ഇറാനെ ആക്രമിക്കാനുള്ള ഇസ്രായേല്‍ പദ്ധതി 'ചോര്‍ന്നു'

ഇറാനെ ആക്രമിക്കാനുള്ള ഇസ്രായേല്‍ പദ്ധതി 'ചോര്‍ന്നു'


ടെല്‍അവീവ്: 'ചോര്‍ന്ന' യു എസ് രഹസ്യാന്വേഷണ രേഖകള്‍ വിശ്വസിക്കാമെങ്കില്‍ ടെഹ്റാനിലെ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമാക്കിയുള്ള വ്യോമ- വിക്ഷേപണ മിസൈലുകള്‍ ഉപയോഗിച്ച് വരും ദിവസങ്ങളില്‍ ഇസ്രായേല്‍ ഇറാനെ ആക്രമിക്കും.

സെപ്റ്റംബര്‍ 27ന് ലെബനനില്‍ ഹിസ്ബുള്ള നേതാവ് ഹസന്‍ നസ്റല്ലയെ ഇസ്രായേല്‍ രഹസ്യാന്വേഷണ നേതൃത്വത്തിലുള്ള ഓപ്പറേഷനില്‍ കൊലപ്പെടുത്തിയതിനെ തുടര്‍ന്ന് ഒക്ടോബര്‍ ഒന്നിന് ജൂതരാഷ്ട്രത്തിന് നേരെ ടെഹ്റാന്‍ ബാലിസ്റ്റിക് മിസൈലുകള്‍ പ്രയോഗിച്ചതിന് ശേഷം ഇറാനോട് പ്രതികരിക്കാന്‍ ഇസ്രായേല്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. 

ടെലിഗ്രാമില്‍ പങ്കിട്ടതായി പറയപ്പെടുന്ന ചോര്‍ന്ന രേഖകള്‍ ഒക്ടോബര്‍ 15-16 തിയ്യതികളിലുള്ളവയാണ്. അവയില്‍ ഇസ്രായേലിന്റെ സൈനിക പദ്ധതികളെക്കുറിച്ചുള്ള യു എസ് നാഷണല്‍ ജിയോസ്പേഷ്യല്‍- ഇന്റലിജന്‍സ് ഏജന്‍സിയുടെ വിലയിരുത്തല്‍ അടങ്ങിയിരിക്കുന്നതായി പറയപ്പെടുന്നു. ഇസ്രായേലി തയ്യാറെടുപ്പുകളുടെ കൃത്യമായ വിശദാംശങ്ങള്‍ രണ്ട് രേഖകളും സാറ്റലൈറ്റ് ചിത്രങ്ങളും മറ്റ് രഹസ്യാന്വേഷണങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. 

രഹസ്യാന്വേഷണ രേഖകള്‍ ഓണ്‍ലൈനില്‍ ചോര്‍ന്നത് എങ്ങനെയെന്ന് യു എസ് അന്വേഷിക്കുന്നുണ്ട്. ഇത് ഭാഗികമായെങ്കിലും യഥാര്‍ഥമാണെന്നതിന്റെ തെളിവാണത്.

ഇസ്രയേലിന്റെ പദ്ധതികള്‍ തകര്‍ക്കാന്‍ ബോധപൂര്‍വം രേഖകള്‍ ചോര്‍ത്തിയതാണെന്ന ഊഹാപോഹവുമുണ്ട്.

രേഖകള്‍ ചോര്‍ന്നതിനെ കുറിച്ച് പ്രസിഡന്റ് ജോ ബൈഡന്‍ 'അഗാധമായ ഉത്കണ്ഠ' രേഖപ്പെടുത്തി, വൈറ്റ് ഹൗസ് നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ വക്താവ് ജോണ്‍ കിര്‍ബി പറഞ്ഞത് അവ ഹാക്ക് ചെയ്തതാണോ ചോര്‍ന്നതാണോ എന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നാണ്. 

രേഖകളുടെ ചോര്‍ച്ച സത്യമാണെങ്കില്‍ വാഷിംഗ്ടണ്‍ ശത്രുക്കളെപ്പോലെ തന്നെ സഖ്യകക്ഷികളിലും ചാരപ്പണി ചെയ്യുന്നതെങ്ങനെയെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. ഇക്കാര്യം യു എസിന് നാണക്കേടാണ്.

