ആന്റണി ബ്ലിങ്കെനും നെതന്യാഹവും കൂടിക്കാഴ്ച നടത്തി

ആന്റണി ബ്ലിങ്കെനും നെതന്യാഹവും കൂടിക്കാഴ്ച നടത്തി


ജറുസലേം: കഴിഞ്ഞയാഴ്ച ഹമാസ് നേതാവിനെ ഇസ്രായേല്‍ കൊലപ്പെടുത്തിയതിന് ശേഷം മിഡില്‍ ഈസ്റ്റില്‍ വെടിനിര്‍ത്തലിനായുള്ള യു എസിന്റെ  ശ്രമത്തിന്റെ ഭാഗമായി സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ചൊവ്വാഴ്ച ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തി. യു എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുമ്പ് പ്രശ്‌നപരിഹാരത്തിനുള്ള ശ്രമമാണിതെന്നാണ് വിലയിരുത്തല്‍. 

ടെല്‍ അവീവിലേക്കും ഹൈഫയിലേക്കും ഹിസ്ബുള്ള റോക്കറ്റുകള്‍ വിക്ഷേപിക്കുകയും ബെയ്‌റൂത്തിന്റെ തെക്കന്‍ പ്രദേശങ്ങളില്‍ ഇസ്രായേല്‍ വ്യോമാക്രമണം നടത്തുമ്പോഴും ബ്ലിങ്കന്‍ ഇസ്രായേല്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചയിലായിരുന്നു. 

ഗാസ യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനുശേഷം ഈ മേഖലയിലേക്കുള്ള തന്റെ 11-ാമത്തെ യാത്രയാണ് ബ്രിങ്കെന്‍ നടത്തിയത്. 

പോരാട്ടം തുടരുമ്പോള്‍ ചര്‍ച്ചകളൊന്നും ഉണ്ടാകില്ലെന്നും ശനിയാഴ്ച നെതന്യാഹുവിന്റെ ഹോളിഡേ ഹോമിന് നേരെയുണ്ടായ ഡ്രോണ്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതായും ഹിസ്ബുള്ള ചൊവ്വാഴ്ച പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 7ന് ഇസ്രായേല്‍ പ്രദേശത്ത് ആക്രമണം ആസൂത്രണം ചെയ്തുകൊണ്ട് യുദ്ധത്തിന് തുടക്കമിട്ടതെന്ന് ഇസ്രായേല്‍ കുറ്റപ്പെടുത്തുന്ന ഹമാസ് നേതാവ് യഹ്യ സിന്‍വാറിന്റെ മരണം സമാധാനത്തിന് പുതിയ അവസരം നല്‍കുമെന്നാണ് വാഷിംഗ്ടണ്‍ പ്രതീക്ഷിക്കുന്നത്. 

എന്നാല്‍ ഹമാസിന്റെയും ഹിസ്ബുള്ളയുടെയും നിരവധി നേതാക്കളെ വധിച്ചതിന് ശേഷവും ഇസ്രായേല്‍ തങ്ങളുടെ സൈനിക നീക്കങ്ങളില്‍ വിട്ടുവീഴ്ച ചെയ്തിട്ടില്ല. 

ഇസ്രായേല്‍ സൈന്യം ഹമാസ് പോരാളികളെ വേട്ടയാടുന്ന എന്‍ക്ലേവിന്റെ വടക്ക് ഭാഗങ്ങളില്‍ നിന്ന് സിവിലിയന്മാരെ വിട്ടുപോകാന്‍ അനുവദിക്കുന്നതിനായി ചൊവ്വാഴ്ച ഗാസയില്‍ യു എന്‍ ഫലസ്തീന്‍ അഭയാര്‍ഥി ഏജന്‍സി യുഎന്‍ആര്‍ഡബ്ല്യുഎ താല്‍ക്കാലിക ഉടമ്പടിക്ക് ആഹ്വാനം ചെയ്തു.

ഇസ്രായേല്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ 20-ലധികം പേര്‍ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഡസന്‍ കണക്കിന് മൃതദേഹങ്ങള്‍ റോഡരികിലും അവശിഷ്ടങ്ങള്‍ക്കടിയിലും കിടക്കുന്നതായി അവര്‍ പറഞ്ഞു.

മരിച്ചവര്‍ക്കായുള്ള ശവപ്പെട്ടികള്‍ ആശുപത്രികളില്‍ തീര്‍ന്നതായി ഗാസ ആരോഗ്യ മന്ത്രാലയം ഡയറക്ടര്‍ മുനീര്‍ അല്‍ ബര്‍ഷ് പറഞ്ഞു.

