‍പതോളം രെജിസ്റ്റേര്‍ഡ് നഴ്‌സുമാരും അനുബന്ധ സ്റ്റാഫും ഡോ. ഷൈലയുടെ നേതൃത്വത്തില്‍ ജോലി ചെയ്യുന്നുണ്ട്.   അതോടൊപ്പം ന്യൂ യോര്‍ക്ക് സംസ്ഥാനത്തെ ഓഫീസ് ഓഫ് മെന്റല്‍ ഹെല്‍ത്തിന്റെ കീഴിലെ എല്ലാ ഹോസ്പിറ്റലുകളുടെയും പോളിസി നയനിര്‍മ്മാണ സമിതിയിലും പങ്കാളിയാണ്.  നാഷണല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ നഴ്‌സസ് ഇന്‍ അമേരിക്ക (നൈന) യുടെ പ്രസിദ്ധീകരണങ്ങളുടെ ചീഫ് എഡിറ്റര്‍, നാഷണല്‍ ഇന്ത്യന്‍ നഴ്‌സ് പ്രാക്ടീഷണര്‍സ് അസോസിയേഷന്‍ അംഗം, ഐനാനിയുടെ വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ ഊര്‍ജ്ജിത നേതൃത്വം തെളിയിച്ചിട്ടുള്ള ഡോ. റോഷിന്‍ ബി എസ് എന്‍, എം എസ് എന്‍ (ക്ലിനിക്കല്‍ നേഴ്‌സ് സ്‌പെഷ്യലിസ്റ്റ്), നേഴ്‌സ് പ്രാക്ടീഷണര്‍ (പോസ്റ്റ് മാസ്റ്റേഴ്‌സ് സെര്‍ട്ടിഫിക്കറ്റ്), ഡോക്റ്ററേറ്റ് ഇന്‍ നഴ്‌സിംഗ് പ്രാക്ടീസ് ഇന്‍ അഡ്വാന്‍സ്ഡ് പ്രാക്ടീസ് ലീഡര്ഷിപ് അക്കാഡമിക് ബിരുദങ്ങളുടെ ഉടമയും ദേശീയവും അന്തര്‍ദേശീയവുമായ കോണ്ഫറന്‌സുകളില്‍ വൈജ്ഞാനിക പ്രെസെന്റേഷനുകള്‍ നടത്തിയിട്ടുള്ളയാളുമാണ്.  
 
മധുര സിഎസ്‌ഐ ജയരാജ് അന്നപാക്യം കോളേജ് ഓഫ് നഴ്‌സിങ്ങില്‍ നിന്ന് ബി എസ് സിയും വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജില്‍ നിന്ന് എം എസ് എനും ഫീനിക്‌സ് ആസ്പന് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് നഴ്‌സിംഗ് പ്രാക്ടിസില്‍ ഡോക്റ്ററേറ്റും കരസ്ഥമാക്കിയ പുതിയ വൈസ് പ്രസിഡന്റ് എസ്‌തെര്‍ ദേവദോസ് ഇരുപത്തിയാറു വര്‍ഷക്കാലം നഴ്‌സിംഗ് രംഗത്ത് ബെഡ് സൈഡ് നഴ്‌സിംഗ് മുതല്‍ നേഴ്‌സ് മാനേജര്‍, നേഴ്‌സ് എജുക്കേറ്റര്‍ റോളുകള്‍ ഫലപ്രദമായ സേവനം നടത്തിയിട്ടുള്ളയാളാണ്.  ഇപ്പോള്‍ ന്യൂ യോര്‍ക്ക് സിറ്റി ഹെല്‍ത് ആന്‍ഡ് ഹോസ്പിറ്റല്‍സ് കോര്‍പറേഷന്റെ ജെക്കോബി മെഡിക്കല്‍ സെന്ററില്‍ എജുക്കേറ്റര്‍ ആണ്.  ബാംഗ്‌ളൂര്‍ സി എസ ഐ സ്‌കൂള്‍ ഓഫ് നഴ്‌സിങ്ങിന്റെ വൈസ് പ്രിന്‍സിപ്പാള്‍ ആയിരുന്നു അമേരിക്കയിലേക്ക് കുടിയേറുന്നതിനു മുന്‍പ്.  തന്റെ ഗവേഷണ പ്രൊജക്റ്റ് എന്‍ വൈ യു ലങ്കോണ്‍ നഴ്‌സിംഗ് റിസേര്‍ച് കോണ്‍ഫെറെന്‍സിലും ന്യൂ യോര്‍ക്ക് ഓര്‍ഗനൈസേഷന്‍ ഫോര്‍ നേഴ്‌സ് എക്‌സികുട്ടീവ് ആന്‍ഡ് ലീഡേഴ്സ് കോണ്‍ഫെറെന്‍സിലും അവതരിപ്പിച്ചിട്ടുണ്ട്. ന്യൂ യോര്‍ക്ക് ഓര്‍ഗനൈസേഷന്‍ ഓഫ് നഴ്‌സ് ലീഡേഴ്സ്, നൈന, ഐനാനി, സിഗ്മ തേറ്റാ ആല്‍ഫാ  ചാപ്റ്റര്‍, ഡെല്‍റ്റ എപ്‌സിലോണ്‍ ടാഉ ഓണര്‍ സൊസൈറ്റി ഓഫ് നഴ്‌സിംഗ്, നാഷണല്‍ സൊസൈറ്റി ഓഫ് ലീഡര്ഷിപ് ആന്‍ഡ് സക്‌സസ് തുടങ്ങിയ നഴ്‌സിംഗ് സംഘടനകളിലെ സജീവ അംഗത്വം വഴി ആരോഗ്യ പരിപാലന രംഗത്ത് നഴ്‌സിങ്ങിന്റെ ഭാവിസംബന്ധിയായ പങ്കാളിത്തത്തിന്റെ മുന്‍നിരയില്‍ പ്രത്യക്ഷമാണ് ഡോ. ദേവദോസ്.

