ഭാര്യ സ്ത്രീയല്ല; ലിംഗ പരിശോധന വേണമെന്ന് യുവാവ് കോടതിയില്‍

ഭാര്യ സ്ത്രീയല്ല; ലിംഗ പരിശോധന വേണമെന്ന് യുവാവ് കോടതിയില്‍


ന്യൂഡല്‍ഹി: ഭാര്യ സ്ത്രീയല്ലെന്നും ലിംഗ പരിശോധന നടത്തണമെന്നും ആവശ്യപ്പെട്ട് ഭര്‍ത്താവ് ഹൈക്കോടതിയില്‍. വിവാഹത്തിന് മുമ്പ് ഭാര്യ 'സ്ത്രീ' അല്ലെന്നത് മറച്ചുവച്ചതായും പരാതിയില്‍ പറയുന്നു. 

ട്രാന്‍സ്‌ജെന്‍ഡറാണെന്ന കാര്യം മറച്ചുവച്ചത് തനിക്ക് മാനസിക ആഘാതമുണ്ടാക്കിയതായും യുവാവ് വ്യക്തമാക്കി. ലിംഗഭേദം ഒരു വ്യക്തിയുടെ സ്വകാര്യതയാണെന്നത് അംഗീകരിക്കുന്നുവെന്നും എന്നാല്‍ വിവാഹത്തില്‍ ഇരു കക്ഷികള്‍ ഒരേപോലെ ബന്ധപ്പെട്ടിരിക്കുന്നുവെന്നും ഭര്‍ത്താവിനുവേണ്ടി അഭിഭാഷകനായ അഭിഷേക് കുമാര്‍ ചൗധരി കോടതിയെ ഓര്‍മ്മിപ്പിച്ചു.

ആരോഗ്യകരമായ ദാമ്പത്യ ജീവിതം ഉറപ്പാക്കുന്നതിന് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 പ്രകാരം രണ്ട് വ്യക്തികളുടെയും ജീവിക്കാനുള്ള മൗലികാവകാശങ്ങളെ ബഹുമാനിക്കുന്നതിന്റെ പ്രാധാന്യം ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. ഈ നിയമങ്ങള്‍ പ്രകാരം ഭാര്യ 'സ്ത്രീ' ആയി യോഗ്യത നേടുന്നില്ലെങ്കില്‍ യുവാവ് ഗാര്‍ഹിക പീഡനം, സ്ത്രീധന നിയമങ്ങള്‍ എന്നിവ പ്രകാരം ആരോപണങ്ങള്‍ നേരിടേണ്ടതില്ലെന്ന് അഭിഭാഷകന്‍ വാദിച്ചു. നേരത്തെ ഭാര്യയുടെ ലിംഗ പരിശോധനയ്ക്കായി വിചാരണ കോടതിയെ സമീപിച്ചിരുന്നുവെങ്കിലും ഹര്‍ജി തള്ളിയിരുന്നു. ഇതേ തുടര്‍ന്നാണ് യുവാവ് ഹൈക്കോടതിയെ സമീപിച്ചത്.