ന്യൂഡല്‍ഹി: ഡല്‍ഹി റെഡ് ഫോര്‍ട്ടിനു സമീപം നടന്ന ഭീകര സ്‌ഫോടനത്തിന്റെ അന്വേഷണത്തില്‍ നിര്‍ണായക മുന്നേറ്റം. ഫരീദാബാദിലെ അല്‍ഫലാഹ് യൂണിവേഴ്‌സിറ്റിയുമായി ബന്ധമുള്ള മൂന്നു ഡോക്ടര്‍മാരെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. മുജമ്മില്‍ ഷക്കീല്‍, ഉമര്‍ മുഹമ്മദ്, ഷാഹീന്‍ ഷാഹിദ് എന്നിവരെയാണ് ഇന്ന് കസ്റ്റഡിയില്‍ എടുത്തത്. തിങ്കളാഴ്ച വൈകിട്ട് നടന്ന സ്‌ഫോടനത്തില്‍ ഒന്‍പത് പേര്‍ കൊല്ലപ്പെടുകയും ഇരുപതിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
കേസ് അന്വേഷണം നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി(എന്‍.ഐ.എ) ഏറ്റെടുത്തിരിക്കുകയാണ്. രാവിലെ ഡല്‍ഹി പൊലീസിന്റെ ക്രൈംബ്രാഞ്ച് സംഘം യൂണിവേഴ്‌സിറ്റിയില്‍ എത്തി, ക്യാംപസിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കുകയും അധ്യാപകരേയും ജീവനക്കാരേയും ചോദ്യം ചെയ്യുകയും ചെയ്തു.
ഫരീദാബാദില്‍ നിന്നും വന്‍ തോതില്‍ സ്‌ഫോടകവസ്തുക്കള്‍
യൂണിവേഴ്‌സിറ്റി ക്യാംപസില്‍ താമസിച്ചിരുന്ന മുജമ്മില്‍ ഷക്കീലിന്റെ പേരില്‍ ഫരീദാബാദില്‍ വാടകയ്ക്ക് എടുത്ത മുറികളില്‍ നിന്ന് ഏകദേശം 2,900 കിലോഗ്രാം സ്‌ഫോടകവസ്തുക്കളും സംശയാസ്പദമായ സാമഗ്രികളും പോലീസ് പിടിച്ചെടുത്തതോടെയാണ് അന്വേഷണം ഇവരിലേക്ക് തിരിഞ്ഞത്. ഇതിനു പിന്നാലെ മുജമ്മിലിന്റെ സഹപ്രവര്‍ത്തകയായ ഷാഹീന്‍ ഷാഹിദിന്റെ കാറില്‍ നിന്ന് തോക്കുകളും വെടിയുണ്ടകളും കണ്ടെത്തി. അന്വേഷണത്തില്‍ ഷാഹീന്‍, ജൈഷെ മുഹമ്മദ് ഭീകരസംഘടനയുടെ വനിതാ വിഭാഗമായ ജമാഅത് ഉല്‍ മോമിനാഅത് എന്ന വിഭാഗത്തിന്റെ ഇന്ത്യയിലെ ചുമതല വഹിച്ചു വന്നിരുന്നുവെന്ന് വെളിപ്പെട്ടു. ഈ സംഘടനയ്ക്ക് നേതൃത്വം നല്‍കുന്നത് ജൈഷ് സ്ഥാപകന്‍ മസൂദ് അസ്ഹറിന്റെ സഹോദരി സാദിയ അസ്ഹറാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
സ്‌ഫോടനത്തില്‍ ഉമറിന്റെ പങ്ക് അന്വേഷിക്കുന്നു
ഫരീദാബാദില്‍ സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്തിയതിന് പിന്നാലെയാണ് റെഡ് ഫോര്‍ട്ടിനടുത്ത് സ്‌ഫോടനം നടന്നത്.
അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത് അനുസരിച്ച്, ഉമര്‍ മുഹമ്മദ് ആണ് സ്‌ഫോടനത്തിന് ഉപയോഗിച്ച ഹ്യുണ്ടായി i20 കാര്‍ ഓടിച്ചിരുന്നതെന്ന് സംശയിക്കുന്നു. മുജമ്മിലിനും ഷാഹീനും നേരെയുണ്ടായ കനത്ത അന്വേഷണത്തിനുശേഷം, പരിഭ്രാന്തനായ ഉമര്‍ സ്വയം ചാവേര്‍ ആക്രമണത്തിന് ഇറങ്ങിയതായിരിക്കാമെന്നതാണ് പ്രാഥമിക നിഗമനം.
രാജ്യത്തെ ഞെട്ടിച്ച ഈ സ്‌ഫോടനത്തെക്കുറിച്ച് എന്‍.ഐ.എയും ഡല്‍ഹി പൊലീസും സംയുക്തമായി അന്വേഷണം തുടരുകയാണ്. ഫരീദാബാദിലെ ആല്‍ഫലാഹ് യൂണിവേഴ്‌സിറ്റി ഇപ്പോള്‍ സുരക്ഷാ ഏജന്‍സികളുടെ നിരീക്ഷണത്തിലാണ്.
റെഡ് ഫോര്‍ട്ട് സ്‌ഫോടനം' അല്‍ഫലാഹ് യൂണിവേഴ്‌സിറ്റിയിലെ മൂന്നു ഡോക്ടര്‍മാര്‍ കൂടി കസ്റ്റഡിയില്‍; അന്വേഷണം എന്‍.ഐ.എ ഏറ്റെടുത്തു
