ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത മുഖ്യമന്ത്രിയുടെ വസതിയില്‍ നടത്തിയ പരിപാടിക്കിടെ ആക്രമണം നടത്തിയ പ്രതി രാജേഷ് ഖിംജിയെ റിമാന്റ് ചെയ്തു. പ്രതിക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്ന് പൊലീസ് അറിയിച്ചു.
രാജേഷ് ഖിംജിയെ അഞ്ച് ദിവസത്തെ പൊലീസ് റിമാന്‍ഡില്‍ വിട്ടു. ബുധനാഴ്ചയാണ് രേഖ ഗുപ്തയ്ക്ക് നേരെ ആക്രമണമുണ്ടായത്.
ഗുജറാത്തിലെ രാജ്‌കോട്ടില്‍ നിന്നുള്ള പ്രതിയായ രാജേഷ് ഭായ്ജി ഖിംജിക്കെതിരെ അഞ്ച് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ അവയില്‍ നാലെണ്ണത്തിലും കുറ്റവിമുക്തനുമാക്കിയിട്ടുണ്ട്. ഒരു കേസില്‍ വാദം കേള്‍ക്കല്‍ ഇതുവരെ ആരംഭിച്ചിട്ടില്ല.
സംഭവത്തിന് ഒരു ദിവസം മുമ്പ് വടക്കന്‍ ഡല്‍ഹിയിലെ ഷാലിമാര്‍ ബാഗിലുള്ള മുഖ്യമന്ത്രിയുടെ വസതിയില്‍ രാജേഷ് പരിശോധന നടത്തിയതായി പൊലീസ് പറഞ്ഞു. ഡല്‍ഹി മുഖ്യമന്ത്രി ഓഫീസ് പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങളില്‍ ഇയാള്‍ റിക്ഷയില്‍ നിന്ന് ഇറങ്ങി ഒരു വഴിയില്‍ കയറി ഫോണില്‍ സംസാരിക്കുന്നത് വ്യക്തമായി കാണാം.
പ്രതിയായ ഖിംജി ഡല്‍ഹി മുഖ്യമന്ത്രിയെ തല്ലുകയും മുടിയില്‍ പിടിച്ചു വലിക്കുകയും അധിക്ഷേപിക്കുകയും ചെയ്തുവെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും കരണത്തടിക്കുകയോ കല്ലെറിയുകയോ ചെയ്തിട്ടില്ലെന്ന് ഡല്‍ഹി ബി ജെ പി പ്രസിഡന്റ് വീരേന്ദ്ര സച്ച്‌ദേവ നിഷേധിച്ചു. പരാതികള്‍ നല്‍കവെ രാജേഷ് മുഖ്യമന്ത്രിക്കു നേരെ നടത്തിയ ആക്രമണത്തില്‍ രേഖ ഗുപ്തയുടെ തല മേശയില്‍ ഇടിക്കുകയായിരുന്നു.
തെരുവ് നായ്ക്കള്‍ക്കെതിരെയുള്ള സുപ്രിം കോടതി വിധിയാണ് ഖിംജിയെ പ്രകോപിപ്പിച്ചതെന്നും അയാള്‍ക്ക് നായ്ക്കളെ ഇഷ്ടമായിരുന്നുവെന്നും കോടതി വിധിക്കു പിന്നാലെ ഡല്‍ഹിയിലേക്ക് പോവുകയായിരുന്നുവെന്നും പ്രതിയുടെ അമ്മ ഭാനുബെന്‍ പറഞ്ഞു. പ്രതിക്ക് മാനസികരോഗമുണ്ടെന്നും കുടുംബാംഗങ്ങളെ നിരവധി തവണ ആക്രമിച്ചിട്ടുണ്ടെന്നും അവര്‍ അവകാശപ്പെട്ടു.