ന്യൂഡല്‍ഹി: സമന്‍സ് ലഭിച്ച മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ അസം പൊലീസ് എഴുതിയ എഫ് ഐ ആര്‍ എന്താണെന്നറിയാന്‍ പിന്നാലെ അന്വേഷിക്കേണ്ടി വന്നത് 11 ദിവസം. എന്നിട്ടും പൊലീസ് എഫ് ഐ ആറിന്റെ പകര്‍പ്പ് നല്‍കിയില്ലെങ്കിലും വെബ്‌സൈറ്റില്‍ നിന്നും ലഭ്യമാക്കുകയായിരുന്നു.
ദി വയര്‍ സ്ഥാപക എഡിറ്റര്‍ സിദ്ധാര്‍ത്ഥ് വരദരാജനും കണ്‍സള്‍ട്ടിംഗ് എഡിറ്റര്‍ കരണ്‍ ഥാപ്പറിനുമെതിരെ അസം പൊലീസിന്റെ എഫ് ഐ ആര്‍ എന്താണെന്ന് നിരവധി ദിവസത്തെ പരിശ്രമത്തിനൊടുവിലാണ് ലഭിച്ചതെന്ന് ദി വയര്‍ തന്നെയാണ് റിപ്പോര്‍ട്ട് ചെയ്തത്. മെയ് ഒന്‍പതിനാണ് എഫ് ഐ ആറിട്ടതെങ്കിലും അവ എന്തിനാണെന്ന് വ്യക്തമാക്കിയിരുന്നില്ല.
ഇവര്‍ രണ്ടുപേരെ കൂടാതെ എഫ് ഐ ആറില്‍ ജമ്മു കശ്മീര്‍, മേഘാലയ മുന്‍ ഗവര്‍ണറായിരുന്ന ഈയ്യിടെ അന്തരിച്ച സത്യപാല്‍ മല്ലിക്, പത്രപ്രവര്‍ത്തകനും പാകിസ്ഥാനിലെ പഞ്ചാബിന്റെ മുന്‍ കെയര്‍ടേക്കര്‍ മുഖ്യമന്ത്രിയുമായ നജാം സേഥി, ദി വയര്‍ ഹിന്ദി എഡിറ്റര്‍ അശുതോഷ് ഭരദ്വാജ് എന്നിവരും ഉള്‍പ്പെടുന്നുണ്ട്.
മാത്രമല്ല പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം ദി വയര്‍ പ്രസിദ്ധീകരിച്ച 12 ലേഖനങ്ങളുടെ പൂര്‍ണ്ണമായോ ഭാഗികമായോ തലക്കെട്ടുകളും എഫ്ഐആറില്‍ പട്ടികപ്പെടുത്തിയിട്ടുണ്ട്. ദി ട്രിബ്യൂണിന്റെ മുന്‍ എഡിറ്റര്‍ ഹരീഷ് ഖരെ, ഒബ്സര്‍വര്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ സീനിയര്‍ ഫെലോ മനോജ് ജോഷി, മുന്‍ ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥന്‍ അവിനാശ് മോഹനനി, റോയുടെ മുന്‍ മേധാവി എ എസ് ദുലത്ത്, കേണല്‍ (റിട്ടയേര്‍ഡ്) അജയ് ശുക്ല, അതിര്‍ത്തി സുരക്ഷാ സേനയുടെ മുന്‍ എഡിജി എസ് കെ സൂദ്, മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ ആനന്ദ് സഹായ്, വിദ്യാഭ്യാസ വിദഗ്ധന്‍ രോഹിത് കുമാര്‍, മുതിര്‍ന്ന പ്രതിരോധ പത്രപ്രവര്‍ത്തകന്‍ രാഹുല്‍ ബേദി, ഗവേഷക നിര്‍മ്മണ്യ ചൗഹാന്‍, മുന്‍ ഇന്ത്യന്‍ ആര്‍മി ഓഫീസര്‍ അലി അഹമ്മദ് എന്നിവരുമായി ബന്ധപ്പെട്ടതാണ് ലേഖനങ്ങളോ അഭിമുഖങ്ങളോ എങ്കിലും അവരുടെ പേരുകള്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
ഫലത്തില്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍, സൈന്യം, സുരക്ഷാ സേനകള്‍, മാധ്യമങ്ങള്‍, വിദ്യാഭ്യാസം, ഗവേഷണം എന്നിവയില്‍ മികച്ച കരിയര്‍ ഉള്ള 11 കോളമിസ്റ്റുകളെയാണ് അസം പൊലീസിന്റെ അന്വേഷണത്തിന്റെ അപകടത്തിലേക്ക് എഫ് ഐ ആറിലൂടെ വലിച്ചിടുന്നത്. അവരുടെ ലേഖനങ്ങളും അഭിമുഖങ്ങളും 'രാജ്യത്തിന്റെ പരമാധികാരത്തെ അപകടപ്പെടുത്തുന്ന' പ്രവൃത്തികളായി പരാമര്‍ശിക്കപ്പെട്ടതിനാല്‍, ഭാവിയില്‍ സമന്‍സ് അയക്കാനും അറസ്റ്റ് ചെയ്യുന്നതിനുമുള്ള സാധ്യത ഇതില്‍ ഉള്‍പ്പെടുന്നു.