ഐനാനിയുടെ ഓര്‍ഡിനറി അംഗത്വത്തില്‍ നിന്ന് അതിവേഗം അതിന്റെ നേതൃത്വത്തിലെത്തിയ സെക്രെട്ടറി  ഡോ ഷബ്‌നംപ്രീത് കൗര്‍ കഴിഞ്ഞ സമിതിയിലെ മെമ്പര്‍ഷിപ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ ആയിരുന്നു.  ന്യൂ യോര്‍ക്ക് പ്രദേശത്തെ സിഖ് കമ്മ്യൂണിറ്റി പ്രവര്‍ത്തകയായ ഡോ. കൗര്‍ ന്യൂ യോര്‍ക്ക് പ്രദേശത്തെ അള്‍ട്ടിമേറ്റ് കെയര്‍ എന്ന ആരോഗ്യശുസ്രൂഷാ സ്ഥാപനത്തില്‍ കെയര്‍ മാനേജര്‍ ആയി സേവനം ചെയ്യുന്നു. ചന്ദീഗറില്‍ നിന്ന് നഴ്‌സിങ്ങില്‍ ബാച്ലര്‍ ഡിഗ്രിയുമായി അമേരിക്കയിലെത്തി വിദ്യാഭ്യാസം തുടര്‍ന്ന അവര്‍ ഗ്രാന്‍ഡ് കാന്യോന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എം എസ് എന്‍ ഡിഗ്രിയും ഡോക്റ്ററേറ്റ് ഇന്‍ നഴ്‌സിംഗ് പ്രാക്ടീസ് ഡിഗ്രിയും നേടി.  ഐനാനിയുടെയും സിഖ് കമ്മ്യൂണിറ്റിയുടെയും കുടക്കീഴില്‍ പാവപ്പെട്ടവര്‍ക്കു വേണ്ടി ഫുഡ് ഡ്രൈവ്, ബാക് റ്റു സ്‌കൂള്‍ ഡ്രൈവ് തുടങ്ങിയ സേവനങ്ങള്‍ക്ക്  മുന്‍കൈ എടുത്ത് നേതൃത്വത്തോടെ വിജയകരമാക്കിയിട്ടുണ്ട്.
 
സെക്കന്തരാബാദ് മിലിട്ടറി ഹോസ്പിറ്റലില്‍ നഴ്‌സിംഗ് പരിശീലനം നേടി ഇന്ത്യന്‍ മിലിട്ടറിക്ക് സേവനം ചെയ്ത ഗ്രേസ് അലക്സാണ്ടര്‍ ഐനാനിയുടെ ജോയിന്റ് സെക്രട്ടറിയായി പ്രവര്‍ത്തിക്കും.  പതിനഞ്ചു വര്ഷം സൗദി അറേബ്യയില്‍ നഴ്സായി സേവനം ചെയ്ത് ശ്രമത്തിലൂടെ പ്രൊഫെഷണല്‍ നഴ്‌സ് ആയി അമേരിക്കയില്‍ എത്തിയ ഗ്രേസ് അമേരിക്കയില്‍ തുടര്‍ വിദ്യാഭ്യാസം നടത്തി  ബി എസ് എന്‍, എം എസ് എന്‍ (എജുക്കേഷന്‍) ബിരുദങ്ങളും ഓപ്പറേറ്റിംഗ് റൂം സര്‍ട്ടിഫിക്കേഷനും കരസ്ഥമാക്കി.   ക്യൂന്‍സില്‍ ജമൈക്ക ഹോസ്പിറ്റലില്‍ ഓപ്പറേറ്റിംഗ് റൂമില്‍ അസിസ്റ്റന്റ് ഹെഡ് നേഴ്‌സ് ആയി ജോലി ചെയ്യുന്നു.  'കുറച്ച് സംസാരിക്കുക, ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുക, താഴ്ന്ന പ്രൊഫൈല്‍ സൂക്ഷിക്കുക' എന്ന തത്വം അന്തര്‍ലീനമാക്കിയ ഒരു പ്രവര്‍ത്തകയാണ് ഗ്രേസ്.  