നെതന്യാഹുവുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ജോര്‍ദാനിലേക്കും ഖത്തറിലേക്കും പോകുന്ന ബ്ലിങ്കെന്റെ യാത്ര ഒരാഴ്ച നീണ്ടുനില്‍ക്കും. യുദ്ധാനന്തരം ഗാസ പുനര്‍നിര്‍മ്മിക്കുന്നതിനും ഭരിക്കുന്നതിനുമുള്ള പദ്ധതികള്‍ അദ്ദേഹം പര്യവേക്ഷണം ചെയ്യുകയാണെന്ന് യു എസ് ഉദ്യോഗസ്ഥര്‍ പറയുന്നു. 

പാലസ്തീനികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഒരു വര്‍ഷമായി അതിര്‍ത്തിയില്‍ വെടിയുതിര്‍ക്കുന്ന ഹിസ്ബുള്ളയ്ക്കെതിരെ ഇസ്രായേല്‍ ഗ്രൗണ്ട് കാമ്പെയ്ന്‍ ആരംഭിക്കുകയും വ്യോമാക്രമണം ശക്തമാക്കുകയും ചെയ്തതോടെ സംഘര്‍ഷം ഒരു മാസമായി ലെബനനിലേക്കും വ്യാപിച്ചു. ഇസ്രായേലിന്റെ ആക്രമണം 1.2 ദശലക്ഷം ലെബനീസ് പൗരന്മാരെയാണ് അവരുടെ വീടുകളില്‍ നിന്ന് പുറത്താക്കിയത്.

ലെബനനിലെ പ്രധാന മെഡിക്കല്‍ സ്ഥാപനമായ റാഫിക് ഹരിരി ആശുപത്രിക്ക് സമീപമുള്ള പ്രദേശം ഇസ്രായേല്‍ ആക്രമിച്ചു. 13 പേര്‍ കൊല്ലപ്പെട്ടതായി ലെബനീസ് അധികൃതര്‍ അറിയിച്ചു.

2023 ഒക്ടോബര്‍ 7ന് ഇസ്രായേലില്‍ നിന്നും ഹമാസ് പിടികൂടി ഗാസയില്‍ ബന്ദികളാക്കിയവരെ യുദ്ധം അവസാനിപ്പിക്കുമെന്ന ഇസ്രായേല്‍ പ്രഖ്യാപനമില്ലാതെ മോചിപ്പിക്കില്ലെന്നാണ് ഹമാസ് നിലപാട്. എന്നാല്‍ ഇസ്രയേലിന്റെ ബോംബാക്രമണത്തില്‍ ഭൂരിഭാഗവും തകര്‍ന്ന എന്‍ക്ലേവില്‍ ഹമാസിനെ പൂര്‍ണ്ണമായും നശിപ്പിക്കുന്നതുവരെ പോരാട്ടം നിര്‍ത്തില്ലെന്നാണ് ഇസ്രായേലിന്റെ പക്ഷം. ഗാസയില്‍ തങ്ങളുടെ ലക്ഷ്യങ്ങള്‍ നേടിയെന്ന് ഉറപ്പിക്കാന്‍ നെതന്യാഹുവിന്റെ തീവ്ര വലതുപക്ഷ ഗവണ്‍മെന്റിന് എളുപ്പമാക്കി് കഴിഞ്ഞയാഴ്ച ഇസ്രായേല്‍ സിന്‍വാറിനെ കൊലപ്പെടുത്തിയത് ഒരു വഴിത്തിരിവ് നല്‍കുമെന്ന് വാഷിംഗ്ടണും മറ്റ് സഖ്യകക്ഷികളും പ്രതീക്ഷിക്കുന്നു.

വൈസ് പ്രസിഡന്റ് കമലാ ഹാരിസും മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തമ്മില്‍ നവംബര്‍ 5ന് നടക്കുന്ന തെരഞ്ഞെടുപ്പിനെത്തുടര്‍ന്ന് പുതിയ യു എസ് ഭരണകൂടം അധികാരമേല്‍ക്കുന്നതിന് മുമ്പ് ശക്തമായ നിലയിലാകാന്‍ സമ്മര്‍ദ്ദം ചെലുത്തുകയാണെന്ന് നയതന്ത്രജ്ഞരും മറ്റ് സ്രോതസ്സുകളും പറയുന്നു.