പാസ്‌പോര്‍ട്ട് നിയമങ്ങളിലെ മാറ്റം; അപേക്ഷകര്‍ കരുതേണ്ട രേഖകള്‍ ഏതെല്ലാമെന്നറിയാം

പാസ്‌പോര്‍ട്ട് നിയമങ്ങളിലെ മാറ്റം; അപേക്ഷകര്‍ കരുതേണ്ട രേഖകള്‍ ഏതെല്ലാമെന്നറിയാം


ന്യൂഡല്‍ഹി : ഇന്ത്യയിലെ പാസ്‌പോര്‍ട്ട് നിയമങ്ങളില്‍ വിദേശകാര്യ മന്ത്രാലയം വരുത്തിയ പുതിയ വ്യവസ്ഥകള്‍ പ്രാബല്യത്തില്‍ വന്നിരിക്കുകയാണ്.
പുതിയ ഭേദഗതിയനുസരിച്ച് 2023 ഒക്ടോബര്‍ ഒന്നിനോ അതിനുശേഷമോ ജനിച്ച പാസ്‌പോര്‍ട്ട് അപേക്ഷകര്‍ക്ക് ഔദ്യോഗിക കേന്ദ്രങ്ങള്‍ നല്‍കുന്ന ജനനസര്‍ട്ടിഫിക്കറ്റുകള്‍ മാത്രമേ ജനനത്തീയതി തെളിയിക്കുന്ന രേഖയായി പരിഗണിക്കൂ. 2023 ഒക്ടോബര്‍ ഒന്നിന് മുമ്പ് ജനിച്ച വ്യക്തികള്‍ക്ക് ജനനത്തീയതിയുടെ തെളിവായി ഇനിപ്പറയുന്ന രേഖകള്‍ സ്വീകരിക്കും.

ജനന സര്‍ട്ടിഫിക്കറ്റ്: ജനന മരണ രജിസ്ട്രാര്‍ അല്ലെങ്കില്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ നല്‍കുന്നത്.
വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍: അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നുള്ള ട്രാന്‍സ്ഫര്‍, സ്‌കൂള്‍, മെട്രിക്കുലേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍.

പാന്‍ കാര്‍ഡ്: ആദായനികുതി വകുപ്പ് നല്‍കുന്നത്.

സര്‍ക്കാര്‍ രേഖകള്‍: ബന്ധപ്പെട്ട വകുപ്പ് സാക്ഷ്യപ്പെടുത്തിയ സര്‍വിസ് രേഖകളില്‍ നിന്നോ സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ ഓര്‍ഡറുകളില്‍ നിന്നോ ഉള്ള രേഖകള്‍.

െ്രെഡവിങ് ലൈസന്‍സ്: അതത് സംസ്ഥാന സര്‍ക്കാരിന്റെ ഗതാഗത വകുപ്പ് നല്‍കുന്നത്.

തിരഞ്ഞെടുപ്പ് ഫോട്ടോ കാര്‍ഡ്: ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്ന ഐ.ഡി കാര്‍ഡ്.

ലൈഫ് ഇന്‍ഷുറന്‍സ് പോളിസി: ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ അല്ലെങ്കില്‍ മറ്റ് പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികള്‍ നല്‍കുന്ന പോളിസി ബോണ്ടുകള്‍.

 കഴിഞ്ഞമാസം 28 മുതലാണ് പുതിയ മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വന്നത്. 1967 ലെ പാസ്‌പോര്‍ട്ട് നിയമത്തിലെ സെക്ഷന്‍ 24 ലെ വ്യവസ്ഥകള്‍ പ്രകാരമാണ് ചട്ടങ്ങള്‍ ഭേദഗതി ചെയ്തത്.

ജനന സര്‍ട്ടിഫിക്കറ്റ് സംബന്ധിച്ചത് കൂടാതെ മൂന്നുപ്രധാന മാറ്റങ്ങളാണ് ഉണ്ടായിരിക്കുന്നത്. അവ ഇങ്ങനെയാണ്.

താമസ വിവരങ്ങള്‍: അപേക്ഷകന്റെ സ്വകാര്യത സംരക്ഷിക്കാനായി പാസ്‌പോര്‍ട്ടിന്റെ അവസാന പേജില്‍ അവരുടെ താമസ വിലാസം അച്ചടിക്കില്ല. ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ ബാര്‍കോഡ് സ്‌കാന്‍ ചെയ്ത് അപേക്ഷകരുടെ താമസവിവരങ്ങള്‍ പരിശോധിക്കുകയാണ് വേണ്ടത്.

കളര്‍ കോഡിങ്: വിവിധ വ്യക്തികള്‍ക്കായി സര്‍ക്കാര്‍ പുതിയ കളര്‍ കോഡ് ചെയ്ത പാസ്‌പോര്‍ട്ടും പുറത്തിറക്കി. പുതിയ പാസ്‌പോര്‍ട്ട് നിയമങ്ങള്‍ പ്രകാരം നയതന്ത്ര പാസ്‌പോര്‍ട്ട് ഉടമകള്‍ക്ക് ചുവപ്പ് പാസ്‌പോര്‍ട്ടും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് വെള്ളയും മറ്റുള്ളവര്‍ക്ക് നീല പാസ്‌പോര്‍ട്ടും ലഭിക്കും.

മാതാപിതാക്കളുടെ പേരുകള്‍: മാതാപിതാക്കളുടെ പേര് അവസാന പേജില്‍ അച്ചടിക്കരുതെന്നാണ് പുതിയ നിയമത്തില്‍ പറയുന്നത്. സിംഗിള്‍ മാതാപിതാക്കളുടെയോ വേര്‍പിരിഞ്ഞ കുടുംബങ്ങളുടെയോ കുട്ടികള്‍ക്ക് പ്രയോജനപ്പെടുന്നതിനായാണ് ഈ നിയമം നടപ്പാക്കിയത്.