പാകിസ്ഥാനിലെ ഭീകരാക്രമണങ്ങള്‍ക്ക് ഇന്ത്യയെ കുറ്റപ്പെടുത്തി ഷെഹ്ബാസ് ഷെരീഫ്

പാകിസ്ഥാനിലെ ഭീകരാക്രമണങ്ങള്‍ക്ക് ഇന്ത്യയെ കുറ്റപ്പെടുത്തി ഷെഹ്ബാസ് ഷെരീഫ്


ഇസ്ലാമാബാദ്/ ന്യൂഡല്‍ഹി: ഇസ്ലാമാബാദിലെ ആത്മഹത്യാ ആക്രമണത്തിനും അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തിക്കു സമീപം നടന്ന കേഡറ്റ് കോളേജ് ആക്രമണത്തിനും ഇന്ത്യയെ കുറ്റപ്പെടുത്തി പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്.  ഡല്‍ഹിയില്‍ ചെങ്കോട്ട പരിസരത്ത് നടന്ന കാര്‍ സ്‌ഫോടനത്തില്‍ ജൈഷെ മുഹമ്മദ് ബന്ധം തെളിഞ്ഞതിന് പിന്നാലെയാണ് പാകിസ്ഥാന്റെ ഇന്ത്യന്‍ ആരോപണമെന്നത് ശ്രദ്ധേയമാണ്. 

ഇരു ആക്രമണങ്ങളും ഇന്ത്യന്‍ തീവ്രവാദത്തിന്റെ മോശം ഉദാഹരണങ്ങളാണെന്നും ലോകം ഇത്തരം പ്രവര്‍ത്തനങ്ങളെ അപലപിക്കേണ്ട സമയമാണിതെന്നും പാകിസ്ഥാന്‍ സര്‍ക്കാര്‍ അക്കൗണ്ടില്‍ ഷെഹ്ബാസിന്റെ പ്രസ്താവന പോസ്റ്റ് ചെയ്തു. തീവ്രവാദം പൂര്‍ണ്ണമായി ഇല്ലാതാകുന്നത് വരെ പോരാട്ടം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡല്‍ഹിയില്‍ ചെങ്കോട്ടയ്ക്ക് സമീപം നടന്ന സ്‌ഫോടനത്തില്‍ പ്രാഥമിക അന്വേഷണങ്ങള്‍ ജൈഷെ മുഹമ്മദ് ബന്ധം പുറത്തുവന്നിട്ടുണ്ട്. ഫരീദാബാദിലെ ഒരു മൊഡ്യൂളുമായി ബന്ധമുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തതായും അന്വേഷണ ഏജന്‍സികള്‍ സ്ഥിരീകരിച്ചു.

ചെങ്കോട്ട് കാര്‍ സ്‌ഫോടനം സംബന്ധിച്ച അന്വേഷണത്തില്‍ പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ഭീകര സംഘടന ജൈഷെ മുഹമ്മദുമായി നേരിട്ട് ബന്ധമുള്ള തെളിവുകള്‍ ലഭിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഹ്യുണ്ടായി ഐ20 കാറിനുള്ളില്‍ അമോണിയം നൈട്രേറ്റ് ഫ്യൂവല്‍ ഓയില്‍ ഉപയോഗിച്ച് നിര്‍മ്മിച്ച ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഉപകരണമാണ് സ്‌ഫോടനത്തിന് ഉപയോഗിച്ചത്.

അന്വേഷണത്തില്‍ ഭീകര സംഘടന സ്ത്രീകളെ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന വിമന്‍സ് വിംഗ് രൂപീകരിച്ചതായും അത് മസൂദ് അസ്ഹറിന്റെ ബന്ധുവായ സാദിയ അസ്ഹര്‍ നയിക്കുന്നതായും കണ്ടെത്തി. ഇന്ത്യയിലെ സ്ത്രീകളെ ലക്ഷ്യമാക്കി ഓണ്‍ലൈന്‍ പ്രചാരണം, റിക്രൂട്ട്മെന്റ് പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കാണ് ഇവര്‍ നേതൃത്വം നല്‍കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

പൊലീസ് ഫരീദാബാദില്‍ ഷഹീന ഷാഹിദ് എന്ന വനിതയെയും ഡോ. മുജമ്മില്‍ ഷക്കീല്‍ എന്ന മെഡിക്കല്‍ പ്രൊഫഷണലിനെയും അറസ്റ്റ് ചെയ്തിരുന്നു. ഷഹീനയുടെ കാറായ മാരുതി സ്വിഫ്റ്റില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെത്തിയിരുന്നു. ഇവര്‍ ഇരുവരും ഡല്‍ഹി സ്‌ഫോടനത്തിന്റെ ആസൂത്രണത്തിലും ഏകോപനത്തിലും സജീവ പങ്കുവഹിച്ചെന്നാണ് അന്വേഷണ ഏജന്‍സികളുടെ നിഗമനം.

വിദ്യാഭ്യാസമുള്ള വ്യക്തികളെ, പ്രത്യേകിച്ച് ഡോക്ടര്‍മാരെ തീവ്രവാദ സംഘടനകളില്‍ ഉള്‍പ്പെടുത്താനുള്ള നീക്കം ജൈഷിന്റെ പുതിയ തന്ത്രമാണെന്ന് സുരക്ഷാ ഏജന്‍സികള്‍ വിലയിരുത്തുന്നു.