ന്യൂഡല്‍ഹി: അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ കര്‍ശനനടപടികളുമായി ട്രംപ് ഭരണകൂടം മുന്നോട്ടുപോവുകയാണ്. നിരവധി പേരെ പിടികൂടി സൈനിക വിമാനങ്ങളില്‍ കയറ്റി അവരുടെ രാജ്യങ്ങളിലേക്ക് അച്ചു. നിയമവിരുദ്ധമായി കുടിയേറിയവരെ കയറ്റിയ ആദ്യവിമാനം ഇന്ത്യയിലേക്കും അയച്ചു. ഏകദേശം 7,25,000 ഇന്ത്യക്കാര്‍ അമേരിക്കയില്‍ അനധികൃതമായി കഴിയുന്നതായാണ് റിപ്പോര്‍ട്ട്. പേവ് റിസര്‍ച്ച് സെന്ററിന്റെ കണക്കുകള്‍ പ്രകാരം അനധികൃത കുടിയേറ്റക്കാരുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. മെക്‌സിക്കോയും എല്‍സാല്‍വദോറും ആണ് അനധികൃത കുടിയേറ്റക്കാരുടെ എണ്ണത്തില്‍ ഒന്നും രണ്ടും സ്ഥാനത്ത്.
നാടുകടത്താനായി കണ്ടെത്തിയ 15 ലക്ഷം അധികൃത കുടിയേറ്റക്കാരില്‍ 18,000 പേര്‍ മതിയായ രേഖകള്‍ ഇല്ലാത്ത ഇന്ത്യന്‍ പൗരന്മാരാണെന്നാണ് യു.എസ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റിന്റെ (ഐ.സി.ഇ) പ്രാഥമിക കണ്ടെത്തല്‍.
അതിനിടെ, അനധികൃത കുടിയേറ്റക്കാരായ 205 ഇന്ത്യക്കാരുമായി പുറപ്പെട്ട അമേരിക്കന്‍ സൈനിക വിമാനം എത്തുക പഞ്ചാബിലെ അമൃത്സറില്‍. സാന്റിയാഗോയില്‍ നിന്ന് പുറപ്പെട്ട യു.എസ് വ്യോമസേനയുടെ സി-17 വിമാനം അമൃത്സര്‍ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യും. തുടര്‍നടപടികള്‍ പൂര്‍ത്തിയാക്കി പൗരന്മാരെ ഇന്ത്യക്ക് കൈമാറാനാണ് യു.എസ് തീരുമാനം. അതേസമയം, യാത്രക്കിടെ ഇന്ധനം നിറക്കാനായി ജര്‍മനിയിലെ റാംസ്റ്റീനില്‍ വിമാനം ഇറങ്ങുമെന്നും വിവരമുണ്ട്.
ഡോണള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റ് പദവയില്‍ എത്തിയതിന് പിന്നാലെ അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടികളാണ് സ്വീകരിക്കുന്നത്. ഗ്വാട്ടിമാല, പെറു, ഹോണ്ടുറാസ് എന്നിവിടങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാരെ സൈനിക വിമാനത്തില്‍ മടക്കി അയച്ചിട്ടുണ്ട്. ടെക്‌സസിലെ എല്‍ പാസോ, കാലിഫോര്‍ണിയയിലെ സാന്‍ ഡീഗോ എന്നിവിടങ്ങളിലുള്ള 5,000ലധികം കുടിയേറ്റക്കാരെ വിമാനമാര്‍ഗം സ്വദേശത്തേക്ക് എത്തിക്കും.
യു.എസ് -മെക്‌സിക്കോ അതിര്‍ത്തിയില്‍ കൂടുതല്‍ സൈനികരെ വിന്യസിക്കുക, പിടിയിലായ കുടിയേറ്റക്കാരെ നാടുകടത്താന്‍ സൈനിക വിമാനങ്ങള്‍ ഉപയോഗിക്കുക, ഇവരെ പാര്‍പ്പിക്കാന്‍ സൈനിക താവളങ്ങള്‍ തുറക്കുക തുടങ്ങിയ നീക്കങ്ങളും സൈന്യത്തിന്റെ സഹായത്തോടെ ട്രംപ് സ്വീകരിക്കുന്നുണ്ട്.
ഇന്ത്യയില്‍ നിന്നുള്ള അനധികൃത കുടിയേറ്റത്തെ കുറിച്ചുള്ള ആശങ്കകള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്‍ എന്നിവരോട് ട്രംപും യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയും ചൂണ്ടിക്കാട്ടിയിരുന്നു. 'അനധികൃത കുടിയേറ്റക്കാരെ തിരിച്ചയക്കുന്നത് കൈകാര്യം ചെയ്യുന്നതില്‍ ഇന്ത്യ ശരിയായ നടപടി സ്വീകരിക്കും, പ്രധാനമന്ത്രി മോദിയുമായി ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടുണ്ട്' - എന്ന് ട്രംപ് കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു.
രേഖകളില്ലാത്ത ഇന്ത്യന്‍ പൗരന്മാരുടെ നിയമാനുസൃത തിരിച്ചുവരവിന് രാജ്യം എപ്പോഴും വാതില്‍ തുറന്നിട്ടിട്ടുണ്ടെന്നായിരുന്നു ഇന്ത്യയുടെ പ്രതികരണം. നാടുകടത്തലിന് അര്‍ഹതയുള്ളവരുടെ രേഖകള്‍ പരിശോധിക്കുന്നുണ്ടെന്നും അത്തരം വ്യക്തികളുടെ കൃത്യമായ എണ്ണം നിര്‍ണയിക്കുമെന്നും എസ്. ജയ്ശങ്കര്‍ വ്യക്തമാക്കിയിട്ടുണ്ട്.
യു എസില്‍ 7.25 ലക്ഷം അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാര്‍ ഉള്ളതായി റിപ്പോര്‍ട്ട്