ഇറാന്‍ പ്രസിഡന്റ് പെസെഷ്‌കിയനുമായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി കൂടിക്കാഴ്ച നടത്തി

ഇറാന്‍ പ്രസിഡന്റ് പെസെഷ്‌കിയനുമായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി കൂടിക്കാഴ്ച നടത്തി


കസാന്‍: ബ്രിക്‌സ് ഉച്ചകോടിക്കിടെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയനും കൂടിക്കാഴ്ച നടത്തി. പശ്ചിമേഷ്യയില്‍ സമാധാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഇരു നേതാക്കളും കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തു. ആദ്യമായാണ് ഇരുവരും കൂടിക്കാഴ്ച നടത്തുന്നത്. 

ഇറാനും ഇസ്രായേലും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തിലായിരുന്നു കൂടിക്കാഴ്ച. 

എല്ലാ കക്ഷികളുമായും ഇന്ത്യയ്ക്ക് നല്ല ബന്ധം നിലനില്‍ക്കുന്നതിനാല്‍ സംഘര്‍ഷം ലഘൂകരിക്കുന്നതില്‍ ഇന്ത്യക്ക് പങ്ക് വഹിക്കാനാകുമെന്ന് പ്രസിഡന്റ് പെസെഷ്‌കിയന്‍ എടുത്തുപറഞ്ഞു.

ചബഹാര്‍ തുറമുഖം, ഇന്റര്‍നാഷണല്‍ നോര്‍ത്ത്- സൗത്ത് ട്രാന്‍സ്പോര്‍ട്ട് കോറിഡോര്‍ (ഐ എന്‍ എസ് ടി സി) തുടങ്ങിയ സുപ്രധാന മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുന്നതില്‍ ഇരു നേതാക്കളും ശ്രദ്ധ കേന്ദ്രീകരിച്ചു. ഉഭയകക്ഷി ബന്ധങ്ങള്‍ അവലോകനം ചെയ്തതായും ബന്ധം കൂടുതല്‍ ശക്തമാക്കുന്നതിനുള്ള വഴികള്‍ ആരായാനും കൂടിക്കാഴ്ച ഉപയോഗപ്പെടുത്തി.