ഇസ്ലാമാബാദില്‍ കോടതി സമുച്ചയത്തില്‍ കാര്‍ ബോംബ് സ്‌ഫോടനം; 12 മരണം, 27 പേര്‍ക്ക് പരിക്ക്

ഇസ്ലാമാബാദില്‍ കോടതി സമുച്ചയത്തില്‍ കാര്‍ ബോംബ് സ്‌ഫോടനം; 12 മരണം, 27 പേര്‍ക്ക് പരിക്ക്


ഇസ്ലാമാബാദ് : പാകിസ്ഥാന്റെ തലസ്ഥാനമായ ഇസ്ലാമാബാദിലെ കോടതി സമുച്ചയത്തില്‍ നടന്ന ശക്തമായ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ 12 പേര്‍ മരിച്ചു, 27 പേര്‍ക്ക് പരിക്കേറ്റു. ഇന്ന് ഉച്ചയ്ക്ക് നടന്ന സ്‌ഫോടനം ചാവേര്‍ ആക്രമണം ആണെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഉച്ചയ്ക്ക് 12.39ഓടെയാണ് ആക്രമണം നടന്നതെന്ന് പാകിസ്ഥാന്‍ ആഭ്യന്തര മന്ത്രി മൊഹ്‌സിന്‍ നഖ്വി അറിയിച്ചു.  സ്‌ഫോടനശബ്ദം കിലോമീറ്ററുകള്‍ അകലെവരെ കേട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

സ്‌ഫോടനത്തിന് പിന്നാലെ പുറത്തുവന്ന ദൃശ്യങ്ങളില്‍ കറുത്ത കോട്ടും വെളുത്ത ഷര്‍ട്ടും ധരിച്ച അഭിഭാഷകര്‍ റോഡരികില്‍ ഞെട്ടലോടെയാണ് നില്‍ക്കുന്നത് കാണാം. പലരുടെയും വസ്ത്രങ്ങളില്‍ രക്തക്കറകള്‍ വ്യക്തമായി കാണാം. സ്‌ഫോടനത്തില്‍ കോടതിക്ക് പുറത്തുനിന്ന് പാര്‍ക്ക് ചെയ്തിരുന്ന നിരവധി വാഹനങ്ങള്‍ തകര്‍ന്നതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു.
കാര്‍ബോംബ് സ്‌ഫോടനമാണ് നടന്നതെന്ന് പാകിസ്ഥാന്‍ അധികാരികള്‍ സ്ഥിരീകരിച്ചു. ആക്രമണത്തിന് പിന്നില്‍ ഏത് സംഘടനയാണെന്ന കാര്യം ഇതുവരെ വ്യക്തമായിട്ടില്ല. ആരും ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല.

സമീപകാലത്ത് പാകിസ്ഥാനില്‍ തീവ്രവാദികളുടെ ആക്രമണങ്ങള്‍ വീണ്ടും ശക്തമാവുകയാണ്. പുനസംഘടിപ്പിക്കപ്പെട്ട പാകിസ്ഥാന്‍ താലിബാനാണ് ഭൂരിഭാഗം ആക്രമണങ്ങള്‍ക്കും പിന്നില്‍. കഴിഞ്ഞ ചൊവ്വാഴ്ച വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയില്‍, സൈന്യം നടത്തുന്ന ഒരു കോളേജില്‍ വിദ്യാര്‍ത്ഥികളെ ബന്ദിയാക്കാനുള്ള ശ്രമം പാകിസ്ഥാന്‍ സുരക്ഷാ സേന തകര്‍ത്തിരുന്നു. അന്ന് ഒരു ചാവേറും അഞ്ച് താലിബാന്‍ അംഗങ്ങളും കൊല്ലപ്പെട്ടിരുന്നു.
അടുത്തിടെ പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള സംഘര്‍ഷവും രൂക്ഷമായി. ഒക്ടോബര്‍ 9ന് കാബൂളില്‍ നടന്ന ഡ്രോണ്‍ ആക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന്, അഫ്ഗാന്‍ സര്‍ക്കാര്‍ ഇസ്ലാമാബാദിനെ കുറ്റപ്പെടുത്തി പ്രതികാരം ചെയ്യുമെന്ന് മുന്നറിയിപ്പു നല്‍കിയിരുന്നു. അതിര്‍ത്തി സംഘര്‍ഷത്തില്‍ സൈനികരും സാധാരണ ജനങ്ങളും ഉള്‍പ്പെടെ നിരവധി പേര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന്, ഖത്തര്‍ ഇടപെട്ടാണ് ഒക്ടോബര്‍ 19ന് വെടിനിര്‍ത്തല്‍ ഉണ്ടാകുന്നത്.