ഒട്ടാവ: കാനഡയിലെ നയാഗ്ര മേഖലയിൽ ഇന്ത്യൻ വംശജയായ വിദ്യാർത്ഥിനിയെ കുത്തിക്കൊന്നു. ഗുജറാത്തിലെ ആനന്ദ് ജില്ലയിലെ ബോഴ്‌സാദ് സ്വദേശിനിയായ വിധി മേഘയാണ് (22) കൊല്ലപ്പെട്ടത്. മേയ് 15 നാണ് സംഭവം നടന്നത്.
മൂന്ന് വർഷമായി കാനഡയിൽ ഉന്നതപഠനത്തിനായി കഴിയുകയായിരുന്നു വിധി. പഠനച്ചെലവുകൾ നിറവേറ്റാൻ പാർട്ട് ടൈം ജോലിയും ചെയ്തുവരികയായിരുന്നു. പകൽസമയത്ത് നടന്ന ആക്രമണത്തിൽ ഗുരുതരമായി കുത്തേറ്റ വിധിയെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തെക്കുറിച്ച് കാനഡ പൊലീസ് അന്വേഷണം ആരംഭിച്ചു. ആക്രമണത്തിന് പിന്നിലുള്ള ആളെക്കുറിച്ചോ ആക്രമണത്തിന്റെ കാരണം എന്താണെന്നതിനെക്കുറിച്ചോ ഇതുവരെ വ്യക്തത വന്നിട്ടില്ല.
മകൾ ബിസിനസ് മാനേജ്‌മെന്റ് കോഴ്‌സ് പൂർത്തിയാക്കിയ ശേഷം പി.എസ്.ഡബ്ല്യു (പേഴ്‌സണൽ സപ്പോർട്ട് വർക്കർ) ഹോണേഴ്‌സ് കോഴ്‌സ് പഠിച്ചുവരികയായിരുന്നു എന്ന് പിതാവ് കൽപേഷ്ഭായി മേഘ പറഞ്ഞു. കുടുംബാംഗങ്ങൾ കാനഡിലുണ്ട്. മൃതദേഹം വേഗത്തിൽ ഇന്ത്യയിലെത്തിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.
ബോഴ്‌സാദ് എംഎൽഎയും ഗുജറാത്ത് മന്ത്രിയുമായ രമൺഭായി സോളങ്കി കുടുംബത്തെ സന്ദർശിച്ച് അനുശോചനം അറിയിച്ചു. മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസിനെയും പ്രധാനമന്ത്രിയുടെ ഓഫീസിനെയും ബന്ധപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ദാരുണമായ സംഭവം വിദേശത്ത് പഠിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്ക വീണ്ടും ഉയർത്തിയിരിക്കുകയാണ്. ഗുജറാത്തിൽ നിന്നുള്ള നിരവധി വിദ്യാർത്ഥികളാണ് പ്രതിവർഷം പഠനത്തിനും ജോലിക്കുമായി വിദേശത്തേക്ക് പോകുന്നത്.
കാനഡയിൽ ഗുജറാത്തി വിദ്യാർത്ഥിനിയെ കുത്തിക്കൊന്നു; മൃതദേഹം നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം
