മയക്കുമരുന്ന്; ശ്രീകാന്തിന് പിന്നാലെ നടന്‍ കൃഷ്ണയും അറസ്റ്റില്‍

മയക്കുമരുന്ന്; ശ്രീകാന്തിന് പിന്നാലെ നടന്‍ കൃഷ്ണയും അറസ്റ്റില്‍


ചെന്നൈ: കൊക്കെയ്ന്‍ കേസില്‍ നടന്‍ ശ്രീകാന്തിന്റെ അറസ്റ്റിന് പിന്നാലെ പ്രമുഖ നടന്‍ കൃഷ്ണയും അറസ്റ്റില്‍. 20 മണിക്കൂര്‍ ചോദ്യം ചെയ്തതിന് ശേഷമാണ് നുങ്കമ്പാക്കം പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. 

കൃഷ്ണയ്‌ക്കൊപ്പം ഇയാളുടെ സുഹൃത്ത് കെവിനേയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.  കൂടാതെ രണ്ട് പ്രമുഖ നടിമാരും പൊലീസിന്റെ നിരീക്ഷണത്തിലാണെന്നാണ് വിവരം. എന്നാല്‍ ഇവരുടെ പേരു വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ഇതോടെ, സിനിമാ വ്യവസായത്തില്‍ മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട കൂടുതല്‍ വെളിപ്പെടുത്തലുകള്‍ ഉണ്ടാകുമെന്നാണ് സൂചന.

മെയ് 22-ന് ചെന്നൈയിലെ നുങ്കമ്പാക്കം പ്രദേശത്തെ ഒരു നൈറ്റ്ക്ലബ്ബിന് പുറത്തുണ്ടായ സംഘര്‍ഷമാണ് കേസിന് തുടക്കമിട്ടത്. ഇതിനു പിന്നാലെ നടത്തിയ അന്വേഷണത്തില്‍ എ ഐ എ ഡി എം കെ മുന്‍ പ്രവര്‍ത്തകന്‍ പ്രസാദിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന വലിയ മയക്കുമരുന്ന് ശൃംഖല പൊലീസ് കണ്ടെത്തുകയായിരുന്നു. ഇയാള്‍ സിനിമാ വ്യവസായത്തിലെ ചില പ്രമുഖര്‍ക്കും കൊക്കെയ്ന്‍ വിതരണം ചെയ്തിരുന്നതായും തെളിഞ്ഞു. ഇതിനു പിന്നാലെയാണ് ജൂണ്‍ 23ന് നടന്‍ ശ്രീകാന്ത് അറസ്റ്റിലായത്.

ശ്രീകാന്തിന്റെ മൊഴിയില്‍ കൃഷ്ണയുടെ പേര് പരാമര്‍ശിക്കപ്പെട്ടതിനെ തുടര്‍ന്നാണ് പൊലീസ് കൃഷ്ണയെ കസ്റ്റഡിയിലെടുത്തും പിന്നാലെ അറസ്റ്റിലാവുന്നതും. മയക്കുമരുന്നുമായി ബന്ധപ്പെട്ട തെളിവുകള്‍ ഇരുവരുടേയും ചാറ്റുകളില്‍ നിന്നും കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. കൃഷ്ണയുടെ രക്ത സാമ്പിളുകള്‍ പരിശോധനയ്ക്കായി എടുത്തിട്ടുണ്ട്. ഫലം ലഭിച്ചതിന് ശേഷം കൂടുതല്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.