ഒരു കൂട്ടം കോഡ് പദങ്ങളും എഫ്ജിഐ, ടികെ തുടങ്ങിയ ചുരുക്കെഴുത്തുകളും ഉള്ളതിനാല്‍ രേഖകള്‍ യഥാര്‍ഥമാണെന്നാണ് വിശകലന വിദഗ്ധര്‍ പറയുന്നത്. 

എഫ്ജിഐ എന്നാല്‍ ഫോറിന്‍ ഗവണ്‍മെന്റ് ഇന്റലിജന്‍സ് എന്നും ടി കെ എന്നത് ടാലന്റ് കീഹോളിനെയുമാണ് സൂചിപ്പിക്കുന്നത്.

യു എസ്, യു കെ, കാനഡ, ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ് എന്നീ രാജ്യങ്ങളുടെ രഹസ്യാന്വേഷണ സഖ്യമായ ഫൈവ് ഐസിനെ  ഉദ്ദേശിച്ചുള്ളതായിരിക്കാം ഈ രേഖകള്‍.

ആഗോള വ്യാപാരത്തിന്റെ പ്രത്യാഘാതങ്ങള്‍ ഭയന്ന് ഇറാന്റെ എണ്ണ കേന്ദ്രങ്ങളും ആണവസ്ഥാപനങ്ങളും ആക്രമിക്കുന്നതില്‍ നിന്ന് ഇസ്രായേലിനെ പിന്തിരിപ്പിക്കാന്‍ അമേരിക്ക ശ്രമിക്കുന്നതിനിടയിലാണ് പദ്ധതിയുടെ വിശദാംശങ്ങള്‍ പുറത്തായത്. 

ഇസ്രായേലി വ്യോമസേന ഇറാനില്‍ ദീര്‍ഘദൂര വ്യോമ- ബാലിസ്റ്റിക് മിസൈലുകളോ എബിഎല്‍എമ്മുകളോ ഉപയോഗിക്കുമെന്ന് രേഖകള്‍ സൂചിപ്പിക്കുന്നു.

ഇസ്രായേല്‍ എണ്ണ കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയേക്കുമെന്ന ഭയത്തിന് വിരുദ്ധമായി രേഖകള്‍ സൂചിപ്പിക്കുന്നത് ഇറാന്റെ സൈനിക ലക്ഷ്യങ്ങളില്‍ ആക്രമണം നടത്തിയേക്കാമെന്നാണ്. എന്നാല്‍ ഈ ലക്ഷ്യങ്ങളുടെ പേരുകളോ സാധ്യമായ പ്രവര്‍ത്തനത്തിന്റെ സമയമോ ഇല്ല.

ടെല്‍ അവീവ് ഇറാന്റെ ആണവ ഊര്‍ജ സൗകര്യങ്ങളെ ലക്ഷ്യം വയ്ക്കുന്നില്ലെങ്കില്‍ സാധ്യമായ അടുത്ത ഓപ്ഷന്‍ ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ്‌സ് കോര്‍പ്‌സിന്റെയോ ഐആര്‍ജിസിയുടെയും സൈനിക താവളങ്ങളായിരിക്കാം.

ഇറാഖ്, ലെബനന്‍, യെമന്‍, സിറിയ തുടങ്ങിയ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ഹമാസ്, ഹിസ്ബുള്ള, ഹൂതി വിമതര്‍ എന്നിവരുള്‍പ്പെടെ ഇസ്രായേലിനെ ലക്ഷ്യമിടുന്ന ഇറാന്റെ പ്രോക്‌സികളെ ഐആര്‍ജിസിയും പരിശീലിപ്പിച്ച് സജ്ജീകരിച്ചതായി അറിയപ്പെടുന്നു.

നവംബര്‍ 5ന് യു എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുമ്പ് എപ്പോള്‍ വേണമെങ്കിലും ഇസ്രായേല്‍ ആക്രമണം നടത്തുന്നത് ദോഷകരമായി ബാധിക്കുമെന്ന് വാഷിംഗ്ടണിന് ഭയമുണ്ട്. 

അമേരിക്കയുടെ രേഖകളില്‍ ഇസ്രായേലില്‍ നിന്നുള്ള ആണവ പ്രതിരോധ തയ്യാറെടുപ്പുകളൊന്നും പരാമര്‍ശിക്കുന്നില്ല.