ക്വാഡ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി മോഡി യു എസിലെത്തി

ക്വാഡ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി മോഡി യു എസിലെത്തി


ഫിലാഡല്‍ഫിയ: മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോഡി ശനിയാഴ്ച ഫിലാഡല്‍ഫിയ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തി. പ്രസിഡന്റ് ജോ ബൈഡനുമായും മറ്റ് നേതാക്കളുമായും പ്രധാനമന്ത്രി ഉഭയകക്ഷി കൂടിക്കാഴ്ചകള്‍ നടത്തും.

കൂടാതെ ക്വാഡ് ഉച്ചകോടിയില്‍ പങ്കെടുക്കുകയും ഒരു പ്രധാന യു എന്‍ യോഗത്തെ അഭിസംബോധന ചെയ്യുകയും ചെയ്യും.

പ്രധാനമന്ത്രിമാരായ ആന്റണി അല്‍ബനീസ്, നരേന്ദ്ര മോഡി, ഫ്യൂമിയോ കിഷിദ എന്നിവരെ താന്‍ സ്വാഗതം ചെയ്യുമെന്നും സ്വതന്ത്രവും തുറന്നതുമായ ഇന്തോ- പസഫിക് ബന്ധങ്ങള്‍ ഉറപ്പാക്കാന്‍ ഈ നേതാക്കള്‍ അത്യന്താപേക്ഷിതമാണെന്നും അവര്‍ തന്റെ സുഹൃത്തുക്കളും നമ്മുടെ രാജ്യത്തിന്റെ സുഹൃത്തുക്കളുമാണെന്നും വരാനിരിക്കുന്ന ഉച്ചകോടിയില്‍ എല്ലാ കാര്യങ്ങളും നിറവേറ്റാനാവുമെന്ന് താന്‍ പ്രതീക്ഷിക്കുന്നുവെന്നും ബൈഡന്‍ എക്സില്‍ കുറിച്ചു. 

ഇന്‍ഡോ- പസഫിക് മേഖലയിലെ സമാധാനത്തിനും പുരോഗതിക്കും സമൃദ്ധിക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന സമാന ചിന്താഗതിക്കാരായ നാല് രാജ്യങ്ങളുടെ ഒരു പ്രധാന ഗ്രൂപ്പാണ് ക്വാഡ് ഉച്ചകോടി. ബൈഡന്‍ അധികാരത്തിലെത്തിയതിന് ശേഷം ഈ സംരംഭം ശക്തമാക്കി. 

'ഇന്ത്യ- യു എസ് ആഗോള പങ്കാളിത്തം കൂടുതല്‍ ആഴത്തിലാക്കാന്‍' ഉച്ചകോടിക്ക് മുന്നോടിയായി ബൈഡനുമായി മോഡി ഉഭയകക്ഷി കൂടിക്കാഴ്ച നടത്തും. ഇന്ത്യ- യു എസ് പ്രതിരോധ സഹകരണം കൂടിക്കാഴ്ചയില്‍ പ്രധാന ചര്‍ച്ചാ വിഷയമായേക്കും.

ഇന്‍ഡോ- പസഫിക്കിലെ പ്രാദേശിക സുരക്ഷയും സഹകരണവും ചര്‍ച്ച ചെയ്യാന്‍ ക്വാഡ് നേതാക്കള്‍ ഒത്തുചേരും. ഇന്തോ- പസഫിക്കിലെ സഹകരണം വര്‍ധിപ്പിക്കുന്നതിനും യുക്രെയ്നിലെയും ഗാസയിലെയും സംഘര്‍ഷങ്ങള്‍ക്ക് സമാധാനപരമായ പരിഹാരം കണ്ടെത്തുന്നതിനുള്ള വഴികള്‍ പര്യവേക്ഷണം ചെയ്യുന്നതിനുമായി പുതിയ സംരംഭങ്ങളുടെ പരമ്പര ആവിഷ്‌കരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 2025-ല്‍ അടുത്ത ക്വാഡ് സെഷന് ഇന്ത്യ ആതിഥേയത്വം വഹിക്കാനിരിക്കുന്നതിനാല്‍ യോഗത്തിന് കൂടുതല്‍ പ്രാധാന്യമുണ്ട്. 

സെപ്തംബര്‍ 22ന് ലോംഗ് ഐലന്റിലെ ഒരു ഇന്ത്യന്‍ കമ്മ്യൂണിറ്റി പരിപാടിക്കായി പ്രധാനമന്ത്രി ന്യൂയോര്‍ക്കിലേക്ക് പോകും. അടുത്ത ദിവസം യു എന്‍ ജനറല്‍ അസംബ്ലിയില്‍ ഭാവി ഉച്ചകോടിയെ അഭിസംബോധന ചെയ്യും.

എഐ, ക്വാണ്ടം കംപ്യൂട്ടിംഗ്, അര്‍ധചാലകങ്ങള്‍ തുടങ്ങിയ അത്യാധുനിക സാങ്കേതിക വിദ്യകളില്‍ പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ കമ്പനികളുടെ സിഇഒമാരുമൊത്തുള്ള വട്ടമേശയിലും അദ്ദേഹം പങ്കെടുക്കും.