ഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം 2025 സാമ്പത്തിക വര്‍ഷത്തിലും 7 ശതമാനം

ഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം 2025 സാമ്പത്തിക വര്‍ഷത്തിലും 7 ശതമാനം


ന്യൂഡല്‍ഹി: ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ടിന്റെ (ഐഎംഎഫ്) 2024 ഒക്ടോബര്‍ വേള്‍ഡ് ഇക്കണോമിക് ഔട്ട്‌ലുക്കില്‍ 2024ലേയും 2025ലേയും ആഗോള വളര്‍ച്ചാ പ്രവചനം 3.2 ശതമാനവും ഇന്ത്യയുടെ വളര്‍ച്ചാ പ്രവചനങ്ങള്‍ 25ല്‍ 7 ശതമാനവും 26ല്‍  ് 6.5 ശതമാനവും മാറ്റമില്ലാതെ നിലനിര്‍ത്തി.

ഏറ്റവും പുതിയ ഐഎംഎഫ് പ്രവചനങ്ങള്‍ 2024 ജൂലൈയിലെ വേള്‍ഡ് ഇക്കണോമിക് ഔട്ട്ലുക്കിലെ പ്രവചനങ്ങള്‍ക്ക് സമാനമാണ്. 

ഏറ്റവും പുതിയ പ്രവചനമനുസരിച്ച് ലോകത്തിലെ ഏറ്റവും വലിയ സമ്പദ്വ്യവസ്ഥ 2024-ല്‍ 2.8 ശതമാനവും 2025-ല്‍ 2.2 ശതമാനവുമാണ് വളര്‍ച്ച കൈവരിക്കാനൊരുങ്ങുന്നത്. അതേസമയം, ചൈനയുടെ സമ്പദ്വ്യവസ്ഥ 2024ല്‍ 4.8 ശതമാനവും 2025ല്‍ 4.5 ശതമാനവും വളര്‍ച്ച കൈവരിക്കുമെന്ന് ഐഎംഎഫ് പ്രതീക്ഷിക്കുന്നു.

വളര്‍ന്നുവരുന്ന വിപണികളിലും വികസ്വര സമ്പദ്വ്യവസ്ഥകളിലും ചരക്കുകളുടെ ഉത്പാദനത്തിലും ഷിപ്പിംഗിലുമുള്ള തടസ്സങ്ങള്‍, സംഘര്‍ഷങ്ങള്‍ ആഭ്യന്തര അശാന്തി, തീവ്രമായ കാലാവസ്ഥാ മാറ്റങ്ങള്‍ എന്നിവ മിഡില്‍ ഈസ്റ്റിനും മധ്യേഷ്യയ്ക്കും വേണ്ടിയുള്ള വീക്ഷണങ്ങളെ താഴോട്ടുള്ള പുനരവലോകനങ്ങളിലേക്ക് നയിച്ചു. ആഗോള വളര്‍ച്ച സുസ്ഥിരമായി തുടരുമെന്ന് പ്രതീക്ഷിക്കുന്നതായി ഐ എം എഫ് പറഞ്ഞു.

ഇന്ത്യയില്‍ ജി ഡി പി വളര്‍ച്ച 2023-ല്‍ 8.2 ശതമാനത്തില്‍ നിന്ന് 2024-ല്‍ 7 ശതമാനമായും 2025-ല്‍ 6.5 ശതമാനമായും മാറും. 

ശക്തമായ ആഭ്യന്തര ഡിമാന്‍ഡിന്റെ പശ്ചാത്തലത്തില്‍ 2025 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ 7.2 ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പ്രതീക്ഷിക്കുന്നു. ജൂണ്‍ മാസത്തില്‍ ലോകബാങ്ക് നടപ്പ് സാമ്പത്തിക വര്‍ഷത്തേക്കുള്ള രാജ്യത്തിന്റെ വളര്‍ച്ചാ പ്രവചനം 20 ബേസിസ് പോയിന്റ് ഉയര്‍ത്തി 6.6 ശതമാനമാക്കി ശക്തമായ വളര്‍ച്ച ചൂണ്ടിക്കാട്ടി.

സമീപ ഭാവിയില്‍ ഇന്ത്യന്‍ സാമ്പത്തിക വളര്‍ച്ചയുടെ അപകടസാധ്യതകള്‍ ആഗോള പണപ്പെരുപ്പവും വര്‍ധിച്ചുവരുന്ന എണ്ണവിലയും ചൈനയുടെ ഏറ്റവും പുതിയ ഉത്തേജക പാക്കേജുമായിരിക്കും. 

മിഡില്‍ ഈസ്റ്റില്‍ ഉള്‍പ്പെടെ പ്രാദേശിക സംഘര്‍ഷങ്ങള്‍ വര്‍ധിക്കുന്നത് ചരക്ക് വിപണികള്‍ക്ക് ഗുരുതരമായ അപകടസാധ്യതകള്‍ സൃഷ്ടിക്കും.