അമര്‍ പ്രീത് സിംഗ് വ്യോമസേനയുടെ പുതിയ മേധാവി

അമര്‍ പ്രീത് സിംഗ് വ്യോമസേനയുടെ പുതിയ മേധാവി


ന്യൂഡല്‍ഹി: വ്യോമസേനയുടെ പുതിയ മേധാവിയായി എയര്‍ മാര്‍ഷല്‍ അമര്‍ പ്രീത് സിങ്ങിനെ കേന്ദ്ര പ്രതിരോധ മന്ത്രാലയം പ്രഖ്യാപിച്ചു. നിലവിലെ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ വിവേക് റാം ചൗധരി സെപ്റ്റംബര്‍ 30നാണ് വിരമിക്കുക. അമര്‍ പ്രീത് സിങ് നിലവില്‍ എയര്‍ സ്റ്റാഫിന്റെ വൈസ് ചീഫ് ആണ്.

1964 ഒക്ടോബര്‍ 27ന് ജനിച്ച അമര്‍ പ്രീത് സിങ് വ്യോമസേനയുടെ യുദ്ധവിമാന പൈലറ്റ് വിഭാഗത്തിലേക്ക് 1984 ഡിസംബറിലാണ് കമ്മിഷന്‍ ചെയ്യപ്പെട്ടത്. 40 വര്‍ഷത്തെ കരിയറിനിടെ നിരവധി ചുമതലകളില്‍ അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

2023 ഫെബ്രുവരി ഒന്നിന് വ്യോമസേനയുടെ 47-ാമത് ഉപ മേധാവിയായി. 2023ല്‍ പരമവിശിഷ്ട സേവാ മെഡലും 2019ല്‍ അതിവിശിഷ്ട സേവാ മെഡലും സ്വന്തമാക്കി. നാഷണല്‍ ഡിഫന്‍സ് അക്കാഡമി, നാഷണല്‍ ഡിഫന്‍സ് കോളെജ്, ഡിഫന്‍സ് സര്‍വീസ് സ്റ്റാഫ് കോളെജ് എന്നിവിടങ്ങളിലെ പൂര്‍വ വിദ്യാര്‍ഥിയാണ്.

വിവിധതരം ഫിക്‌സഡ്, റോട്ടറി- വിങ് വിമാനങ്ങളില്‍ 5,000 മണിക്കൂറിലധികം പറന്ന അനുഭവമുള്ള അദ്ദേഹം ഫ്‌ളൈയിങ് ഇന്‍സ്ട്രക്റ്ററും എക്‌സ്പിരിമെന്റല്‍ ടെസ്റ്റ് പൈലറ്റുമാണ്. ടെസ്റ്റ് പൈലറ്റെന്ന നിലയില്‍ മോസ്‌കോയില്‍ മിഗ്- 29 അപ്ഗ്രേഡ് പ്രോജക്റ്റ് മാനേജ്മെന്റ് ടീമിനെ നയിച്ചു. നാഷണല്‍ ഫ്‌ളൈറ്റ് ടെസ്റ്റ് സെന്റര്‍ പ്രൊജക്ട് ഡയറക്ടറായിരുന്നു. ഇന്ത്യയുടെ തദ്ദേശീയ നിര്‍മിത തേജസ് എന്ന ലൈറ്റ് കോംബാറ്റ് എയര്‍ക്രാഫ്റ്റിന്റെ ഫ്‌ളൈറ്റ് ടെസ്റ്റിങ് ചുമതലയും വഹിച്ചിട്ടുണ്ട്.