ന്യൂഡല്‍ഹി: അനില്‍ അംബാനിയുടെ ഡല്‍ഹിയിലെയും മുംബൈയിലെയും സ്ഥാപനങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) റെയ്ഡ്. യെസ് ബാങ്കിലെ വായ്പാതട്ടിപ്പുമായി ബന്ധപ്പെട്ട കേസിലാണ് ഇഡി നടപടി. 35 ഇടങ്ങളിലായാണ് പരിശോധനകള്‍ നടക്കുന്നത്.
2017 -19 കാലത്ത് യെസ് ബാങ്കില്‍ 3,000 കോടി രൂപയുടെ വായ്പ തട്ടിപ്പ് നടന്നതുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. കേസുമായി ബന്ധപ്പെട്ട് അനില്‍ അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പുമായി ബന്ധപ്പെട്ട 50 സ്ഥാപനങ്ങളിലും ഇഡി പരിശോധന നടത്തി. 25ല്‍ അധികംപേരെ ചോദ്യം ചെയ്തു.
വായ്പ്പാ തട്ടിപ്പില്‍ വലിയതോതിലുള്ള സാമ്പത്തിക ക്രമക്കേട് നടന്നുവെന്ന് ആരോപിച്ച് സിബിഐ രണ്ടു കേസുകള്‍ റജിസ്റ്റര്‍ ചെയ്തിരുന്നു. ബാങ്കുകളെയും ഓഹരിയുടമകളെയും നിക്ഷേപകരെയും മറ്റു പൊതുസ്ഥാപനങ്ങളെയും കബളിപ്പിച്ച് ജനങ്ങളുടെ പണം തട്ടിയെടുക്കാന്‍ കൃത്യമായ ആസൂത്രണത്തോടെ പദ്ധതി നടപ്പാക്കിയെന്നാണ് ഇഡിയുടെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്.
യെസ് ബാങ്ക് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നപ്പോള്‍ വായ്പ തിരിച്ചടക്കാത്തതിനാല്‍ അനില്‍ അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പിന്റെ മുംബൈയിലെ ആസ്ഥാന മന്ദിരം ഉള്‍പ്പെടെയുള്ള ഓഫിസുകള്‍ യെസ് ബാങ്ക് പിടിച്ചെടുത്തിരുന്നു.
3,000 കോടി രൂപയുടെ ബാങ്ക് വായ്പാതട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ അനില്‍ അംബാനിയുടെ ഡല്‍ഹിയിലെയും മുംബൈയിലെയും സ്ഥാപനങ്ങളില്‍ ഇഡി റെയ്ഡ്