ഔട്ട്‌ഗോയിംഗ് കമ്മിറ്റിയില്‍ എജുക്കേഷന്‍ ആന്‍ഡ് പ്രൊഫെഷണല്‍ ഡെവലപ്‌മെന്റ് ചെയര്‍ ആയി സേവനം ചെയ്ത ആന്റോ പോള്‍ പുതിയ ട്രഷറര്‍ ആണ്.  കാത്തലിക് ഹെല്‍ത് സെര്‍വിസസ്  ഐലന്റില്‍ പോപ്പുലേഷന്‍ ഹെല്‍ത് നഴ്‌സ് ആയി ജോലി ചെയ്യുന്നു.  കോഴിക്കോട് ഗവണ്മെന്റ്  കോളേജില്‍ നിന്ന് നഴ്‌സിങ്ങില്‍ ബി എസ സിയും ന്യൂ യോര്‍ക്ക് ഹണ്ടര്‍ കോളേജില്‍ നിന്ന് പോപ്പുലേഷന്‍ ഹെല്‍ത് ആന്‍ഡ് കമ്മ്യൂണിറ്റി ഹെല്‍ത് നഴ്‌സിങ്ങില്‍ മാസ്റ്റേഴ്‌സ് ബിരുദവും അഡ്വാന്‍സ്ഡ് പബ്ലിക് ഹെല്‍ത് നഴ്‌സിങ്ങില്‍ സര്‍ട്ടിഫിക്കറ്റും  നേടിയ ആന്റോ  ഒരു സെര്‍ട്ടിഫൈഡ് ഡയബെറ്റിസ് എജുക്കേറ്റര്‍ കൂടിയാണ്.  ആരോഗ്യ രംഗത്തെ വെല്ലുവിളികളെയും ആരോഗ്യരംഗത്ത് നഴ്‌സിങ്ങിന്റെ സാധ്യതകളെയും കുറിച്ച് ഉയര്‍ന്ന അവബോധവും സൂക്ഷിക്കുന്ന ആന്റോ നഴ്‌സിംഗ് സംഘടനകള്‍ കൂടുതല്‍ ചുമതല വഹിക്കണമെന്ന ആശയക്കാരനാണ്.
 
ജോയിന്റ് ട്രഷറര്‍ ചുമതല എടുക്കുന്നത് ന്യൂ യോര്‍ക്ക് സ്റ്റേറ്റ് ഉടമസ്ഥതയിലുള്ള പില്‍ഗ്രിം സൈക്കയാട്രിക് സെന്ററില്‍ നേഴ്‌സ് പ്രാക്ടീഷണറും അഡെല്‍ഫായ്  യൂണിവേഴ്‌സിറ്റി ആഡ്ജംക്ട് ഫാക്കല്‍ട്ടിയുമായ ജയാ തോമസ് ആണ്.  മോലോയ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് നഴ്‌സിങ്ങില്‍ ബാച്ലര്‍, മാസ്റ്റേഴ്‌സ്, സൈക്ക്-മെന്റല്‍ ഹെല്‍ത് നഴ്‌സ് പ്രാക്ടീഷണര്‍ ബിരുദങ്ങള്‍ നേടിയ ജയാ നേഴ്‌സ്, നേഴ്‌സ് അഡ്മിനിസ്‌ട്രേറ്റര്‍, അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫ് നഴ്‌സിംഗ് എന്നീ നിലകളില്‍ ക്യൂന്‍സിലെ ക്രീഡമോര്‍ സൈക്കയാട്രിക് സെന്ററില്‍ സേവനമനുഷ്ഠിച്ചു.  പല വര്ഷങ്ങളായി ഐനാനിയിലൂടെ ഏരിയ കോ-ഓര്‍ഡിനേറ്റര്‍, എജുക്കേഷന്‍ കമ്മിറ്റി അംഗം, ട്രഷറര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരുകയായിരുന്നു.  
 ഐനാനി ക്രിസ്തുമസ് ആഘോഷത്തിലേക്കും നേതൃകൈമാറ്റത്തിലേക്കും എല്ലാ നഴ്‌സുമാരെയും അനുഭാവികളെയും ഹാര്‍ദ്ദമായി ക്ഷണിക്കുന്നുവെന്ന് പ്രസിഡന്റ് ഡോ. അന്നാ ജോര്‍ജ് അറിയിച്ചു.