ന്യൂഡല്‍ഹി: നീറ്റ്- യു ജി ചോദ്യപേപ്പര്‍ ചോര്‍ച്ചയെ ചൊല്ലിയുള്ള പ്രതിഷേധത്തിനിടെ ഇന്ന് രാത്രി സി ജെ പി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്‌തേക്കാമെന്ന 'പുതിയ വിവരം' ലഭിച്ചതായി പാര്‍ട്ടി സ്ഥാപകന്‍ അഭിജീത് ദിപ്‌കെ അവകാശപ്പെട്ടു. അറസ്റ്റ് ഉണ്ടായാലും രാജ്യവ്യാപകമായി സമരം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യന്‍ കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബില്‍ കേന്ദ്ര സര്‍ക്കാരുമായി സി ജെ പി പ്രതിനിധികളുടെ ചര്‍ച്ച നിശ്ചയിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ദിപ്‌കെയുടെ പ്രതികരണം.
ബി ജെ പി നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി ജന്തര്‍ മന്തറില്‍ സമരക്കാരെ അഭിസംബോധന ചെയ്ത് സംസാരിക്കവെ, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കുന്നതല്ലാതെ മറ്റൊരു ഒത്തുതീര്‍പ്പും അംഗീകരിക്കില്ലെന്ന് ദിപ്‌കെ പറഞ്ഞു.
ധര്‍മേന്ദ്ര പ്രധാന്‍ സ്ഥാനമൊഴിയുന്നതുവരെ ജന്തര്‍ മന്തറിലെ സമരം അവസാനിപ്പിക്കുകയോ പ്രതിഷേധവേദി വിടുകയോ ചെയ്യില്ലെന്നും ദിപ്‌കെ ആവര്‍ത്തിച്ചു.
26 ദിവസത്തിലേറെ നീണ്ട നിരാഹാര സമരം അവസാനിപ്പിച്ച സാമൂഹിക പ്രവര്‍ത്തകന്‍ സോനം വാങ്ചുക്കിന്റെ തീരുമാനത്തെയും അദ്ദേഹം സ്വാഗതം ചെയ്തു.
സോനം വാങ്ചുക്ക് നിരാഹാരം അവസാനിപ്പിച്ചത് ആശ്വാസകരമാണെന്നും അദ്ദേഹത്തിന്റെ ജീവന്‍ രാജ്യത്തിന് വിലപ്പെട്ടതാണെന്നും എന്നാല്‍ ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കുന്നതുവരെ തങ്ങളുടെ ധര്‍ണ തുടരുമെന്നും അദ്ദേഹം പറഞ്ഞു.
നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച വിവാദവുമായി ബന്ധപ്പെട്ട് ദേശീയ തലസ്ഥാനത്ത് പ്രതിഷേധം തുടരുന്നതിനിടെയാണ് ഈ പ്രഖ്യാപനം.
ജൂലൈ 20-ന് സി ജെ പി സംഘടിപ്പിച്ച പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീര്‍വാതകവും ലാത്തിച്ചാര്‍ജും നടത്തിയതിനെതിരെ വ്യാപക വിമര്‍ശനമുയര്‍ന്നു. പ്രതിഷേധക്കാര്‍ക്കെതിരെ ഡല്‍ഹി പൊലീസ് അമിതബലം പ്രയോഗിച്ചെന്നാണ് ആരോപണം. സംഭവത്തെ തുടര്‍ന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം ശക്തമായി. ചിലയിടങ്ങളില്‍ പൊലീസുകാര്‍ക്ക് നേരെയും ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
പ്രതിഷേധത്തിനിടെ ഉണ്ടായ അക്രമസംഭവങ്ങളില്‍ നിന്ന് സി ജെ പി പിന്നീട് അകലം പാലിച്ചു. സമാധാനപരമായ വിദ്യാര്‍ഥി പ്രതിഷേധം അട്ടിമറിക്കാന്‍ ശ്രമിച്ച സാമൂഹ്യവിരുദ്ധരാണ് അക്രമത്തിന് പിന്നിലെന്നാണ് പാര്‍ട്ടി വിശദീകരിച്ചത്.
മേയ് 3-ന് നടന്ന നീറ്റ്- യു ജി പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന ആരോപണത്തെ തുടര്‍ന്ന് ദേശീയ പരീക്ഷാ ഏജന്‍സി മേയ് 12-ന് പരീക്ഷ റദ്ദാക്കിയിരുന്നു. തുടര്‍ന്ന് ജൂണ്‍ 21-ന് വീണ്ടും പരീക്ഷ നടത്തി.
സംഭവത്തില്‍ ഇതുവരെ 13 പേരെ സി ബി ഐ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെല്ലാം നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. ചോദ്യപേപ്പര്‍ ചോര്‍ച്ച വിവാദം വിദ്യാര്‍ഥികളുടെയും വിദ്യാഭ്യാസ വിദഗ്ധരുടെയും രാഷ്ട്രീയ നേതാക്കളുടെയും വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
