ബ്ലാക്ക് മെയിലിംഗ് വിലപ്പോകില്ലെന്ന് പ്രധാനമന്ത്രി

ബ്ലാക്ക് മെയിലിംഗ് വിലപ്പോകില്ലെന്ന് പ്രധാനമന്ത്രി


ന്യൂഡല്‍ഹി: ആണവായുധങ്ങളുടെ പേരിലുള്ള ഭീഷണി ഇന്ത്യയോടുവേണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു. ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ആദ്യമായി രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. 22 മിനുട്ടാണ് പ്രധാനമന്ത്രിയുടെ പ്രസംഗം നീണ്ടത്. 

ആണവായുധങ്ങള്‍ പറഞ്ഞുള്ള ബ്ലാക്ക് മെയിലിംഗ് വിലപ്പോകില്ലെന്നും മോഡി വ്യക്തമാക്കി. ഇന്ത്യക്കെതിരായ ഭീകരവാദ ആക്രമണത്തിന് ഉചിതമായ തിരിച്ചടി നേരിടേണ്ടി വരും. പ്രതികരണം എങ്ങനെ വേണമെന്ന് തങ്ങള്‍ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

ഇന്ത്യയും പാകിസ്താനും തമ്മില്‍ ചര്‍ച്ചയുണ്ടെങ്കില്‍ അത് ഭീകരവാദത്തെ കുറിച്ചും പാക് അധീന കശ്മീരിനെ കുറിച്ചും മാത്രമായിരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഭീകരവാദികള്‍ കാണിച്ച ക്രൂരത ലോകത്തെ പിടിച്ചുകുലുക്കുന്നതായിരുന്നു. കുടുംബങ്ങളുടെ മുന്നില്‍വെച്ചാണ് സാധാരണക്കാരെ ഭീകരവാദികള്‍ കൊലപ്പെടുത്തിയത്. ഭീകരരെ തുടച്ചുനീക്കാന്‍ സൈന്യത്തിന് പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയിരുന്നുവെന്നും മോഡി പറഞ്ഞു. 

ഇന്ത്യ നല്‍കിയ കനത്ത തിരിച്ചടി ഭീകരവാദികള്‍ സ്വപ്‌നത്തില്‍ പോലും പ്രതീക്ഷിച്ചിരുന്നില്ല. ഇന്ത്യന്‍ മിസൈലുകളും ഡ്രോണുകളും പാകിസ്താനിലെ സ്ഥലങ്ങള്‍ ആക്രമിച്ചപ്പോള്‍ ഭീകരവാദികളുടെ കെട്ടിടങ്ങള്‍ മാത്രമല്ലഅവരുടെ ധൈര്യവും തകര്‍ന്നു. തിരിച്ചടിയിലൂടെ ഇന്ത്യ തകര്‍ത്തത് ഭീകരതയുടെ യൂണിവേഴ്‌സിറ്റിയാണെന്നും മോഡി പറഞ്ഞു. 

പാകിസ്താനെതിരെയുള്ള നടപടികള്‍ തത്ക്കാലത്തേക്ക് മാത്രമാണ് നിര്‍ത്തിവെച്ചത്. ഭാവി എന്താകുമെന്നത് പാകിസ്താന്റെ പെരുമാറ്റത്തിന് അനുസരിച്ചായിരിക്കും. ഭീകരവാദം പാകിസ്താന്‍ അവസാനിപ്പിച്ചേ മതിയാവുകയുള്ളു. അതല്ലാതെ സമാധാനത്തിലേക്ക് മാര്‍ഗ്ഗമില്ല. ഭീകരതയും ചര്‍ച്ചയും ഒന്നിച്ചു പോകില്ല. വെള്ളവും രക്തവും ഒന്നിച്ചൊഴുകില്ലെന്നും മോഡി പറഞ്ഞു. 

ഓരോ ഇന്ത്യക്കാരന്റേയും പേരില്‍ ഇന്ത്യന്‍ സൈന്യത്തിന് അഭിവാദ്യം അര്‍പ്പിക്കുന്നുവെന്നും മോഡി പറഞ്ഞു.