ലൈംഗികത അനുവദിക്കുന്ന പ്രായം 18ല്‍ നിന്ന് 16ലേക്ക് കുറക്കണമെന്ന് സുപ്രിം കോടതിയില്‍ അമിക്കസ് ക്യൂറി

ലൈംഗികത അനുവദിക്കുന്ന പ്രായം 18ല്‍ നിന്ന് 16ലേക്ക് കുറക്കണമെന്ന് സുപ്രിം കോടതിയില്‍ അമിക്കസ് ക്യൂറി


ന്യൂഡല്‍ഹി: ലൈംഗികത അനുവദിക്കുന്ന പ്രായം 18 വയസ്സില്‍ നിന്ന് 16 ആയി കുറയ്ക്കണമെന്ന് അമിക്കസ് ക്യൂറിയും മുതിര്‍ന്ന അഭിഭാഷകയുമായ ഇന്ദിര ജെയ്സിംഗ് സുപ്രിം കോടതിയോട് ആവശ്യപ്പെട്ടു. നിപുന്‍ സക്സേന വേഴ്‌സസ് യൂണിയന്‍ ഓഫ് ഇന്ത്യ കേസിലാണ് സുപ്രിം കോടതി നിയോഗിച്ച അമിക്കസ് ക്യൂറി ജെയ്സിംഗ് 2012ലെ ലൈംഗിക കുറ്റകൃത്യങ്ങളില്‍ നിന്നുള്ള കുട്ടികളുടെ സംരക്ഷണ നിയമവും ഐപിസിയുടെ സെക്ഷന്‍ 375ഉം പ്രകാരം 16 മുതല്‍ 18 വയസ്സ് വരെ പ്രായമുള്ള കൗമാരക്കാര്‍ ഉള്‍പ്പെടുന്ന ലൈംഗിക പ്രവര്‍ത്തനങ്ങളെ കുറ്റകരമാക്കുന്നതിനെ ചോദ്യം ചെയ്ത് രേഖാമൂലം സമര്‍പ്പിച്ചത്. 

നിലവിലെ നിയമം കൗമാരക്കാര്‍ക്കിടയിലെ ഉഭയകക്ഷി സമ്മത ലൈംഗികതയെ കുറ്റകരമാക്കുന്നുവെന്നും അവരുടെ ഭരണഘടനാ അവകാശങ്ങള്‍ ലംഘിക്കുന്നുവെന്നും അമിക്കസ് ക്യൂറി വാദിച്ചു.

നിയമവും ചട്ടക്കൂടും കൗമാരക്കാര്‍ തമ്മിലുള്ള സമ്മത ബന്ധങ്ങളെ ദുരുപയോഗമായി തെറ്റായി തുലനം ചെയ്യുന്നുവെന്നും അവരുടെ സ്വയംതീരുമാനിക്കാനും പക്വത, സമ്മതം നല്‍കാനുള്ള കഴിവ് എന്നിവ അവഗണിക്കുന്നുവെന്നും ജെയ്സിംഗ് പറഞ്ഞു.

സമ്മത പ്രായം 16ല്‍ നിന്ന് 18 ആയി ഉയര്‍ത്തുന്നതിന് ന്യായീകരണമായി യുക്തിസഹമായ കാരണങ്ങളോ അനുഭവപരമായ ഡേറ്റകളോ ഇല്ലെന്നും ജെയ്സിംഗ് വാദിച്ചു. 2013ലെ ക്രിമിനല്‍ നിയമം വഴി ഉയര്‍ത്തുന്നതുവരെ 70 വര്‍ഷത്തിലേറെയായി പ്രായം 16 ആയി തുടര്‍ന്നിരുന്നുവെന്ന് ചൂണ്ടിക്കാട്ടി. ഈ വര്‍ധനവ് ചര്‍ച്ചയില്ലായതെയാണ് വന്നതെന്നും  സമ്മത പ്രായം 16 ആയി നിലനിര്‍ത്തണമെന്ന ജസ്റ്റിസ് വര്‍മ്മ കമ്മിറ്റിയുടെ ശിപാര്‍ശയ്ക്ക് വിരുദ്ധമാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.

അമിക്കസ് ക്യൂറി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഇന്നത്തെ കൗമാരക്കാര്‍ നേരത്തെ പ്രായപൂര്‍ത്തിയാകുന്നതായും അവര്‍ക്ക് ഇഷ്ടമുള്ള പ്രണയ, ലൈംഗിക ബന്ധങ്ങള്‍ രൂപപ്പെടുത്താന്‍ കഴിയുന്നതായും വിശദമാക്കി. 

