രാജ്യവ്യാപകമായി എസ്ഡിപിഐ കേന്ദ്രങ്ങളില്‍ ഇ ഡി റെയ്ഡ്

രാജ്യവ്യാപകമായി എസ്ഡിപിഐ കേന്ദ്രങ്ങളില്‍ ഇ ഡി റെയ്ഡ്


ന്യൂഡല്‍ഹി : എസ്ഡിപിഐയുമായി ബന്ധപ്പെട്ട് കേരളത്തിലെ സംസ്ഥാന കമ്മിറ്റി ഓഫീസടക്കം രാജ്യത്തെ 12 കേന്ദ്രങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ്. ഡല്‍ഹിയിലെ പാര്‍ട്ടിയുടെ ദേശീയ ആസ്ഥാനത്തും റെയ്ഡ് നടക്കുന്നുണ്ട്. എസ്ഡിപിഐ ദേശീയ അധ്യക്ഷന്‍ എം കെ ഫൈസിയുടെ അറസ്റ്റിന് പിന്നാലെയാണ് പരിശോധന. 

തിരുവനന്തപുരം പാളയത്തുള്ള സംസ്ഥാന കമ്മിറ്റി ഓഫീസിലും മലപ്പുറത്തെ ഓഫീസിലും പരിശോധന നടക്കുന്നുണ്ട്. ബെംഗളുരു, നന്ദ്യാല്‍, താനെ, ചെന്നൈ, ജാര്‍ഖണ്ഡിലെ പാകുര്‍, കൊല്‍ക്കത്ത, ലഖ്‌നൗ, ജയ്പുര്‍ എന്നിവിടങ്ങളിലും ആന്ധ്രയിലും റെയ്ഡ് നടക്കുന്നുണ്ട്.

പോപ്പുലര്‍ ഫ്രണ്ട് ഓഫ് നിരോധനത്തിന് പിന്നാലെ ഇവരുടെ ഫണ്ടുകള്‍ എസ്ഡിപിഐയിലൂടെ ചെലവഴിക്കാന്‍ ശ്രമമുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ്. ദേശീയ അധ്യക്ഷന്‍ എം കെ ഫൈസിയുടെ അറസ്റ്റിന് പിന്നാലെ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പിഎഫ്‌ഐയും എസ്ഡിപിഐയും ഒന്നാണെന്നാണ് ഇ ഡി വ്യക്തമാക്കിയിരുന്നു. ജിഹാദ് എല്ലാ രൂപത്തിലും നടപ്പാക്കാന്‍ പിഎഫ്‌ഐ ശ്രമിച്ചതിന്റെ ഭാഗമായി ആണ് എസ്ഡിപിഐ രൂപീകരിച്ചതെന്നും അന്വേഷണ ഏജന്‍സി ആരോപിക്കുന്നു.

എസ്ഡിപിഐയുടെ നയരൂപീകരണം, തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം, പ്രവര്‍ത്തന ഫണ്ട് എന്നിവയടക്കം എല്ലാ കാര്യങ്ങളും നിയന്ത്രിക്കുന്നത് പിഎഫ്‌ഐ ആണെന്ന് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ഇഡി വ്യക്തമാക്കുന്നു. എസ്ഡിപിഐയുടെ സാമ്പത്തിക ഇടപാടുകള്‍ നിയന്ത്രിച്ചത് പിഎഫ്‌ഐ ആണ്. ഗള്‍ഫില്‍ നിന്നടക്കം നിയമ വിരുദ്ധമായി പണം എത്തി. രാജ്യത്ത് ആക്രമണവും ഭീകര പ്രവര്‍ത്തനവും നടത്താന്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് പണം സ്വീകരിച്ചു. റമസാന്‍ കളക്ഷന്റെ എന്ന പേരിലും എസ്ഡിപിഐ പണം സ്വരൂപിച്ചു. എം കെ ഫൈസിയുടെ അറിവോടെയാണ് ഇടപാടുകള്‍ നടന്നതെന്നാണ് ഇഡി ആരോപണം.

തെരഞ്ഞെടുപ്പിന് ഗള്‍ഫില്‍ നിന്ന് പണം പിരിക്കാന്‍ എസ്ഡിപിഐക്ക് പിഎഫ്‌ഐ അനുവാദം നല്‍കി. സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുന്നതിനുള്ള മാനദണ്ഡം തീരുമാനിച്ചത് പോപ്പുലര്‍ ഫ്രണ്ടാണ്. 2019 ലോക്‌സഭ തെരഞ്ഞെടുപ്പ് വരെ 3.75 കോടി രൂപ പോപ്പുലര്‍ ഫ്രണ്ട് എസ്ഡിപിഐക്ക് നല്‍കിയതിന് തെളിവുണ്ടെന്നും ഇഡി റിപ്പോര്‍ട്ട് പറയുന്നു. പിഎഫ്‌ഐയുടെ കേരള ആസ്ഥാനമായ കോഴിക്കോട് യൂണിറ്റി സെന്ററില്‍ നിന്ന് കണ്ടെത്തിയ ചില രേഖകളാണ് ഇതിന് തെളിവായി ചൂണ്ടിക്കാട്ടുന്നത്.

ബാങ്കിലൂടെ അല്ലാതെ നേരിട്ടാണ് പണം നല്‍കിയതെന്നും ഇഡി പറയുന്നു. ഫൈസി നിയമ വിരുദ്ധമായി സാമ്പത്തിക ഇടപാടുകള്‍ നടത്തിയെന്നും കള്ളപ്പണം വെളുപ്പിക്കലില്‍ പങ്കുണ്ടെന്നും ഇഡി ആരോപിക്കുന്നു. പിഎഫ്‌ഐയുമായി ബന്ധപ്പെട്ട കേസില്‍ ഇതുവരെ 61.72 കോടിയുടെ സ്വത്ത് കണ്ടെത്തിയെന്ന് ഇഡി അറിയിച്ചു. രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തി ഇന്ത്യയില്‍ ഇസ്മാമിക ഭരണം നടപ്പാക്കാന്‍ ശ്രമിച്ചുവെന്ന് കാട്ടിയാണ് നേരത്തെ കേന്ദ്രം പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചത്. എന്നാല്‍ ഇഡി ആരോപണം വഫഖ് ബില്ലിനെതിരെ പാര്‍ട്ടി നടത്തുന്ന പ്രതിഷേധങ്ങളുടെ പകപ്പോക്കലാണെന്ന് എസ്ഡിപിഐ നേതൃത്വം പ്രതികരിച്ചു.