സൊഹ്‌റാന്‍ മംദാനിയെ അംഗീകരിക്കാത്ത ബില്യണയര്‍ വ്യവസായി ഭയക്കുന്നു; ന്യൂയോര്‍ക്ക് മുംബൈയാകും

സൊഹ്‌റാന്‍ മംദാനിയെ അംഗീകരിക്കാത്ത ബില്യണയര്‍ വ്യവസായി ഭയക്കുന്നു; ന്യൂയോര്‍ക്ക് മുംബൈയാകും


ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് മേയറായി സൊഹ്‌റാന്‍ മംദാനി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ബില്യണയര്‍ പ്രോപ്പര്‍ട്ടി മാഗ്‌നറ്റ് ബാറി സ്റ്റേണ്‍ലിച് തന്റെ കമ്പനി നഗരം വിടാന്‍ ആലോചിക്കുന്നതായി അറിയിച്ചു. സ്റ്റാര്‍വുഡ് ക്യാപിറ്റല്‍ ഗ്രൂപ്പിന്റെ ചെയര്‍മാനായ സ്റ്റേണ്‍ലിച്, വാടകക്കാര്‍ക്ക് വാടക അടയ്ക്കാതിരിക്കാനുള്ള ധൈര്യം നല്‍കുന്നതായിരിക്കും മംദാനിയുടെ നയങ്ങളെന്നും ഇതോടെ നഗരത്തിന്റെ സാമ്പത്തിക നില ഇടിയുമെന്നും പറഞ്ഞു.

സി എന്‍ ബി സിക്ക് നല്‍കിയ അഭിമുഖത്തിലാണ് സ്റ്റേണ്‍ലിച് വിവാദ പ്രസ്താവന നടത്തിയത്.  ഇടതുപക്ഷം 'വാടക അടക്കേണ്ടതില്ല' എന്നു പറയുന്നതോടെ വാടക അടക്കാത്തവരെ പുറത്താക്കാന്‍ കഴിയില്ലെന്നും അങ്ങനെ ഒരാള്‍ വാടക അടക്കാത്തത് മറ്റൊരാള്‍ക്കും പ്രചോദനമാവുകയും  തുടര്‍ന്ന് എല്ലാവരും അടക്കാതിരിക്കാതിരിക്കുകയും ഒടുവില്‍ ന്യൂയോര്‍ക്ക് മുംബൈയാവുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

ഇത്തരം സമീപനം നഗരത്തിലെ വാടക വിപണിയെയും പ്രോപ്പര്‍ട്ടി സ്ഥിരതയെയും തകര്‍ക്കുമെന്ന് സ്റ്റേണ്‍ലിച് മുന്നറിയിപ്പ് നല്‍കി.

തന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മംദാനി വാടകക്കാരുടെ സംരക്ഷണം ശക്തിപ്പെടുത്താനും പുറത്താക്കല്‍ നടപടികളുടെ സമയപരിധി നീട്ടാനുമുള്ള വാഗ്ദാനങ്ങള്‍ നല്‍കിയിരുന്നു. എങ്കിലും വാടക അടക്കാതിരിക്കാന്‍ അനുമതി നല്‍കുന്ന നയങ്ങള്‍ അദ്ദേഹത്തിന്റെ പദ്ധതികളില്‍ ഉള്‍പ്പെട്ടിട്ടില്ല.

മംദാനിയുടെ ഭരണകാലത്ത് പൊതുസുരക്ഷയില്‍ കുറവ് വന്നാല്‍ നഗരത്തിന്റെ നാശം വേഗത്തിലാകും എന്നും സ്റ്റേണ്‍ലിച് മുന്നറിയിപ്പ് നല്‍കി.

തങ്ങളുടെ കുട്ടികള്‍ തെരുവില്‍ സുരക്ഷിതരല്ലെന്ന് ജനങ്ങള്‍ കരുതിയാല്‍ അവര്‍ സ്‌കൂള്‍ വിടുകയും നഗരം വിടുകയും ചെയ്യുമെന്നും അദ്ദേഹം പൊലീസിനെ ഫണ്ടിങ് കുറയ്ക്കുകയോ അവര്‍ക്കുള്ള ബഹുമാനവും പ്രതിഷ്ഠയും നല്‍കാതിരിക്കുകയോ ചെയ്താല്‍ ന്യൂയോര്‍ക്കിന് വലിയ പ്രതിസന്ധി നേരിടേണ്ടിവരുമെന്നും അദ്ദേഹം സി എന്‍ ബി സിയോട് പറഞ്ഞു.

ലോകത്തിലെ പ്രമുഖ റിയല്‍ എസ്റ്റേറ്റ് ഇന്‍വെസ്റ്റ്‌മെന്റ് സ്ഥാപനങ്ങളിലൊന്നാണ് സ്റ്റേണ്‍ലിചിന്റെ സ്റ്റാര്‍വുഡ് ക്യാപിറ്റല്‍ ഗ്രൂപ്പ്. 115 ബില്യണ്‍ ഡോളറിന്റെ ആസ്തികളാണ് ഇവര്‍ക്കുള്ളത്. കമ്പനി സ്റ്റാര്‍വുഡ് പ്രോപ്പര്‍ട്ടി ട്രസ്റ്റിനെയും ന്യൂയോര്‍ക്കിലെ 46 നില ആഡംബര റസിഡന്‍ഷ്യല്‍ ടവര്‍ ഉള്‍പ്പെടെയുള്ള പ്രധാന വികസന പദ്ധതികളും നിയന്ത്രിക്കുന്നു.