ദേശീയ കുടുംബാരോഗ്യ സര്‍വേയില്‍ നിന്നുള്ള കണ്ടെത്തലുകള്‍ ഉള്‍പ്പെടെയുള്ള ശാസ്ത്രീയവും സാമൂഹികവുമായ ഡേറ്റ കൗമാരക്കാര്‍ക്കിടയില്‍ ലൈംഗിക പ്രവര്‍ത്തനങ്ങള്‍ അസാധാരണമല്ലെന്ന് സൂചിപ്പിക്കുന്നതായും അവര്‍ പറഞ്ഞു.

2017നും 2021നും ഇടയില്‍ 16- 18 വയസ്സ് പ്രായമുള്ള പ്രായപൂര്‍ത്തിയാകാത്തവര്‍ക്കെതിരെ പോക്സോ പ്രകാരം ചുമത്തിയ കേസുകളില്‍ 180 ശതമാനം വര്‍ധനവുണ്ടായതായി ജെയ്സിംഗ് ചൂണ്ടിക്കാട്ടി.

മിക്ക പരാതികളും മാതാപിതാക്കളാണ് നല്‍കുന്നതെന്നും പലപ്പോഴും പെണ്‍കുട്ടിയുടെ ഇഷ്ടത്തിന് വിരുദ്ധമായി വ്യത്യസ്ത ജാതിയിലുള്ളതോ വ്യത്യസ്ത മതത്തിലുള്ളതോ ആയ ബന്ധങ്ങളാണ് ഇത്തരത്തില്‍ കേസുകളാകുന്നതെന്നും അവര്‍ പറഞ്ഞു. പരസ്പര സമ്മതത്തോടെയുള്ള ലൈംഗികതയെ കുറ്റകരമാക്കുന്നത് യുവ ദമ്പതികളെ തുറന്ന സംഭാഷണത്തിനും വിദ്യാഭ്യാസത്തിനും പ്രോത്സാഹിപ്പിക്കുന്നതിനുപകരം ഒളിച്ചുകളിയിലേക്കോ വിവാഹത്തിലേക്കോ നിയമപരമായ പ്രശ്നങ്ങളിലേക്കോ നിര്‍ബന്ധിതരാക്കുന്നുവെന്ന മുന്നറിയിപ്പും നല്‍കി. 

പ്രായപൂര്‍ത്തിയാകാത്തവര്‍ ഉള്‍പ്പെടുന്ന എല്ലാ ലൈംഗിക പ്രവൃത്തികളും നിര്‍ബന്ധിതമല്ലെന്നും നിയമം ദുരുപയോഗത്തെയും ഉഭയകക്ഷി ബന്ധങ്ങളെയും തമ്മില്‍ വേര്‍തിരിച്ചറിയണമെന്നും ഊന്നിപ്പറഞ്ഞു.

16നും 18നും ഇടയില്‍ പ്രായമുള്ള കൗമാരക്കാര്‍ തമ്മിലുള്ള ഉഭയകക്ഷി ലൈംഗികത ഒരു തരത്തിലുള്ള ദുരുപയോഗമല്ലെന്നും പോക്‌സോ, ബലാത്സംഗ നിയമങ്ങളുടെ പരിധിയില്‍ നിന്ന് ഒഴിവാക്കണമെന്നും സുപ്രിം കോടതിയോട് ആവശ്യപ്പെട്ടുകൊണ്ട് ജെയ്സിംഗ് ഉപസംഹരിച്ചു.

കൗമാരക്കാരെ സുരക്ഷിതമായ വൈദ്യസഹായം തേടുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുന്ന പോക്സോയിലെ സെക്ഷന്‍ 19 പ്രകാരമുള്ള നിര്‍ബന്ധിത റിപ്പോര്‍ട്ടിംഗ് ബാധ്യതകള്‍ പുനഃപരിശോധിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

ലൈംഗിക സ്വയംഭരണം മനുഷ്യന്റെ അന്തസ്സിന്റെ ഭാഗമാണെന്നും കൗമാരക്കാര്‍ക്ക് സ്വന്തം ശരീരത്തെക്കുറിച്ച് അറിവുള്ള തിരഞ്ഞെടുപ്പുകള്‍ നടത്താനുള്ള കഴിവ് നിഷേധിക്കുന്നത് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14, 15, 19, 21 എന്നിവയുടെ ലംഘനമാണെന്നും അവര്‍ പറഞ്ഞു.