വരദരാജനും ഥാപ്പറിനും എഫ് ഐ ആറിന്റെ പകര്‍പ്പോ തിയ്യതിയോ ഉള്ളടക്കത്തിന്റെ സംഗ്രഹമോ പോലും നല്‍കിയിരുന്നില്ല. പ്രസ്തുത എഫ് ഐ ആര്‍ നല്‍കുന്നതിന് അന്വേഷണ ഉദ്യോഗസ്ഥന്‍ ഗുവാഹത്തിയിലെ ദി വയറിന്റെ പ്രതിനിധിയോട് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് (സിജെഎം) കോടതിയില്‍ നിന്ന് ഒരു പകര്‍പ്പ് വാങ്ങുകയോ അല്ലെങ്കില്‍ ഡെപ്യൂട്ടി കമ്മീഷണറില്‍ നിന്ന് അത് ആവശ്യപ്പെടുകയോ ചെയ്യണമെന്നാണ് നിര്‍ദ്ദേശിച്ചത്.
ദി വയറും ഥാപ്പറും ഡെപ്യൂട്ടി കമ്മീഷണര്‍ക്ക് ഇതിനകം ഒരു ഇമെയില്‍ അയച്ചിരുന്നു. രാജ്യവ്യാപകമായി സ്പീഡ് പോസ്റ്റ് സേവനങ്ങളില്‍ തടസ്സം നേരിടുന്നതിനാലും അവരുടെ സെര്‍വറുകള്‍ പ്രവര്‍ത്തനരഹിതമായതിനാലും സേവനങ്ങള്‍ വളരെ വൈകിയതിനാലും വരദരാജനും ഥാപ്പറും സമന്‍സിനുള്ള മറുപടി വാട്ട്സ്ആപ്പില്‍ അന്വേഷണ ഉദ്യോഗസ്ഥന് അയക്കുകയും അതില്‍ നീല ടിക്ക് പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു. ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ക്ക് ഇമെയില്‍ അയയ്ക്കുകയും സാഹചര്യം കണക്കിലെടുത്ത് ഒരു പ്രാദേശിക അഭിഭാഷകന്‍ വഴി മറുപടിയുടെ പകര്‍പ്പ് കൈമാറുകയും ചെയ്തുവെന്ന് വരദരാജനും ഥാപ്പറും ഉറപ്പാക്കുകയും ചെയ്തു.
ഓഗസ്റ്റ് 16 (ശനി), ഓഗസ്റ്റ് 18 (തിങ്കള്‍), ഓഗസ്റ്റ് 19 (ചൊവ്വ) തിയ്യതികളില്‍ സിജെഎം കോടതിയില്‍ നിന്ന് എഫ് ഐ ആര്‍ ലഭിക്കാന്‍ ശ്രമങ്ങള്‍ നടത്തിയെങ്കിലും എല്ലാ ശ്രമങ്ങളും പരാജയപ്പെടുകയായിരുന്നു.
ഒടുവില്‍, എഫ് ഐ ആറിന്റെ പകര്‍പ്പ് ഓഗസ്റ്റ് 20ന് ഉച്ചയോടെ അസം പോലീസിന്റെ വെബ്സൈറ്റിലാണ് ലഭ്യമായത്.
എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തതിനെതിരെയും പത്രപ്രവര്‍ത്തകരെ ഉപദ്രവിക്കാന്‍ സമന്‍സ് അയച്ച രീതിക്കെതിരെയും എഫ് ഐ ആര്‍ വെളിപ്പെടുത്താത്തതിനെതിരെയും മാധ്യമ പ്രവര്‍ത്തകരും പൊതുജനങ്ങളോട് ആഭിമുഖ്യമുള്ള വ്യക്തികളും സംഘടനകളും പത്രങ്ങളുടെ എഡിറ്റോറിയലുകള്‍ ഉള്‍പ്പെടെ വ്യാപകമായ വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്.
2025 ഓഗസ്റ്റ് 14 ന് വൈകുന്നേരം ഗുവാഹത്തിയിലെ പാന്‍ബസാറിലെ ക്രൈം ബ്രാഞ്ചില്‍ നിന്ന് വരദരാജന് സമന്‍സിന്റെ പകര്‍പ്പ് ലഭിച്ചതു മുതല്‍, എഫ് ഐ ആറിന്റെ പകര്‍പ്പ് വാങ്ങാന്‍ ദി വയര്‍ ശ്രമങ്ങള്‍ നടത്തുന്നുണ്ടായിരുന്നു.