മദ്രസകളുടെ കാര്യത്തില്‍ മാത്രം ആശങ്കയെന്തിന്; കുട്ടികളെ സന്യാസി മഠങ്ങളില്‍ അയക്കുന്നതില്‍ നിര്‍ദ്ദേശമെന്തെന്നും സുപ്രിം കോടതി

മദ്രസകളുടെ കാര്യത്തില്‍ മാത്രം ആശങ്കയെന്തിന്;  കുട്ടികളെ സന്യാസി മഠങ്ങളില്‍ അയക്കുന്നതില്‍ നിര്‍ദ്ദേശമെന്തെന്നും സുപ്രിം കോടതി


ന്യൂഡല്‍ഹി: മദ്രസകള്‍ക്കെതിരായ ബാലാവകാശ കമ്മീഷന്‍ ഉത്തരവിനെതിരെ സുപ്രിം കോടതി. 'ജീവിക്കുക, ജീവിക്കാന്‍ അനുവദിക്കുക' എന്നതാണ് മതേതരത്വമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് വ്യക്തമാക്കി. കുട്ടികള്‍ക്ക് മതപഠനം പാടില്ലെന്നാണോ നിലപാടെന്ന് ബാലാവകാശ കമ്മീഷനോട് ചോദിച്ച കോടതി മദ്രസകളുടെ കാര്യത്തില്‍ മാത്രം എന്തിന് ആശങ്കയെന്നും മറ്റ് മതവിഭാഗങ്ങള്‍ക്ക് വിലക്ക് ബാധകമാണോ എന്നും ആരാഞ്ഞു. കുട്ടികളെ സന്യാസി മഠങ്ങളിലേയ്ക്ക് അയക്കുന്നതില്‍ നിര്‍ദേശങ്ങളുണ്ടോയെന്നും കോടതി ചോദിച്ചു.

മദ്രസ മാറാന്‍ വിദ്യാര്‍ഥികളെ നിര്‍ബന്ധിക്കാനാവില്ലെന്ന് യു പി സര്‍ക്കാരിനോട് സുപ്രിം കോടതി പറഞ്ഞു. ഉത്തര്‍പ്രദേശ് മദ്രസ വിദ്യാഭ്യാസ നിയമം റദ്ദാക്കിയ വിധിക്കെതിരെയുള്ള ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. മതപഠനം ഭരണഘടന വിലക്കുന്നില്ലെന്ന് വ്യക്തമാക്കിയ സുപ്രിം കോടതി അലഹബാദ് ഹൈക്കോടതി വിധിക്കെതിരായ ഹര്‍ജികള്‍ വിധി പറയാന്‍ മാറ്റി.

മദ്രസകള്‍ക്കെതിരായ ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശവും കമ്മീഷന്റെ കത്തിന്റെ അടിസ്ഥാനത്തിലുള്ള തുടര്‍ നടപടികളും സുപ്രിം കോടതി സ്റ്റേ ചെയ്തിരുന്നു. വിഷയത്തില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കോടതി നോട്ടീസ് അയക്കുകയും ചെയ്തിരുന്നു. യു പി സര്‍ക്കാരിന്റെ നടപടി ചോദ്യം ചെയ്ത് ജംഇയ്യത്തല്‍ ഉലമ ഹിന്ദാണ് സുപ്രിം കോടതിയെ സമീപിച്ചത്.

രാജ്യത്തെ മദ്രസ ബോര്‍ഡുകള്‍ നിര്‍ത്തലാക്കണമെന്നും വിദ്യാഭ്യാസ അവകാശ നിയമം ലംഘിക്കുന്ന മദ്രസകള്‍ അടച്ചു പൂട്ടണമെന്നുമായിരുന്നു ദേശീയ ബാലാവകാശ കമ്മീഷന്റെ ശിപാര്‍ശ. മദ്രസകളില്‍ ഭരണഘടന ലംഘനം നടക്കുന്നു എന്ന് ചൂണ്ടിക്കാട്ടുന്ന റിപ്പോര്‍ട്ട് കമ്മീഷന്‍ സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് അയച്ചിരുന്നു.

മദ്രസകള്‍ക്ക് സഹായം നല്‍കുന്നില്ലെന്ന കേരളത്തിന്റെ വാദം ബാലാവകാശ കമ്മീഷന്‍ തള്ളുകയും ചെയ്തിരുന്നു. നേരിട്ടല്ലാതെ ധനസഹായം സര്‍ക്കാര്‍ നല്‍കുന്നുണ്ടെന്നായിരുന്നു കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ പ്രിയങ്ക് കനുംഗോയുടെ ആരോപണം. ബാലാവകാശ കമ്മീഷന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ മദ്രസകളിലെ വിദ്യാഭ്യാസത്തിനെതിരെ വലിയ വിമര്‍ശനമാണ് ഉന്നയിച്ചിരുന്നത്.

ഇസ്ലാമിക ആധിപത്യമാണ് മദ്രസകളില്‍ പഠിപ്പിക്കുന്നതെന്ന് 71 പേജുകളുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. മദ്രസ വിദ്യാഭ്യാസം മതേതര മൂല്യങ്ങള്‍ക്ക് എതിരാണ്. ബീഹാറിലെ മദ്രസകളില്‍ പഠിപ്പിക്കുന്നത് പാകിസ്ഥാനിലെ പുസ്തകങ്ങളാണെന്ന ഗുരുതരമായ ആരോപണവും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. മദ്രസകളിലെ പുസ്തകങ്ങളില്‍ അംഗീകരിക്കാന്‍ കഴിയാത്ത ഉള്ളടക്കം ഉണ്ടെന്നും പരിശീലനം കിട്ടാത്ത അധ്യാപകരാണ് മദ്രസകളിലുള്ളതെന്നും കമ്മീഷന്റെ റിപ്പോര്‍ട്ടിലുണ്ട്.